കൂടുതല്‍ തസ്തികകള്‍ സ്വദേശിവത്കരിക്കുമെന്ന് മന്ത്രി; സഊദിയില്‍ പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടി
നിസാര്‍ കലയത്ത്
ജിദ്ദ: സഊദിയില്‍ നടപ്പാക്കിവരുന്ന സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചന നല്‍കി തൊഴില്‍ സാമൂഹിക വികസന മന്ത്രി അഹ്മദ് അല്‍ റാജ്ഹി. രാജ്യത്തെ ഉന്നത തസ്തികകളിലും സ്‌പെഷ്യലിസ്റ്റ് തസ്തികകളിലും സ്വദേശികളെ നിയമിക്കുമെന്ന് മന്ത്രി അറിയിച്ചു.
ഇതിലൂടെ ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള സഊദി യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സ്വദേശീവത്കരണത്തെ പ്രതികൂലമായി ബാധിക്കുന്ന നിയമലംഘനങ്ങള്‍ അംഗീകരിക്കില്ലെന്ന് അഹ്മദ് അല്‍ റാജ്ഹി വ്യക്തമാക്കി. ഉന്നതവിദ്യാഭ്യാസവും കഴിവും ശേഷിയുമുള്ളവരാണ് സഊദിയിലെ യുവതീയുവാക്കള്‍. അവര്‍ക്ക് അനുയോജ്യമായ കൂടുതല്‍ തൊഴിലുകള്‍ ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി ഉന്നത തസ്തികകളും സ്‌പെഷ്യലിസ്റ്റ് തസ്തികകളും സ്വദേശികള്‍ക്ക് പ്രാപ്യമാക്കാനാണ് ശ്രമം. പദ്ധതിയുടെ വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴില്‍ നിയമലംഘനത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചുമത്തുന്ന പിഴ ഒഴിവാക്കുന്നതിനു പകരമായി ഇനി കൂടുതല്‍ സ്വദേശികളെ ജോലിക്കുവച്ചാല്‍ മതിയാകുമെന്നും മന്ത്രാലയം അറിയിച്ചു. തൊഴില്‍ നിയമ ലംഘനത്തിന് ചുമത്തപ്പെടുന്ന പിഴസംഖ്യ കുറച്ചും പിഴ എഴുതിത്തള്ളിയും സ്വദേശിവത്കരണ തോത് ഉയര്‍ത്തുന്നതിന് സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രയോജനപ്പെടുത്തുന്നതിനു നിയമലംഘനത്തിന് പിഴ ചുമത്തപ്പെട്ട സ്ഥാപനങ്ങളുമായി തൊഴില്‍ മന്ത്രാലയം ഒരു വര്‍ഷം കാലാവധിയുള്ള കരാര്‍ ഒപ്പുവയ്ക്കും. നിയമലംഘനത്തിനുള്ള പിഴകള്‍ എഴുതിത്തള്ളുന്നതിനു പകരം സ്ഥാപനങ്ങള്‍ കൂടുതല്‍ സ്വദേശികളെ ജോലിക്കുവച്ചു നിശ്ചിത അനുപാതത്തിലേക്ക് സ്വദേശിവത്കരണം വര്‍ധിപ്പിക്കേണ്ടിവരും.
സ്വദേശികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിന് സ്ഥാപനങ്ങള്‍ക്കു ബദല്‍ സംവിധാനം ഒരുക്കുന്നതിനും ഇതിലൂടെ സാധിക്കും.
സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത് പ്രകാരം നിശ്ചിത ശതമാനം സ്വദേശിവത്കരണം പാലിച്ചതും അതിനു മുകളിലുള്ള വിഭാഗങ്ങളിലും ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്കു മാത്രമേ പുതിയ പദ്ധതി പ്രയോജനപ്പെടുത്താന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."