എത്തിയത് ആവേശത്തോടെ, ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല
പാലക്കാട്: പാലക്കാട് നഗരസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ മറുപടി പറയാതെ സ്ഥലംവിട്ടു. ആവേശത്തോടെയാണ് വാര്‍ത്താസമ്മേളനത്തിന് എത്തിയതെങ്കിലും ചോദ്യങ്ങള്‍ നേരിടാനായില്ല.
നഗരസഭാ കെട്ടിടത്തില്‍ അതിക്രമിച്ചുകയറി ജയ്ശ്രീറാം ബാനര്‍ കെട്ടിയ സംഭവത്തെക്കുറിച്ച് പത്രപ്രവര്‍ത്തകരുടെ ചോദ്യത്തിന് തനിക്കൊന്നുമറിയില്ലെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. നഗരസഭാ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന ബി.ജെ.പി കൗണ്‍സിലര്‍ വി. നടേശന്‍ എല്‍.ഡി.എഫിന് വോട്ട് ചെയ്ത് പരസ്യമായി പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ നടപടിയെടുക്കുമോയെന്ന ചോദ്യത്തിനും അന്വേഷിച്ചു മറുപടി പറയാമെന്ന് പറഞ്ഞ് കൈകഴുകി.
ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിന്റെ ഭാര്യ മിനി കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ നഗരസഭാ അധ്യക്ഷയുടെയും ഉപാധ്യക്ഷന്റെയും ജാതികള്‍ വെളിപ്പെടുത്തി പോസ്റ്റിട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിനും നോ കമന്റ്, വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുന്നുവെന്നു പറഞ്ഞ് ഇറങ്ങിപ്പോവുകയായിരുന്നു
കേരളത്തില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അവിശുദ്ധ സഖ്യമാണെന്നും യു.ഡി.എഫ് എല്‍.ഡി.എഫിന്റെ അടിമകളായി മാറിയെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തായ ചെന്നിത്തലയില്‍ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫ് എല്‍.ഡി.എഫിനു വാഗ്ദാനം ചെയ്തത് ഇതിന്റെ ഉദാഹരണമാണ്. പത്തനംതിട്ട നഗരസഭയില്‍ പോപ്പുലര്‍ഫ്രണ്ടുമായാണ് എല്‍.ഡി.എഫ് സഖ്യം. നെയ്യാറ്റിന്‍കരയില്‍ രണ്ട് ജീവനുകള്‍ ഇല്ലാതാക്കിയ സര്‍ക്കാരിനാണ് ചെന്നിത്തല പിന്തുണ കൊടുക്കുന്നത്.
കോടിയേരിയുടെ വീട്ടില്‍ ഇ.ഡി വന്നപ്പോള്‍ ഓടിവന്ന ബാലാവകാശ കമ്മിഷനെ നെയ്യാറ്റിന്‍കരയിലെ ദുരന്തമുണ്ടായപ്പോള്‍ കാണത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍, ജില്ലാ പ്രസിഡന്റ് ഇ. കൃഷ്ണദാസ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."