ശബരിമലയില്‍ സമവായമുണ്ടാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന് സമവായ ചര്‍ച്ചകള്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തിയാണ് തന്ത്രി കുടുംബവുമായി നാളെ ചര്‍ച്ച നടത്തുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ടവരോട് ചര്‍ച്ച നടത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സെക്രട്ടേറിയറ്റ് യോഗം സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും തന്ത്രിയോ പന്തളം രാജകുടുംബമോ പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ചത്.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ക്ഷേത്രം തന്ത്രി, പന്തളം രാജകുടുംബം എന്നിങ്ങനെ ശബരിമലയോട് പ്രത്യക്ഷബന്ധമുള്ളവരുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. സുപ്രിംകോടതി വിധിയുടെ മറവില്‍ രാഷ്ട്രീയമുതലെടുപ്പിന് കോണ്‍ഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് സി.പി.എം സര്‍ക്കാരിനോട് സമവായ ചര്‍ച്ചയ്ക്ക് ശ്രമിയ്ക്കാന്‍ നിര്‍ദേശിച്ചത്.
മധ്യതിരുവിതാംകൂറില്‍ വൈകാരിക പ്രക്ഷോഭത്തിന് പന്തളം രാജകുടുംബത്തില്‍ നിന്നടക്കം നീക്കം ആരംഭിച്ചതോടെയാണ് സര്‍ക്കാര്‍ ഏകപക്ഷീയമായി നീങ്ങിയെന്ന പഴി ഒഴിവാക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. എല്ലാ വാദങ്ങളും പരിഗണിച്ചാണ് സുപ്രിംകോടതി അന്തിമവിധി പ്രഖ്യാപിച്ചത് എന്നിരിക്കെ, ശബരിമലയുമായി ബന്ധപ്പെട്ട വിഭാഗങ്ങളുടെ തെറ്റിദ്ധാരണയെ മറികടക്കുകയും ലക്ഷ്യമാണ്. വിധി നടപ്പാക്കുക ഭരണഘടനാ ബാധ്യതയാണെന്ന് ബോധ്യപ്പെടുത്താനും ശ്രമമുണ്ടാകും. വിധിയുടെ മറവില്‍ സര്‍ക്കാര്‍ എടുത്തുചാടിയുള്ള നടപടികളിലേക്ക് നീങ്ങുന്നുവെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നുമുള്ള ആക്ഷേപം കോണ്‍ഗ്രസും ബി.ജെ.പിയും ഉയര്‍ത്തിയിട്ടുണ്ട്.
എന്നാല്‍ കോണ്‍ഗ്രസ്, ബി.ജെ.പി നീക്കത്തെ തുറന്നുകാട്ടുക വഴി മതേതര വോട്ടുകള്‍ ഉറപ്പിച്ചുനിറുത്തുകയെന്ന തന്ത്രമാണ് സി.പി.എം പയറ്റുന്നത്. കോടതിവിധി നടപ്പാക്കുകയെന്ന ജനാധിപത്യപരമായ കടമ നിറവേറ്റുകയല്ലാതെ സര്‍ക്കാരിനോ ഇടതുപക്ഷത്തിനോ മറ്റ് അജന്‍ഡകളില്ലെന്നും സി.പി.എം വിശദീകരിക്കുന്നു. അതേസമയം, ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രിംകോടതി വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നിലപാട് കടുപ്പിക്കുകയാണ് യു.ഡി.എഫ്, ബി.ജെ.പി നേതൃത്വങ്ങള്‍.
സ്ത്രീപ്രവേശനത്തെ സി.പി.എമ്മും സര്‍ക്കാരും അനുകൂലിക്കുമ്പോള്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാനും യു.ഡി.എഫും ബി.ജെ.പിയും ലക്ഷ്യമിടുന്നു. ചെങ്ങന്നൂരില്‍ ചിതറിപ്പോയ ഹിന്ദുവോട്ട് ബാങ്കിനെ തിരിച്ചുപിടിക്കാമെന്ന കണക്കുകൂട്ടല്‍ യു.ഡി.എഫിനുണ്ട്. ബി.ജെ.പിയാകട്ടെ വിശ്വാസി സമൂഹത്തെ കൂടെ നിറുത്തി ഹൈന്ദവ വോട്ട് ധ്രുവീകരണമാണ് ലക്ഷ്യമിടുന്നത്. സ്ത്രീപ്രവേശനത്തെ സ്വാഗതം ചെയ്ത ആര്‍.എസ്.സിനോടുപോലും വിയോജിച്ചത് ഇതിന്റെ ഭാഗമാണ്. കോടതിവിധി ഇടതുപക്ഷത്തിന്റെ രാഷ്ട്രീയനിലപാട് ശരി വയ്ക്കുന്നതിനാല്‍ വിധി നടപ്പാക്കുക എന്നതാണ് ഇടതുപക്ഷ നിലപാട്. പരസ്യമായി സി.പി.എം വിശ്വാസികളുടെ ഒപ്പമാണെന്ന് പ്രഖ്യാപിക്കുമ്പോഴും വിധി നടപ്പാക്കുന്നതില്‍നിന്ന് പിറകോട്ട് പോകുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് ഇടതുപക്ഷം.
കോടതി വിധി നടപ്പിലാക്കുക എന്നതു തന്നെയാണ് സര്‍ക്കാരിന്റെ മുന്നിലുള്ള ഏക പോംവഴി. തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ സ്ത്രീകള്‍ എത്തിയാല്‍ പ്രവേശനം അനുവദിച്ചാലേ പറ്റുകയുള്ളൂ. അതിന് വിപരീതമായാല്‍ ഹരജിക്കാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിച്ചാല്‍ അത് കോടതിയലക്ഷ്യമായി മാറും. നാളെ തന്ത്രിയും മറ്റുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമ്പോള്‍ ഇതിന്റെ നിയമവശങ്ങളുടെ അടിസ്ഥാനത്തില്‍ അത് ബോധ്യപ്പെടുത്തും. എന്നാല്‍ റിവ്യൂ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ കോടതിയെ സമീപിക്കില്ലെന്നും മുഖ്യമന്ത്രി അവരോട് പറയും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."