വെല്‍ക്കം ടു Zaiona's കോളനി
മൂന്നുനിലകളുള്ള വലിയ കെട്ടിടത്തിനകത്തേക്ക് കയറിച്ചെല്ലുമ്പോള്‍ ഹാളിനകത്ത് ധാരാളം സ്ത്രീകളും കുട്ടികളും. ഹാളിന്റെ ഒരു വശത്തായി നാലഞ്ചു സ്ത്രീകള്‍ ഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ്. ചിലര്‍ മുട്ടയുടെ തോല്‍ പൊളിച്ചെടുക്കുമ്പോള്‍ മറ്റുചിലര്‍ കുട്ടയില്‍നിന്ന് ചോറ് വലിയ പാത്രത്തിലേക്കു മാറ്റിയിട്ടുകൊണ്ടിരിക്കുന്നു. ചില സ്ത്രീകള്‍ കുളി കഴിഞ്ഞ് ഈറനുടുത്തു മുറികളിലേക്കു പോയിക്കൊണ്ടിരിക്കുന്നു. വീടിനകത്തു കയറിയ എന്നെ കണ്ട സ്ത്രീ മിസോ ഭാഷയില്‍ എന്തോ പറഞ്ഞുവെങ്കിലും ഒന്നും മനസിലായില്ല. ഇതിനിടയിലാണു വീടിന്റെ രണ്ടാം നിലയില്‍നിന്ന് കോണിപ്പടി ഇറങ്ങിവന്ന് സുന്ദരിയായ ചെറുപ്പക്കാരി സംസാരിക്കാന്‍ തുടങ്ങിയത്. ഞങ്ങള്‍ കേരളത്തില്‍നിന്നാണ് വരുന്നതെന്നും, സയോണയെയും കുടുംബത്തെയും കാണാന്‍ വന്നതാണെന്നും പറഞ്ഞപ്പോള്‍ സന്തോഷപൂര്‍വം സ്വീകരിച്ചു.
ചെന്നുകയറിയ ഹാള്‍ സ്വീകരണമുറിയും അടുക്കളയും ഇരുപതിലധികം തീന്‍മേശകളും കസേരകളും നിരത്തിയിട്ട ഒരു കല്യാണപ്പുരയുടേതുപോലെയുള്ളതായി തോന്നി. ഹാളില്‍ അങ്ങോട്ടും ഇങ്ങോട്ടും ധാരാളം സ്ത്രീകള്‍ നടക്കുന്നതിനിടയില്‍ പ്രായമായൊരു സ്ത്രീ വന്നു പറഞ്ഞു. ഞാനാണ് സയോണയുടെ ആദ്യ ഭാര്യ ത്യാംഗി. മറ്റുള്ളവരൊക്കെ എവിടെ എന്നു ചോദിച്ചപ്പോള്‍ എല്ലാവര്‍ക്കും ഓരോ ജോലിയുണ്ട്, ഇപ്പോള്‍ ഞങ്ങള്‍ ചിലര്‍ ഇവിടെയുണ്ടെന്നു പറഞ്ഞു. അപ്പോഴേക്കും സയോണയുടെ മൂന്നാം ഭാര്യ ഹുംതാര്‍ഗി അടുത്തെത്തി. പിന്നെ ഓരോരുത്തരായി വരാന്‍ തുടങ്ങി. ഇതില്‍ ആരാണ് സയോണയുടെ ഭാര്യമാര്‍, മക്കള്‍, മരുമക്കള്‍ എന്നൊക്കെ ചോദിച്ചറിയാനും സ്വയം മനസിലാക്കാനും കഴിയാത്ത നിലയിലായി. അപ്പോഴേക്കും അല്‍പ്പം ഇംഗ്ലീഷ് അറിയുന്ന ഒരു ചെറുപ്പക്കാരി വന്നു. സയോണ കുടുംബത്തെക്കുറിച്ചു ചെറിയ ഒരു വിവരണം നല്‍കി മിന്നിമറഞ്ഞു.
