വിഴിഞ്ഞത്തില്‍ കലങ്ങിമറിഞ്ഞ് കോണ്‍ഗ്രസ്; തലയൂരാന്‍ ഭരണപക്ഷം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറിലെ ക്രമക്കേടുകളെ സംബന്ധിച്ച് സി.എ.ജിയുടെ കണ്ടെത്തല്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോരിന് കളമൊരുക്കി.
സി.എ.ജി കണ്ടെത്തലില്‍ വിശദമായ ചര്‍ച്ച വേണമെന്ന ആവശ്യവുമായി വി.ഡി സതീശന്‍ എം.എല്‍.എ കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന് കത്ത് നല്‍കിയതോടെ ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മുന്‍ തുറമുഖ മന്ത്രി കെ. ബാബുവിനെയും ലക്ഷ്യമിട്ടുള്ള നീക്കമാണ് ഒരു വിഭാഗം നടത്തുന്നത്. അതേസമയം, അടുത്ത മന്ത്രിസഭായോഗത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് വിഷയത്തില്‍ നിന്ന് തലയൂരാനുള്ള ശ്രമത്തിലാണ് ഭരണപക്ഷം.
അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതുസംബന്ധിച്ച് പാര്‍ട്ടിയില്‍ രണ്ട് അഭിപ്രായങ്ങള്‍ ഉണ്ടെന്നും ഇതേക്കുറിച്ച് സമഗ്ര ചര്‍ച്ച വേണമെന്നുമാണ് കെ.പി.സി.സി ഉപാധ്യക്ഷന്‍ കൂടിയായ വി.ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
യു.ഡി.എഫില്‍ വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായ രൂപീകരണം നടത്തണമെന്ന ആവശ്യവും സതീശന്‍ ഉന്നയിച്ചിട്ടുണ്ട്. സി.എ.ജി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്ത് വന്നിരുന്നു. ഏത് ഏജന്‍സി അന്വേഷണം നടത്തുന്നതിലും വിരോധമില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കിയിരുന്നു. ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഒരുങ്ങുന്നതായ സൂചന ലഭിച്ചതോടെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിഷയം സജീവാക്കിയത്.
വി.ഡി സതീശന്‍ കത്ത് നല്‍കിയതോടെ അടുത്ത ചേരുന്ന രാഷ്ട്രീയകാര്യ സമിതിയില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്ന് എം.എം ഹസന്‍ വ്യക്തമാക്കി. വിഴിഞ്ഞം പദ്ധതി കരാര്‍ സംബന്ധിച്ച് ഏതു തരത്തിലുള്ള അന്വേഷണത്തിനും യു.ഡി.എഫ് തയാറാണ്. മാറിമാറി വന്ന സര്‍ക്കാരുകള്‍ നടപ്പാക്കാന്‍ മടി കാണിച്ച പദ്ധതി നടപ്പാക്കിയത് യു.ഡി.എഫ് സര്‍ക്കാരിന്റെ ധീരത കൊണ്ടാണ്.
സി.എ.ജി റിപ്പോര്‍ട്ട് സംബന്ധിച്ച ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായും ഹസന്‍ വ്യക്തമാക്കി. അതേസമയം വിഴിഞ്ഞം പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥരെ ആരെയും ബലിയാടാക്കില്ലെന്നും കരാറുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം തനിക്കാണെന്നും ഉമ്മന്‍ചാണ്ടിയും വ്യക്തമാക്കി. സി.എ.ജിയുടെ കണ്ടെത്തലുകളില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമ്പോഴും പദ്ധതി തടസമില്ലാതെ മുന്നോട്ടു പോകണമെന്ന അഭിപ്രായമാണ് മുഖ്യമന്ത്രിക്കും സി.പി.എമ്മിനും. ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകാന്‍ കാലങ്ങളെടുക്കും. റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ തന്നെ അത് അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാം. ഇതുവരെ നടന്ന എല്ലാ ജുഡീഷ്യല്‍ അന്വേഷണങ്ങളുടെയും സ്ഥിതിയിതാണ്. സി.പി.എമ്മും സര്‍ക്കാരും അതുമാത്രമേ പ്രതീക്ഷിക്കുന്നുള്ളു.
ഏതന്വേഷണവും നേരിടും: ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: വിഴിഞ്ഞം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്ക് തന്നെയാണെന്നും കരാറുമായി ബന്ധപ്പെട്ട സി.എ.ജി റിപ്പോര്‍ട്ടിന്റെ പേരില്‍ ഏത് അന്വേഷണവും നേരിടുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മുഴുവന്‍ നടപടിക്രമങ്ങളും പാലിച്ചാണ് കരാര്‍ നല്‍കിയത്.
ഇതിന്റെ പേരില്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കില്ലെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാന താല്‍പര്യം കണക്കിലെടുത്ത് തന്നെയാണ് കരാര്‍ ഒപ്പിട്ടത്. കുളച്ചല്‍ തുറമുഖ കരാറുമായാണു വിഴിഞ്ഞം കരാറിനെ സി.എ.ജി താരതമ്യപ്പെടുത്തുന്നത്. കുളച്ചല്‍ പദ്ധതിയുടെ പ്രൊജക്ട് എസ്റ്റിമേറ്റ് തയാറായിട്ടില്ല. കേന്ദ്ര ആസൂത്രണ ബോര്‍ഡ് അംഗീകരിച്ച മോഡല്‍ കണ്‍സഷന്‍ എഗ്രിമെന്റില്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥ പ്രകാരമാണു കരാര്‍ കാലാവധി 40 വര്‍ഷമാക്കിയത്. ആദ്യത്തെ കരാറില്‍ 30 വര്‍ഷമായിരുന്നു കാലാവധി. ഇപ്പോഴത്തേതില്‍ 40 വര്‍ഷമാക്കി കൊടുത്തുവെന്നാണ് ആക്ഷേപം. ആസൂത്രണ കമ്മിഷന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് തന്നെയാണ് 40 വര്‍ഷം എന്ന വ്യവസ്ഥ അംഗീകരിച്ചതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ജുഡീഷ്യല്‍ അന്വേഷണം സ്വാഗതാര്‍ഹം: വി.എസ്
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതിയെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് അനുകൂലമായി കരാര്‍ പൊളിച്ചെഴുതുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കരാറിനെതിരേ അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍.ഡി.എഫ് നിയമസഭയിലും പുറത്തും ശക്തമായി പ്രതിഷേധിച്ചതാണ്. എന്നാല്‍, യു.ഡി.എഫിനെ പിന്തിരിപ്പിക്കാനായില്ല. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഈ കരാറിനുണ്ടായിരുന്നു. സംസ്ഥാന താല്‍പര്യത്തിന് പുല്ലുവില കല്‍പ്പിച്ച് അദാനിക്കു വേണ്ടി തട്ടിക്കൂട്ടിയ കരാറാണിതെന്ന് നേരത്തേ പറഞ്ഞത് ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം സ്വാഗതാര്‍ഹമാണ്. സിറ്റിങ് ജഡ്ജിയെ കിട്ടാത്ത സാഹചര്യമുണ്ടാവകയാണെങ്കില്‍ ഈ കേസ് വിശ്വാസ യോഗ്യമായ ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്നും വി.എസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."