യുദ്ധം നാശംവിതച്ച യമനില്‍ പട്ടിണിയുടെ നോമ്പുകാലം
സന്‍ആ: ലോകം റമദാന്‍ വ്രതാനുഷ്ഠാനത്തില്‍ മുഴുകിയിരിക്കെ യുദ്ധം നശിപ്പിച്ച യമനില്‍ പട്ടിണിയുടെ നോമ്പുകാലം. ലോകത്തെ പട്ടിണിബാധിത പ്രദേശമായി ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയ യമനില്‍ അത്താഴത്തിനും നോമ്പുതുറയ്ക്കും പോലും ഭക്ഷണം ലഭിക്കുന്നില്ല. 1.7 കോടി പേര്‍ കൊടുംപട്ടിണിയിലാണെന്നാണ് കണക്ക്.
സഊദിയുടെ നേതൃത്വത്തില്‍ രണ്ടു വര്‍ഷമായി യമനില്‍ നടക്കുന്ന ആക്രമണമാണ് യമനികളുടെ ജീവിതം ദുരിതപൂര്‍ണമാക്കിയത്. സന്നദ്ധസംഘടനകളുടെ കണക്കുപ്രകാരം 1.7 കോടി പേര്‍ക്ക് യമനില്‍ മതിയായ ഭക്ഷണം ലഭിക്കുന്നില്ല. ലോകത്ത് ഏറ്റവും വലിയ മാനുഷിക സഹായം വേണ്ട പ്രദേശമാണ് യമനെന്ന് ഐക്യരാഷ്ട്രസഭയും പ്രഖ്യാപിച്ചിരുന്നു.
റമദാനില്‍ സാധാരണയുണ്ടാകുന്ന കച്ചവടമൊന്നും നടക്കുന്നില്ലെന്നും ആളുകള്‍ക്ക് ഭക്ഷ്യസാധങ്ങള്‍ വാങ്ങാന്‍ പണമില്ലെന്നും പടിഞ്ഞാറന്‍ യമനിലെ തീരദേശ നഗരമായ അല്‍ ഹുദൈദയിലെ കടയുടമ യഹ്‌യ ഹുബാര്‍ പറഞ്ഞു. യമനില്‍ 20 ലക്ഷം കുട്ടികള്‍ക്ക് ഗുരുതരമായ പോഷകാഹാരക്കുറവുണ്ട്. ഓരോ 10 മിനുട്ടിലും മരിക്കുന്ന അഞ്ചു കുട്ടികളില്‍ ഒരാള്‍ പോഷകാഹാര കുറവ് മൂലമാണ് മരിക്കുന്നത്. ഈയിടെ കോളറയും പടര്‍ന്നുപിടിച്ചതോടെയാണ് സ്ഥിതി അതീവ ഗുരുതരാവസ്ഥയിലായതെന്ന് യുനിസെഫ് അറിയിച്ചു. 29,000 പേര്‍ക്കാണ് ഇതുവരെ കോളറ സ്ഥിരീകരിച്ചത്.
അവശ്യസാധനങ്ങള്‍ കിട്ടാനില്ലെന്നും വന്‍വിലയാണ് സാധനങ്ങള്‍ക്കെന്നും ജനങ്ങള്‍ക്ക് ഇവ വാങ്ങാന്‍ കഴിയുന്നില്ലെന്നും ഹുദൈദയിലെ താമസക്കാരന്‍ നബീല്‍ ഇബ്‌റാഹിം പറഞ്ഞു. മാസങ്ങളായി രാജ്യത്തെ സ്ഥിതി ഇതാണ്. സഊദി സഖ്യസേനയും ഹൂതികളും തമ്മിലാണ് രാജ്യത്ത് യുദ്ധം നടക്കുന്നത്. യമന്‍ പ്രസിഡന്റിനെ പിന്തുണയ്ക്കുന്ന സഊദി സഖ്യസേന രണ്ടു വര്‍ഷം മുന്‍പാണ് യമനില്‍ ആക്രമണം തുടങ്ങിയത്.
യുദ്ധം തുടങ്ങിയ ശേഷം യമന്‍ അഭിമുഖീകരിക്കുന്ന മൂന്നാമത്തെ റമദാനാണ് ഇത്തവണത്തേത്. ഇത്തവണയാണ് ഭക്ഷണത്തിനും മരുന്നിനും കടുത്തക്ഷാമം അനുഭവപ്പെടുന്നത്. യമനിലെ സഹായത്തിനായി 2.1 ബില്യന്‍ ഡോളറിന്റെ അടിയന്തര സഹായം വേണമെന്നാണ് യു.എന്‍ പറയുന്നത്.
യുദ്ധം അത്രയേറെ രൂക്ഷമല്ലാത്ത ഹുദൈദയില്‍ പോലും കടുത്ത ദാരിദ്ര്യമാണ്. ഇവിടെയുള്ളവര്‍ക്ക് തൊഴിലില്ല. വൈദ്യുതിയും വെള്ളവുമില്ല. കനത്തചൂടുകാലവുമാണെന്ന് യമനിലെ സന്നദ്ധ പ്രവര്‍ത്തകന്‍ സദീഖ് അല്‍ സഈദി പറയുന്നു. അറബ് മേഖലയിലെ ദരിദ്രരാജ്യങ്ങളില്‍ ഒന്നാണ് യമന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."