കുടുംബമഹിമ
39 ഭാര്യമാര്‍, 94 മക്കള്‍, 14 മരുമക്കള്‍, 40 പേരക്കുട്ടികള്‍. ആകെ 188 പേര്‍. ഇതാണ് സയോണയുടെ കുടുംബം. ലോകത്തെ ഏറ്റവും വലിയ കുടുംബം. എല്ലാവരും ഒരു വീട്ടില്‍ കഴിയുന്നു. കുടുംബത്തിന്റെ അംഗബലം കാണിക്കുന്ന ചിത്രങ്ങള്‍ സ്വീകരണമുറിയില്‍ തൂക്കിയിട്ടുണ്ട്. കുട്ടികളുടെ, ഭാര്യമാരുടെ, എല്ലാവരുടെയും ചേര്‍ന്നുള്ള ഫോട്ടോകള്‍. ഇതെല്ലാം കണ്ടുപോകാന്‍ മാത്രമേ അനുവദിക്കുകയുള്ളൂ. ഫോട്ടോ എടുക്കാനൊന്നും പപ്പ സമ്മതിക്കില്ലെന്നു മറ്റൊരു ചെറുപ്പക്കാരി ഇടക്കു കയറിപ്പറഞ്ഞു. അതിനിടെ പപ്പ സ്‌കൂളിലെ ഒരു പരിപാടിയില്‍ പങ്കെടുക്കുകയാണെന്നും, അവിടെ ചെന്നാല്‍ നിങ്ങള്‍ക്കു കാണാമെന്നും വേറൊരുത്തി പറഞ്ഞതോടെ വീട്ടില്‍നിന്ന് സയോണയെ കാണാന്‍ പുറത്തിറങ്ങി.
മിസോറാമിന്റെ തലസ്ഥാനമായ ഐസ്വാളില്‍നിന്നു നാലു മണിക്കൂര്‍ യാത്രയുണ്ട് സയോണയുടെ ഗ്രാമമായ സെര്‍ചിപ്പ് ജില്ലയിലെ ബാക്‌തോങ് വില്ലേജിലേക്ക്. ഏഴായിരം അടി ഉയരത്തില്‍ ഇരുവശത്തുമുള്ള അഗാധഗര്‍ത്തങ്ങള്‍ക്കിടയില്‍ നിര്‍മിച്ച, മുളങ്കാടുകള്‍ക്കിടയിലൂടെയുള്ള സാഹസികയാത്ര കഴിഞ്ഞുവേണം ബാക്‌തോങ് ഗ്രാമത്തിലെത്താന്‍. നാലുഭാഗവും വനസമ്പന്നമായ കാഴ്ചകള്‍ക്കിടയിലാണ് ബാക്‌തോങ് ഗ്രാമം.
തകരഷീറ്റുകൊണ്ടും മുളകൊണ്ടും നിര്‍മിച്ച വീടുകള്‍ക്കിടയില്‍ മൂന്നുനിലയുള്ള വലിയ കോണ്‍ക്രീറ്റ് കെട്ടിടം ഏതോ ഒരു വലിയ ഹോട്ടലിനെ ഓര്‍മിപ്പിക്കുന്ന രീതിയില്‍ പന്തലിച്ചുനില്‍ക്കുന്നു. ഇതാണ് സയോണചനയുടെ വീട്. 25 കിടപ്പുമുറികള്‍, ഡോര്‍മിറ്ററികള്‍, സ്വീകരണമുറി എന്നിവയൊക്കെ ചേര്‍ന്ന വലിയ കെട്ടിടം. ലോകാത്ഭുതങ്ങളിലൊന്നായ സയോണയുടെ കുടുംബചരിത്രം അടുത്തറിയാന്‍ വിദേശമാധ്യമങ്ങള്‍ വരെ ഇവിടെയെത്താറുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കു മുനമ്പില്‍ മ്യാന്മറിനും ബംഗ്ലാദേശിനും ഇടയില്‍ കിടക്കുന്ന മിസോറാമില്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് എന്ന പ്രത്യേക അനുമതി പത്രം വാങ്ങിയതിനുശേഷമേ യാത്ര തുടരാനാകൂ. ഇങ്ങിനെ സമ്മതപത്രം വാങ്ങിയെത്തുന്ന വിദേശികളും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍നിന്നെത്തുന്നവരും സയോണയെ കാണാന്‍ ഇവിടെയെത്താറുണ്ട്.
