പരസ്യമായി കാളക്കുട്ടിയെ അറുത്ത് വിതരണം ചെയ്ത സംഭവം; മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്
കണ്ണൂര്‍: അറവിനായി കന്നുകാലി വില്‍പ്പന നിരോധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സിറ്റിയില്‍ പൊതുസ്ഥലത്ത് കാളക്കുട്ടിയെ അറുത്ത് ഇറച്ചി വിതരണം ചെയ്ത സംഭവത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സസ്പെന്ഷന്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, അഴീക്കോട് മണ്ഡലം പ്രസിഡന്റ് ശറഫുദ്ദീന്‍ കാട്ടാമ്പള്ളി എന്നിവര്‍ക്കെതിരേയാണ് നടപടി. മൂന്നുപേരുടെയും അംഗത്വവും സസ്പെന്‍ഡ് ചെയ്തതായി യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വം അറിയിച്ചു.
പാര്‍ട്ടി അംഗത്വവും സസ്പെന്‍ഡ് ചെയ്തതായി കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന് അറിയിച്ചു. സംഭവത്തില്‍ കണ്ണൂര്‍ ഡി.സി.സി പ്രസിഡന്റിനോട് കെ.പി.സി.സി പ്രസിഡന്റ് വിശദീകരണം തേടിയിരുന്നു. ഡി.സി.സി നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടിയെടുത്തത്. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് വൈകിട്ടാണ് കാളക്കുട്ടിയെ അറുത്ത് പ്രതിഷേധിച്ചത്.
സംഭവത്തില്‍ യുവമോര്‍ച്ചയുടെ പരാതിയില്‍ റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സിറ്റി പൊലിസ് കേസെടുത്തിരുന്നു. സംഭവത്തെ ബുദ്ധിശൂന്യവും പ്രാകൃതവുമായ നടപടിയെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത്. ശക്തമായ നടപടി വേണമെന്ന് എ.ഐ.സി.സി, കെ.പി.സി.സിക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. അതിനിടെ, സംഭവത്തില്‍ റിജില്‍ മാക്കുറ്റിക്കെതിരായ നടപടിക്കെതിരേ കോണ്‍ഗ്രസില്‍നിന്നുതന്നെ പ്രതിഷേധം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."