യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ- പൊലിസ് സംഘര്‍ഷം
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ അക്രമസംഭവവുമായി ബന്ധപ്പെട്ട് കോളജിനുള്ളില്‍ ഡ്യൂട്ടിയിലുള്ള പൊലിസ് ഉദ്യോഗസ്ഥരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് പൊലിസുകാരുമായി ഏറ്റുമുട്ടിയത്.
കോളജിലെ യൂനിയന്‍ മുറിയോട് ചേര്‍ന്നുള്ള ഓഡിറ്റോറിയത്തില്‍ നിന്ന് ഇറങ്ങണമെന്നാവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലിസിനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. കോളജില്‍ നിന്ന് എത്രയുംപെട്ടെന്ന് പുറത്തുപോകണമെന്ന് പറഞ്ഞുകൊണ്ട് അസഭ്യവര്‍ഷം ചൊരിഞ്ഞു.
തുടര്‍ന്ന് ഒരു പ്രകോപനവുമില്ലാതെ പൊലിസിന്റെ ലാത്തിയും ഷീള്‍ഡും വലിച്ചെറിയുകയും പൊലിസുകാരെ പിടിച്ചുതള്ളാന്‍ ശ്രമിക്കുകയും ചെയ്തു. അതേസമയം, പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞെങ്കിലും പുറത്തുപറയാനോ മറ്റു നടപടി സ്വീകരിക്കാനോ തയാറായില്ല.
പൊലിസിനെതിരേ കോളജിനുള്ളില്‍ നിന്ന് കൂടുതല്‍ എസ്.എഫ്.ഐക്കാര്‍ രംഗത്തുവന്നതോടെ വിഷയത്തില്‍ പ്രിന്‍സിപ്പല്‍ ഇടപെട്ടു. എസ്.എഫ്.ഐ നേതാക്കളെ അനുനയിപ്പിക്കാനുള്ള പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നുള്ള ശ്രമവും പരാജയപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്.എഫ്.ഐക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ചു. എന്നാല്‍, നേതാക്കള്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ല.
രംഗം കൂടുതല്‍ കലുഷിതമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഉച്ചകഴിഞ്ഞ് കോളജിന് അവധി പ്രഖ്യാപിച്ചു. ഒടുവില്‍ സി.പി.എം നേതാക്കള്‍ ഇടപെട്ടതോടെയാണ് താല്‍കാലികമായി സംഘര്‍ഷാന്തരീക്ഷത്തിന് ശമനമുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."