ഗ്രാമത്തിലെ മലഞ്ചെരുവില്‍ നിര്‍മിച്ച സ്‌കൂളിനുമുന്‍പില്‍ ഇരുന്നൂറിലധികം കുട്ടികള്‍ വിവിധ കലാപ്രകടനങ്ങള്‍ നടത്തുന്നതിനിടയിലേക്ക് സയോണയെ കാണാനെത്തിയപ്പോള്‍, സദസില്‍ മുഖ്യാതിഥിയായി അദ്ദേഹം ഇരിക്കുന്നതു കണ്ടു. അല്‍പ്പസമയത്തിനുശേഷം സയോണയെന്ന ലോകത്തെ ഏറ്റവും വലിയ ഭാര്യാസമ്പന്നനെ അടുത്തുകണ്ടു. കേരളത്തില്‍നിന്നാണെന്നു പറഞ്ഞപ്പോള്‍ സന്തോഷം. മിസോ ഭാഷയല്ലാതെ മറ്റൊന്നും സയോണക്കു വശമില്ല. സ്‌കൂളില്‍ പോകാത്തതുകൊണ്ടുതന്നെ എഴുതാനും വായിക്കാനും ഒന്നും അറിയില്ല. പക്ഷെ, അദ്ദേഹം എല്ലാ കാര്യത്തിലും വിദഗ്ധനാണ്. കൃഷി, വീടുനിര്‍മാണം, കച്ചവടം എന്നിവയ്ക്കു പുറമെ എന്‍ജിനീയറിങ് രംഗത്തും തന്റെ കഴിവ് തെളിയിച്ചയാളാണ് സയോണയെന്ന് സ്‌കൂളിലെ അധ്യാപകന്‍ പറഞ്ഞു. സ്‌കൂളില്‍നിന്നു കുത്തനെയുള്ള കയറ്റം കയറി സയോണ കൃഷിയിടത്തിലേക്കാണു പോയത്. 73 വയസ് പിന്നിട്ടെങ്കിലും ആരോഗ്യത്തിന് ഒരു പോറലുമേറ്റിട്ടില്ല. ദിവസവും മൂന്നു മണിക്കൂര്‍ വ്യായാമത്തിനുപുറമെ കൃഷിസ്ഥലങ്ങളില്‍ ഓടിനടക്കുകയും ചെയ്യുന്ന സയോണയ്ക്കു ഭാര്യമാരുടെയും മക്കളുടെയും മരുമക്കളുടെയും പേരക്കുട്ടികളുടെയുമൊക്കെ കാര്യത്തില്‍ അതീവ ശ്രദ്ധയുണ്ട്.
കിടപ്പറരഹസ്യം
ബാക്‌തോങ് ഗ്രാമത്തില്‍നിന്നു മാത്രമേ സയോണ വിവാഹം കഴിച്ചിട്ടുള്ളൂ. ആദ്യ വിവാഹം 17-ാം വയസില്‍. ഏറ്റവുമൊടുവില്‍ വിവാഹം കഴിച്ചത് 2000ല്‍. ചില വര്‍ഷങ്ങളില്‍ 10 വിവാഹങ്ങള്‍ വരെ നടന്നിട്ടുണ്ട്. തന്നെക്കാള്‍ മൂന്നുവര്‍ഷം പ്രായക്കൂടുതലുള്ള ത്യാംഗിയെയാണ് ആദ്യം വിവാഹം കഴിച്ചതെങ്കില്‍, 20 വയസുള്ള മത്സാംഗിയെയാണ് 39-ാമതായി കൂടെക്കൂട്ടിയത്.
ആദ്യഭാര്യയില്‍ ആറു മക്കളുണ്ട്. മൂന്ന് ആണും മൂന്നു പെണ്ണും. ഏറ്റവുമൊടുവിലെ ഭാര്യയ്ക്ക് ഒരു കുട്ടി മാത്രം. ഇപ്പോള്‍ അവള്‍ക്കു പ്രായം 16. ഇടയിലെ ഭാര്യമാര്‍ക്ക് എല്ലാവര്‍ക്കും മക്കളുണ്ട്. ചിലര്‍ക്ക് ഒന്നാണെങ്കില്‍, രണ്ടും മൂന്നും നാലും മക്കളുള്ളവരുമുണ്ട്. മൂത്തമകന്‍ പാര്‍ലിയാനക്ക് മൂന്നു ഭാര്യമാരിലായി 14 മക്കളുണ്ട്. മൂത്ത മകന് 54 വയസ് പിന്നിട്ടപ്പോള്‍ സയോണയുടെ 39-ാം ഭാര്യയുടെ പ്രായം 35.
