വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണം ഗുണനിലവാരം കുറഞ്ഞത്; പോക്കറ്റ് മണിയിലും വെട്ടിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തുടനീളമുള്ള പട്ടികജാതി-വര്‍ഗ ഹോസ്റ്റലുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തി. വിജിലന്‍സ് ഡയരക്ടര്‍ ഡി.ജി.പി മുഹമ്മദ് യാസീന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മണി മുതലാണ് സംസ്ഥാനത്തുടനീളമുള്ള ഹോസ്റ്റലുകളില്‍ ഒരേ സമയം വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിലെ ഭൂരിഭാഗം ഹോസ്റ്റലുകളുടെയും പരിസരം, വാട്ടര്‍ ടാങ്ക്, ബാത്ത്‌റൂം മുതലായവ വൃത്തി ഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി.
കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രതിമാസം നല്‍കുന്ന പോക്കറ്റ് മണിയില്‍ വെട്ടിപ്പ് നടത്തുന്നതായും വിജിലന്‍സ് കണ്ടെത്തി.
ചില ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ഗുണ നിലവാരം കുറഞ്ഞ ഭക്ഷണങ്ങള്‍ പാകം ചെയ്ത് നല്‍കുന്നതായും കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളിലെ ചില ഹോസ്റ്റലുകളില്‍ മെനു പ്രകാരമുള്ള ഭക്ഷണം വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്യുന്നില്ലായെന്നും വിജിലന്‍സ് കണ്ടെത്തി. പത്തനംതിട്ട, മലപ്പുറം എന്നിവിടങ്ങളിലെ ചില ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂട്ടി കാണിച്ച് ഭക്ഷണം നല്‍കിയതായി കാണിച്ച് വെട്ടിപ്പ് നടത്തുന്നതായും വിജിലന്‍സ് കണ്ടെത്തി. സംസ്ഥാനത്തുടനീളമുള്ള ഭൂരിപക്ഷം പട്ടികജാതി -വര്‍ഗ ഹോസ്റ്റലുകളിലും സ്റ്റോക്ക് രജിസ്റ്റര്‍, വിതരണ രജിസ്റ്റര്‍, ക്യാഷ്ബുക്ക് മുതലായ രേഖകള്‍ കൃത്യമായി പരിപാലിക്കപ്പെടുന്നില്ല. പല ഹോസ്റ്റലുകളിലും പര്‍ചേസ് ബില്ലോ,വൗച്ചറോ ഇല്ലാതെ സാധനങ്ങള്‍ വാങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തി.
പല ഹോസ്റ്റലുകളിലും വാര്‍ഡന്‍മാര്‍ അനധികൃത ലീവിലാണെന്നും പട്ടികജാതി-വര്‍ഗ വകുപ്പുകളിലെ മേലുദ്യോഗസ്ഥന്‍മാര്‍ ഹോസ്റ്റലുകളില്‍ കൃത്യമായ പരിശോധന നടത്തുന്നില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഹോസ്റ്റല്‍ നടത്തിപ്പുമായി ബന്ധപ്പെട്ട ഉപദേശക സമിതി യോഗം പല സ്ഥലങ്ങളിലും നടത്താറില്ല. മിന്നല്‍ പരിശോധനയില്‍ കണ്ടെത്തിയ ക്രമക്കേടുകളെപ്പറ്റി വിശദമായ റിപ്പോര്‍ട്ട് തയാറാക്കി മേല്‍നടപടികള്‍ക്കായി സര്‍ക്കാരിനു കൈമാറുമെന്ന് വിജിലന്‍സ് ഡയരക്ടര്‍ ബി.എസ്.മുഹമ്മദ് യാസിന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."