തുര്‍ക്കിയില്‍ 1,389 സൈനികരെ പിരിച്ചുവിട്ടു
അങ്കാറ: തുര്‍ക്കിയില്‍ പട്ടാള അട്ടിമറിയില്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന 1,389 സൈനികരെ പിരിച്ചുവിട്ടു. അട്ടിമറിക്ക് നേതൃത്വം നല്‍കിയെന്ന് തുര്‍ക്കി ആരോപിക്കുന്ന സൂഫി പണ്ഡിതന് ഫത്ഹുല്ല ഗുലേനുമായി ബന്ധമുള്ളവരാണ് ഇവരെന്നാണ് റിപ്പോര്‍ട്ടുകള്‍. സൈന്യത്തില്‍ നിരവധി മാറ്റങ്ങള്‍ വരുത്തുമെന്ന് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്ദുഗാന് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് നടപടി. ചില സൈനിക പരിശീലന അക്കാദമികള്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള തീരുമാനവും പ്രസിഡന്റ് കൈക്കൊണ്ടിരുന്നു.
സൈന്യത്തില്‍ പരിഷ്കരണം നടപ്പാക്കുന്നതിന് പാര്‍ലമെന്റില്‍ ബില്‍ കൊണ്ടുവരുമെന്നും ബില്‍ പാസായാല്‍ നാഷനല്‍ ഇന്റലിജന്‍സ് ഓര്ഗനൈസേഷന് സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റിനു കീഴിലാണ് ഈ വിഭാഗം പ്രവര്‍ത്തിക്കുക. സൈനിക സ്കൂളുകള്‍ അടച്ചുപൂട്ടി സൈനിക യൂനിവേഴ്സിറ്റികളാണ് സ്ഥാപിക്കുക.
മൂന്നു സൈനിക തലവന്മാരും പ്രതിരോധ മന്ത്രി ഫിക്രി ഇസികിനു മുമ്പാകെ ഹാജരാകാനും നിര്‍ദേശം നല്കി. അട്ടിമറിയെ തുടര്‍ന്ന് തുര്‍ക്കിയില്‍ മൂന്നു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ആവശ്യമാണെങ്കില്‍ അടിയന്തരാവസ്ഥ ഫ്രാന്‍സ് മാതൃകയില്‍ നീട്ടുമെന്നും ഉര്ദുഗാന് പറഞ്ഞു. 18,699 പേരാണ് അട്ടിമറിയെ തുടര്‍ന്ന് കസ്റ്റഡിയിലുള്ളത്. ഇവരില്‍ 10,137 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."