രാഷ്ട്രീയത്തിലേയ്ക്ക് രജനി ഇല്ല
ചെന്നൈ: രാഷ്ട്രീയ പാര്‍ട്ടിയുടെ പേര് നാളെ പ്രഖ്യാപിക്കുമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് പൊടുന്നനെ തീരുമാനം മാറ്റി. തല്‍ക്കാലം രാഷ്ട്രീയത്തിലേക്കില്ലെന്നും വാക്കുപാലിക്കാന്‍ കഴിയാത്തതില്‍ കടുത്ത വേദനയുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി പൊതുജന സമ്പര്‍ക്കം ഒഴിവാക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അതിനാല്‍ എന്നില്‍ വിശ്വാസമര്‍പ്പിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നവര്‍ ദുഃഖിക്കാന്‍ ഇടവരരുതെന്നു പറഞ്ഞ അദ്ദേഹം, നിങ്ങള്‍ ക്ഷമിക്കണമെന്നും അഭ്യര്‍ഥിച്ചിട്ടുണ്ട്.
120 പേര്‍ മാത്രമുള്ള ഷൂട്ടിങ് സൈറ്റില്‍ കൊവിഡ് പടര്‍ന്നതിനാല്‍ അതിന്റെ പ്രശ്‌നം നേരിട്ടുകൊണ്ടിരിക്കുകയാണ്. അത്തരം സാഹചര്യമുള്ളതിനാല്‍ എങ്ങനെയാണ് ലക്ഷക്കണക്കിനു ജനങ്ങള്‍ തടിച്ചുകൂടുന്ന സ്ഥലങ്ങളിലെത്തി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ കഴിയുക. പാര്‍ട്ടി രൂപീകരിക്കാതെ തന്നെ ജനങ്ങളിലേക്ക് എങ്ങനെ ഇറങ്ങിച്ചെല്ലാന്‍ കഴിയുമെന്ന് ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം വര്‍ഷങ്ങളായി തമിഴ്‌നാട്ടിലെ ചൂടേറിയ വിഷയങ്ങളിലൊന്നായിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ ഡി.എം.കെയുടെ കരുണാനിധിയും അണ്ണാ ഡി.എം.കെയുടെ ജയലളിതയും അടക്കിവാണ തമിഴകത്തില്‍ രജനികാന്തിന് എന്തു ചെയ്യാന്‍ കഴിയുമെന്ന ആശങ്കയില്‍ രാഷ്ട്രീയ പ്രവേശനം നീണ്ടുപോകുകയായിരുന്നു. എന്നാല്‍, കരുണാനിധിയും ജയലളിതയും ചെറിയ ഇടവേളകളില്‍ മരിച്ചതിനു പിന്നാലെയാണ് വീണ്ടും സൂപ്പര്‍ സ്റ്റാറിന്റെ രാഷ്ട്രീയപ്രവേശനം സജീവ ചര്‍ച്ചയായത്. അഭ്യൂഹങ്ങള്‍ക്കു വിരാമിട്ട് ഡിസംബര്‍ മൂന്നിന് രജനികാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. ഡിസംബര്‍ 31ന് പാര്‍ട്ടിയുടെ പേര് പ്രഖ്യാപിക്കുമെന്നു അറിയിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."