കൃഷിസ്ഥലത്തെ പണികള്‍ കഴിഞ്ഞെത്തിയ സയോണ തന്റെ മുറിയിലേക്കു പോയി. ഇപ്പോള്‍ വരാമെന്നു പറഞ്ഞാണുപോയതെങ്കിലും ഇനി വരാന്‍ സാധ്യതയില്ലെന്നു മകളോ മരുമകളോ എന്നു തോന്നിപ്പിക്കുന്ന സ്ത്രീ പറഞ്ഞു. കുറെയധികം സമയം വീടിനകത്തെ കാഴ്ചകള്‍ കണ്ടു സമയം പോക്കുന്നതിനിടയില്‍ പ്രായം കൊണ്ട് ആദ്യഭാര്യയാണെന്നു തോന്നിച്ച സ്ത്രീയോട് ഞങ്ങള്‍ കാത്തിരിക്കുന്ന വിവരം പറയാന്‍ ആവശ്യപ്പെട്ടു. 'അയ്യോ, അങ്ങോട്ടു കയറിച്ചെല്ലാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ല' എന്ന് പറഞ്ഞ് അവര്‍ പോയി.
സയോണയുടെ കിടപ്പുമുറി രണ്ടാം നിലയിലാണ്. അങ്ങോട്ട് ആര്‍ക്കും പ്രവേശനമില്ല. ഭാര്യമാര്‍ക്കു പോലും. ഊഴമനുസരിച്ചു മാത്രമേ കിടപ്പുമുറിയിലേക്കു ഭാര്യമാര്‍ക്കു പോലും പ്രവേശനമുള്ളൂ. സയോണയുടെ വിശാലമായ കിടപ്പറ പങ്കിടാന്‍ ഊഴമനുസരിച്ച് ഇപ്പോഴും എല്ലാവര്‍ക്കും അവസരം ലഭിക്കുന്നു. ഒരാള്‍ സയോണയ്‌ക്കൊപ്പം കഴിയുമ്പോള്‍ മറ്റുള്ളവര്‍ ഡോര്‍മിറ്ററിയില്‍ ഉറങ്ങും. ബാക്കിയുള്ള കിടപ്പുമുറികള്‍ കല്യാണം കഴിച്ച മക്കള്‍ക്കുള്ളതാണ്. ഈ ഗ്രാമത്തിനു പുറത്തുനിന്ന് ആരും ഇതുവരെ വിവാഹം കഴിച്ചിട്ടില്ല. ഈ കുടുംബത്തില്‍നിന്ന് പരസ്പരം വിവാഹം കഴിച്ചവരുമുണ്ട്. പഠിക്കാന്‍ തീരെ താല്‍പ്പര്യമില്ലാത്ത ഈ കുടുംബത്തില്‍നിന്ന് അഞ്ചുപെണ്‍കുട്ടികള്‍ മാത്രമാണ് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. ഇവരില്‍ രണ്ടുപേര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ ടീച്ചര്‍മാരാണ്.
വീട്ടുവിശേഷം
പുറത്തുനിന്നു കാണുമ്പോള്‍ വലിയ കെട്ടിടമാണെങ്കിലും സാധാരണ കര്‍ഷകഭവനത്തിലെ കാഴ്ചകള്‍ തന്നെയാണിവിടെയും. എല്ലാവരും പലവിധ ജോലികളിലാണ്. സന്ദര്‍ശകരെ ശ്രദ്ധിക്കുകപോലും ചെയ്യാതെ, പട്ടാളച്ചിട്ടയില്‍ ഓരോരുത്തരും ഓരോ ജോലികള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അന്നത്തെ ഭക്ഷണത്തിന്റെ ചുമതല സയോണയുടെ ആദ്യത്തെ അഞ്ചു ഭാര്യമാര്‍ക്കായിരുന്നു. അവരുടെ നിയന്ത്രണത്തിലാണ് അടുക്കളയിലെ കാര്യങ്ങള്‍ നടന്നത്. മറ്റു ഭാര്യമാര്‍ക്കൊക്കെ കൃഷി, പന്നിവളര്‍ത്തല്‍, പശുസംരക്ഷണം, പാല്‍ എന്നിവയിലൊക്കെയാണു ചുമതല. എല്ലാവര്‍ക്കും ഓരോരോ ചുമതലയുള്ളതുകൊണ്ടുതന്നെ എപ്പോഴും ഇവരൊക്കെ തിരക്കിലായിരിക്കും.
