സഹാരന്‍പൂരില്‍ ദലിതരുടെ ജീവിതം കടുത്ത ദുരിതത്തില്‍
ലഖ്നൗ: ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ ജാതി സംഘര്‍ഷത്തിനു ശേഷം ദലിതരുടെ ജീവിതം കടുത്ത ദുരിതത്തിലെന്ന് റിപ്പോര്‍ട്ട്. ദലിതരും സവര്‍ണരും തമ്മിലുള്ള തര്‍ക്കം ഇരു സമുദായങ്ങളും തമ്മിലുള്ള പരസ്പര വിശ്വാസവും സ്നേഹവും ഇല്ലാതായിരിക്കുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
താക്കൂര്മാരുടെ കൃഷിയിടങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്തിരുന്നവരെ പിരിച്ചുവിട്ടുകൊണ്ടാണ് സവര്‍ണര്‍ ദലിതര്‍ക്കെതിരേ തിരിച്ചടിക്കുന്നത്. ഏതാണ്ട് 20 ദിവസമാണ് സഹാരന്‍പൂരില്‍ സാമുദായിക സംഘര്‍ഷം നിലനിന്നത്. തങ്ങളുടെ കൃഷിയിടങ്ങളിലും വിവിധ സ്ഥാപനങ്ങളിലും ജോലി ചെയ്തിരുന്ന ദലിതര്‍ക്കു പകരം പുതിയ തൊഴിലാളികള്‍ക്കുള്ള അന്വേഷണത്തിലാണ് താക്കൂര്മാരെന്നാണ് വിവരം. ദലിതര്‍ക്കു നേരെ സഹാരന്‍പൂരില്‍ വീണ്ടും ആക്രമണമുണ്ടായേക്കുമെന്ന ഭീതിയും അവര്‍ക്കുണ്ട്.
സംഘര്‍ഷത്തില്‍ 50ലധികം ദലിത് വീടുകളാണ് താക്കൂര്‍മാര്‍ അഗ്നിക്കിരയാക്കിയിരുന്നത്. ഇതിന് തിരിച്ചടിയും ദലിതരില്‍ നിന്നുണ്ടായിരുന്നു. അക്രമം വീണ്ടും കത്തിപ്പടരുമെന്ന സംശയത്തില്‍ ഇപ്പോഴും സഹാരന്‍പൂരില്‍ 600ലധികം പൊലിസുകാരാണ് സുരക്ഷക്കായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
സഹാരന്‍പൂരിലെ ജനസംഖ്യയില്‍ 40 ശതമാനംപേരും ദലിതരാണ്. ഏത് സമയവും അക്രമം വീണ്ടും ഉണ്ടായേക്കുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നുണ്ട്. ദലിതര്‍ക്കുമേല്‍ തങ്ങളുടെ മേധാവിത്തം അടിച്ചേല്‍പ്പിക്കാനുള്ള നീക്കമാണ് സവര്‍ണരായ താക്കൂര്‍മാര്‍ നടത്തുന്നതെന്ന ആരോപണവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."