നമുക്കു പിന്നില്‍ ഫാസിസത്തിന്റെ നിഴലുകള്‍
ഫാസിസത്തിന്റെ കറുത്തനിഴലുകള്‍ ഇന്ത്യയെ ഗ്രസിച്ചു കഴിഞ്ഞു. പരിശുദ്ധ റമദാന്‍ ആരംഭിക്കുന്നതിനു തൊട്ടുതലേന്നാണു മോദിയുടെ മൃഗസ്‌നേഹം കൂലംകുത്തിയൊഴുകിയത്. അറവ് ഒറ്റയടിക്കു നിരോധിക്കുന്നതിന്റെ മുന്നോടിയായി നാട്ടിലെങ്ങുമുള്ള അറവുശാലകളെ സ്തംഭനാവസ്ഥയിലാക്കാന്‍ അറവിനായുള്ള വില്‍പന നിരോധിച്ചു. കാര്‍ഷികാവശ്യത്തിനേ മാടുകളെ വില്‍ക്കാനാവൂ എന്നാണ് ഉത്തരവ്.
മനഃശാസ്ത്രജ്ഞന്മാര്‍ ചില പ്രത്യേകതരം മനോനിലയുള്ള കുറ്റവാളികളെക്കുറിച്ചു പറയാറുണ്ട്. എത്ര വലിയ പാതകം ചെയ്താലും അതു താനാണു ചെയ്തതെന്നു നാട്ടുകാരെ അറിയിക്കാനുള്ള വ്യഗ്രത അവര്‍ക്കുണ്ടാകും. തിരിച്ചറിയാനായി ചില അടയാളങ്ങള്‍ അവര്‍ കൃത്യം നടത്തിയ സ്ഥലത്ത് ഇട്ടുപോകും. അതു നാളെ തങ്ങള്‍ക്കെതിരായ തെളിവാകുമെന്ന് അവര്‍ക്കിയാം. പക്ഷേ, അതിനേക്കാള്‍ അവരെ നയിക്കുന്നത് ഈ കൃത്യം ചെയ്തതു തങ്ങളാണെന്ന് ജനങ്ങളെ അറിയിക്കാനും അതുവഴി വീരപരിവേഷം നേടാനുമുള്ള മനഃസ്ഥിതിയായിരിക്കും.
ഇത്തരം കുറ്റവാളികളുടെ മനഃസ്ഥിതി തന്നെയാണ് മോദി സര്‍ക്കാരിനെ നയിക്കുന്നത്. അറവുനിരോധന ഉത്തരവും ആ ഉത്തരവിറക്കിയ സമയവും വ്യക്തമാക്കുന്നതു ബി.ജെ.പി സര്‍ക്കാര്‍ തങ്ങളുടെ സ്ഥിരം അജന്‍ഡയില്‍നിന്ന് ഒരിഞ്ചുപോലും പിന്നോട്ടു മാറാന്‍ തിരുമാനിച്ചിട്ടില്ലെന്നാണ്. ഏതാണ് ആ അജന്‍ഡയെന്ന് ഇന്ന് ഇന്ത്യയില്‍ ജീവിക്കുന്നവര്‍ക്കെല്ലാമറിയാം. നഗ്നമായ വര്‍ഗീയധ്രൂവീകരണം തന്നെ.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി രണ്ടുവര്‍ഷത്തില്‍ താഴയേ ഉള്ളു. കുറേ വാചകക്കസര്‍ത്തുകളല്ലാതെ മറ്റൊന്നും മോദിയും സംഘവും ചെയ്തിട്ടില്ലെന്നും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതു നാട്ടുകാര്‍ക്കു മുഴുവന്‍ ദോഷമായേ ഭവിച്ചിട്ടുള്ളുവെന്നും രാഷ്ട്രീയഭേദമന്യേ എല്ലാവര്‍ക്കുമറിയാം.
താന്‍ കൈയോടെ പിടിക്കപ്പെടുമെന്നു മോദിക്കു മനസ്സിലായി. തന്റെ ഭരണത്തില്‍ എന്തെങ്കിലും നേട്ടങ്ങളുണ്ടോയെന്നതു ചര്‍ച്ച ചെയ്യപ്പെടരുതെന്നു മോദിക്ക് ആഗ്രഹമുണ്ടാകും. അങ്ങനെയൊന്നില്ലല്ലോ. അപ്പോള്‍ ഇറക്കാവുന്ന ഏക തുറുപ്പുചീട്ട് വര്‍ഗീയധ്രുവീകരണമല്ലാതെ മറ്റെന്താണ്.
ഗോവധത്തിന്റെ പേരില്‍ ഉത്തരേന്ത്യയിലാകമാനമുണ്ടായ വര്‍ഗീയകലാപങ്ങള്‍ യാദൃച്ഛികമല്ല, ആസൂത്രിതമാണെന്നു വ്യക്തമാക്കുന്നതാണ് ഈ നിരോധന ഉത്തരവ്. രാഷ്ട്രീയലക്ഷ്യം മാത്രം വച്ചുകൊണ്ടുള്ള വര്‍ഗീയചേരിതിരിവുകളാണ് ഇന്ത്യ സ്വതന്ത്രമായ ഉടനെ ഭീകരമായ വര്‍ഗീയകലാപങ്ങള്‍ക്ക് ജന്മംകൊടുത്തത്.