സാധാരണയായി മിസോറാമിലെ പട്ടണങ്ങളില്‍ കാണുന്ന ഭര്‍ത്താവിനെ പിന്നില്‍ നിര്‍ത്തി സാധനങ്ങള്‍ വാങ്ങുന്ന ലുഷായ് വനിതകളില്‍ കാണുന്ന അധികാര ഭാവം സയോണയുടെ വീട്ടിലെ സ്ത്രീകളിലില്ല. സയോണയെ അവര്‍ ദൈവതുല്യനായി കണക്കാക്കുന്നു. ''ഇവിടെ അധികാര തര്‍ക്കങ്ങളോ, സൗന്ദര്യപിണക്കങ്ങളോ ഇല്ല. തികഞ്ഞ ഒത്തൊരുമയിലൂടെയാണ് ഞങ്ങള്‍ ഇവിടെ കഴിയുന്നത്.''-സയോണയുടെ മരുമകള്‍ റിന്‍മാവി പറഞ്ഞു.
73 പിന്നിട്ട സയോണ മുതല്‍ ആറുമാസം പ്രായമായ 40-ാമത്തെ പേരക്കുട്ടി ഉള്‍പ്പെടെ 188 പേര്‍ ഇവിടെ തികച്ചും സമാധാനാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങളില്ലാതെ സുഖമായി കഴിയുന്നു. ബാക്‌തോങ് ഗ്രാമത്തിന്റെ അധിപന്‍ കൂടിയായ സയോണയുടെ മുഖ്യ വരുമാനം ഫര്‍ണിച്ചര്‍ കച്ചവടമാണ്. കാട്ടിലെ മരങ്ങള്‍ ഉപയോഗിച്ചു മനോഹരമായ വീട്ടുസാധനങ്ങള്‍ നിര്‍മിച്ചു പട്ടണങ്ങളില്‍ കൊണ്ടുപോയി വില്‍ക്കുന്ന ചുമതല ആണ്‍മക്കള്‍ക്കാണ്. പരിധിയില്ലാത്ത ഭൂമി ഉള്ളതുകൊണ്ടുതന്നെ വീട്ടിലേക്ക് ആവശ്യമായതെല്ലാം ഇവിടെ വിളയിച്ചെടുക്കുന്നു. നെല്‍കൃഷിക്കു പുറമെ വിവിധയിനം പച്ചക്കറികളും ചരിഞ്ഞ ഭൂമിയില്‍ ധാരാളം കരിമ്പും കൃഷി ചെയ്യുന്നു. ഗ്രാമത്തിലെ എല്ലാവരും സയോണയുടെ അടുത്ത ബന്ധുക്കളായതുകൊണ്ട് പാവപ്പെട്ടവരും പണക്കാരും എന്ന വ്യത്യാസം ഇവിടെ പ്രകടമല്ല. 'ബാക്‌തോങ്ങിലെ പാവപ്പെട്ട സ്ത്രീകളെയാണ് അച്ഛന്‍ വിവാഹം ചെയ്തത്. അങ്ങനെ അദ്ദേഹം അവര്‍ക്കൊരു ജീവിതം കൊടുക്കുകയാണു ചെയ്തത് ' എന്ന് സയോണയുടെ 14-ാം ഭാര്യയിലെ മകന്‍ മിങ്താന്‍സാവ പറഞ്ഞു.
എല്ലാവരുടെയും വിവിധ കഥകള്‍ കേട്ട് ഇരിക്കുന്നതിനിടയിലാണ് സയോണ രണ്ടാം നിലയില്‍നിന്നിറങ്ങി ഹാളിലേക്കു വന്നത്. അദ്ദേഹം കസേരയില്‍ ഇരിക്കുന്നതിനുമുന്‍പ് ഹാളിലെ ചിത്രങ്ങള്‍ ചൂണ്ടിക്കാട്ടി ആവശ്യമെങ്കില്‍ ചുമരില്‍ തൂക്കിയിട്ടവ കാമറയില്‍ പകര്‍ത്താന്‍ അനുവാദം നല്‍കി. 'എല്ലാവരെയും വിളിച്ചുകൂട്ടി ഫോട്ടോ എടുക്കണമെങ്കില്‍ നിങ്ങള്‍ ഇവിടെ താമസിക്കേണ്ടിവരും. അതുകൊണ്ട് ഇതാണ് എളുപ്പവഴി' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇതു ദൈവനിയോഗം
''എന്റെ ഇഷ്ടത്തിനു കല്യാണം കഴിച്ചുകൂട്ടുകയല്ല ഞാന്‍, ഇതു ദൈവനിയോഗമാണ്. ഇനിയും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. എല്ലാം ചനാപോളിന്റെ വികസനത്തിനുവേണ്ടി മാത്രം''-ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനായ സയോണ പറഞ്ഞു.
