കുഷ്‌നറിന്റെ റഷ്യന്‍ ബന്ധത്തില്‍ വൈറ്റ്ഹൗസ് പ്രതിരോധത്തില്‍; മരുമകനെ ന്യായീകരിച്ച് ട്രംപ്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജാരദ് കുഷ്‌നര്‍ക്ക് റഷ്യയുമായി രഹസ്യബന്ധമുണ്ടെന്ന എഫ്.ബി.ഐ കണ്ടെത്തലിനെ തുടര്‍ന്ന് വൈറ്റ്ഹൗസ് പ്രതിരോധത്തില്‍. കുഷ്‌നര്‍ക്ക് പിന്തുണയുമായി ട്രംപ് തന്നെ നേരിട്ട് രംഗത്തെത്തി.
കുഷ്‌നര്‍ മഹത്തായ കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നു പറഞ്ഞ ട്രംപ് പുതിയ ആരോപണങ്ങളെ കുറിച്ച് പ്രതികരിച്ചില്ല. അദ്ദേഹത്തിന്റെ കാര്യത്തില്‍ എനിക്ക് പൂര്‍ണമായ വിശ്വാസമുണ്ടെന്നും ട്രംപ് അറിയിച്ചു. 'ന്യൂയോര്‍ക്ക് ടൈംസി'നു നല്‍കിയ പ്രസ്താവനയിലാണ് ട്രംപ് കുഷ്‌നറിനു പ്രശംസ ചൊരിഞ്ഞത്. നേരത്തെ, കുഷ്‌നറിന്റെ റഷ്യന്‍ ബന്ധം എഫ്.ബി.ഐ കണ്ടെത്തിയതായ വാര്‍ത്ത വ്യാജപ്രചാരണമാണെന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു.
അമേരിക്കയിലുള്ള റഷ്യന്‍ അംബാസഡര്‍ സെര്‍ജി കിസ്‌ല്യാകുമായി ജാരദ് കുഷ്‌നര്‍ രഹസ്യബന്ധം സ്ഥാപിച്ചതായാണ് എഫ്.ബി.ഐ കണ്ടെത്തിയത്. കഴിഞ്ഞ വര്‍ഷം ഏപ്രിലിനും നവംബറിനുമിടയില്‍ ഇരുവരും ഫോണ്‍ വഴി പലപ്പോഴും പരസ്പരം ബന്ധപ്പെട്ടിരുന്നതായാണ് കണ്ടെത്തല്‍. 2016 പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധം അന്വേഷിക്കുന്നതിനിടയിലാണ് കുഷ്‌നര്‍-റഷ്യാ ബന്ധം പുറത്തായത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ റഷ്യന്‍ നയതന്ത്ര ഓഫിസുകളില്‍ വച്ച് അന്ന് സാധാരണ അമേരിക്കന്‍ പൗരന്‍ മാത്രമായ കുഷ്‌നറും റഷ്യന്‍ അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തിയതായും ആരോപണമുണ്ട്. മുന്‍ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ളിന്നിന്റെ റഷ്യന്‍ ബന്ധവും എഫ്.ബി.ഐ അന്വേഷിച്ചുവരികയാണ്.
ആരോപണം ജാരദ് കുഷ്‌നറിന്റെ അറ്റോണി ജോമി ഗോര്‍ലിക് തള്ളിക്കളഞ്ഞു. അദ്ദേഹം നിരവധി പേരുമായി ഫോണ്‍ വഴി സംസാരിക്കുന്നതാണെന്നും എന്നാല്‍, റഷ്യന്‍ അംബാസഡറുമായി സംസാരിച്ചത് ഓര്‍ക്കുന്നില്ലെന്നും ജോമി പറഞ്ഞു. വിദേശ പ്രതിനിധികളുമായി പിന്‍വാതില്‍ ബന്ധങ്ങള്‍ സ്ഥാപിക്കുന്നത് സാധാരണമാണെന്നും അതില്‍ അസ്വീകാര്യമായി ഒന്നുമില്ലെന്നും ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജോണ്‍ കെല്ലി പ്രതികരിച്ചു. നിരവധി രാജ്യങ്ങളുമായി തങ്ങള്‍ക്ക് രഹസ്യബന്ധങ്ങളുണ്ടെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മസ്റ്ററും വ്യക്തമാക്കി.
ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഭരണ സഹായിയുമായ ഇവാന്‍ക ട്രംപിന്റെ ഭര്‍ത്താവാണ് ജാരദ് കുഷ്‌നര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."