അതില്‍നിന്നു പാഠമുള്‍ക്കൊണ്ടാണു നമ്മുടെ ദേശീയ നേതാക്കള്‍ സ്വാതന്ത്ര്യാനന്തരം മതനിരപേക്ഷത, ബഹുസ്വരത തുടങ്ങിയ സങ്കല്‍പങ്ങള്‍ക്കായി നിലകൊണ്ടത്.
എന്നാല്‍, ഇന്ത്യയെ വീണ്ടും വിഭജിക്കാനുള്ള തന്ത്രവും ഉപകരണങ്ങളുമായി സംഘ്പരിവാര്‍ തങ്ങളുടെ തയാറെടുപ്പു തുടങ്ങിയതിന്റെ ആദ്യവെടിയൊച്ചയാണു കശാപ്പുനിരോധനത്തിലൂടെ കണ്ടത്. 1857 ലെ ഒന്നാംസ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ ബ്രിട്ടി ഷുകാര്‍ അനുവര്‍ത്തിച്ചുവന്ന രാഷ്ട്രീയതന്ത്രത്തിന്റെ നേര്‍പകര്‍പ്പാണു മോദിയുടെ കൈവശമുള്ളത്. കൃത്യമായ വര്‍ഗീയവിഭജനത്തിലൂടെ അധികാരം പിടിച്ചെടുക്കുകയും നിലനിര്‍ത്തുകയും ചെയ്യുകയെന്നതായിരുന്നു ബ്രിട്ടീഷ് തന്ത്രം.
ഒരുപക്ഷേ, അവര്‍ ചെയ്തതിനേക്കാള്‍ മനഃസാക്ഷിക്കുത്തില്ലാതെയാണു മോദി അമിത്ഷാ സംഘം ധ്രുവീകരണത്തിന്റെ വിത്തുകള്‍ ഇന്ത്യന്‍മണ്ണില്‍ വാരിവിതറുന്നത്. അതില്‍നിന്നു നേടുന്ന താല്‍ക്കാലികവിജയം അവരെ ഉന്മത്തരാക്കുന്നുണ്ട്. അവ താല്‍ക്കാലികം മാത്രമാണെന്നു വിജയത്തില്‍ മതിമറന്ന് അഹങ്കരിക്കുന്ന എല്ലാ വിവരദോഷികളെയുംപോലെ ഇവരും തിരിച്ചറിയുന്നില്ല. അതു നല്ലതാണ്. എങ്കില്‍മാത്രമേ ജനങ്ങളില്‍നിന്നു മുഖമടച്ചുളള അടികിട്ടുമ്പോള്‍ ഓര്‍മകളുണ്ടാകൂ.
ഇനി വരുന്ന രണ്ടുവര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള വര്‍ഗീയ അജന്‍ഡകളുടെ ബ്രഹ്മാസ്ത്രപ്രയോഗങ്ങള്‍ ധാരാളം കാണേണ്ടി വരും. എന്നാല്‍, മോദിയെയും അമിത്ഷായേയുംപോലുള്ളവരുടെ കത്തിവേഷങ്ങള്‍ ആടിത്തിമിര്‍ക്കുന്നതു കണ്ടു ഭയചകിതരായി മൂലയ്ക്കിരിക്കലല്ല നമ്മുടെ ദൗത്യം. ശക്തമായ മതേതര ബദലിനുവേണ്ടി ശ്രമിക്കുകയും യാഥാര്‍ഥ്യമാക്കുകയും ചെയ്യണം.
രാഷ്ട്രപതിതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഇതര പ്രതിപക്ഷത്തിനു ശക്തനായ സ്ഥാനാര്‍ഥി വേണം. അതിനുള്ള തുരങ്കംവയ്ക്കുന്ന നീക്കം കേരളം ഭരിക്കുന്ന സി.പി.എമ്മിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതു ഖേദകരമാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ സംഘ്പരിവാര്‍ സ്ഥാനാര്‍ഥിയുടെ വിജയസാധ്യത അടിമുടി തകര്‍ക്കുന്നവിധത്തില്‍ മതേതരകക്ഷികള്‍ ഒന്നിച്ചുനില്‍ക്കുമെന്ന് ഉറപ്പുവരുത്തേണ്ട കാലമാണിത്.
സംഘ്പരിവാര്‍ അജന്‍ഡ നടപ്പാക്കുന്നതിനുള്ള ടെസ്റ്റ് ഡോസാണു കശാപ്പു നിരോധനം. ഇതില്‍ വിജയിച്ചാല്‍ അവര്‍ അടുത്ത അജന്‍ഡയുമായി രംഗത്തുവരും. ആ ശ്രമം മുളയിലേ നുള്ളണം. ഒരു തീരുമാനവും ആരുടെ മേലും അടിച്ചേല്‍പ്പിക്കാത്ത രാജ്യമായിരിക്കണം നമ്മുടെ ഇന്ത്യ.
എന്തു കഴിക്കണം, എന്തുടുക്കണം, എന്തു സംസാരിക്കണം, എന്തു വിശ്വസിക്കണമെന്നൊക്കെ അടിച്ചേല്‍പ്പിക്കുന്ന രാജ്യമല്ല നമുക്കുവേണ്ടത്. അതിനാല്‍ യഥാര്‍ഥ ഇന്ത്യയെ എന്തു വിലകൊടുത്തും നിലനിര്‍ത്തേണ്ടതു ചരിത്രദൗത്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."