സയോണയുടെ അച്ഛന്‍ ചനയാണ് ഇവരുടെ ഉപഗോത്രത്തിന്റെ സ്ഥാപകന്‍. മിസോ എന്നറിയപ്പെടുന്ന ഇവിടുത്തെ പ്രബലഗോത്രത്തില്‍ 32 ഉപഗോത്രങ്ങളുണ്ട്. 87 ശതമാനം പേരും ക്രിസ്തുമത വിശ്വാസികളാണെങ്കിലും ഓരോ ഗോത്രവും അവരുടേതായ ആചാരാനുഷ്ഠാനങ്ങളാണു തുടര്‍ന്നുവരുന്നത്.
സയോണയുടെ അച്ഛന്‍ ചനയെ തന്നിഷ്ടപ്രകാരം പലതവണ വിവാഹം കഴിച്ചതിന്റെ പേരില്‍ കത്തോലിക്ക സഭ പുറത്താക്കി. അപ്പോഴാണ് അദ്ദേഹത്തിനു ദൈവവിളിയുണ്ടാകുന്നത്. ക്രിസ്തുമതത്തില്‍ തുടര്‍ന്നുകൊണ്ടുതന്നെ അദ്ദേഹം സ്വന്തമായൊരു ഉപഗോത്രത്തിനു രൂപം നല്‍കി. അതാണ് ചനാപോള്‍. അനുയായികള്‍ക്ക് എത്ര വിവാഹം കഴിക്കാനും അനുമതി നല്‍കി. ബഹുഭാര്യാത്വം ഗോത്രനിയമമായി പ്രഖ്യാപിക്കപ്പെട്ടു. ചനയുടെ കാലശേഷം മകന്‍ സയോണ ഗോത്രത്തലവനായി. ബഹുഭാര്യാത്വം എന്ന അവകാശത്തിന് അദ്ദേഹം പുതിയ മാനങ്ങള്‍ നല്‍കി. സയോണയുടെ പാത പിന്തുടര്‍ന്ന് മകന്‍ പാര്‍ലിയാന ബഹുഭാര്യാത്വ ശീലത്തിനു തുടക്കമിട്ടു കഴിഞ്ഞു.
ബാക്‌തോങ്ങിലെ നാനൂറിലധികം കുടുംബങ്ങളില്‍നിന്നായി നാലായിരത്തിലധികം വിശ്വാസികളുണ്ട് ചനാപോളില്‍. ഇവര്‍ക്ക് സ്വന്തമായി പള്ളിയും സ്‌കൂളുമുണ്ട്. സയോണയുടെ വീടിനോടു ചേര്‍ന്നുള്ള പള്ളിയില്‍ ദിവസവും മിസോ ഭാഷയില്‍ ചനാപോളിന്റെ കുടുംബാഭിവൃദ്ധിക്കുവേണ്ടി പ്രാര്‍ഥനയുണ്ട്. ഇവരുടെ ഭാഷയ്ക്കു സ്വന്തമായി ലിപിയില്ലാത്തതുകൊണ്ട് വിദ്യാഭ്യാസ കാര്യത്തില്‍ ഈ ഗോത്ര വിഭാഗം ഇന്നും വളരെ പിന്നിലാണ്. സയോണയുടെ എത്ര കേട്ടാലും മതിവരാത്ത ജീവിതാനുഭവങ്ങള്‍ മിസോ ഭാഷയില്‍നിന്നു സുഹൃത്ത് തര്‍ജമ ചെയ്തുതന്നു. മണിക്കൂറുകള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ തലസ്ഥാനനഗരമായ ഐസ്വാളില്‍ തിരിച്ചെത്തുമ്പോള്‍ മലമുകളിലെ പട്ടണം ഏറെ വൈകിയ രാത്രിയിലും പ്രകാശപൂരിതമായി തിളങ്ങിനിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."