ബില്ലുകള്‍ സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടുന്നില്ല, രാജ്യസഭാ ചെയര്‍മാന് 17 പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്
ന്യൂഡല്‍ഹി: പരിശോധനയില്ലാതെ ബില്ലുകള്‍ പാസാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ ആശങ്കയും അമര്‍ഷവും രേഖപ്പെടുത്തി രാജ്യസഭയിലെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യനായിഡുവിന് കത്ത് നല്‍കി. സര്‍ക്കാര്‍ നടപടി തിരുത്താന്‍ സ്പീക്കര്‍ ഇടപെടണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി, ആര്‍.ജെ.ഡി, ടി.ഡി.പി, സി.പി.എം, സി.പി.ഐ, ഡി.എം.കെ, ആംആദ്മിപാര്‍ട്ടി, മുസ്‌ലിംലീഗ്, ടി.ആര്‍.എസ്, ജെ.ഡി.എസ്, എന്‍.സി.പി തുടങ്ങിയ പാര്‍ട്ടികളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്.
ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷത്തിന്റെ ആവര്‍ത്തിച്ചുള്ള ആവശ്യം സര്‍ക്കാര്‍ അവഗണിച്ചു വരികയാണ്. ഇതേത്തുടര്‍ന്നാണ് കത്ത്. പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിശോധനക്ക് വിടാതെ ധൃതിപിടിച്ച് പാസാക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ തങ്ങള്‍ക്ക് അമര്‍ഷവും ആശങ്കയുമുണ്ടെന്ന് കത്തില്‍ പറയുന്നു. നിയമനിര്‍മാണം നടത്തുമ്പോള്‍ ഇത്തരത്തിലുള്ള ആരോഗ്യകരമായ പാരമ്പര്യങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതില്‍ നിന്നുള്ള വ്യതിചലനമാണ് ഈ നടപടി.
14ാം ലോക്‌സഭയില്‍ 60 ശതമാനം ബില്ലുകളും 15ാം ലോക്‌സഭയില്‍ 75 ശതമാനം ബില്ലുകളും പരിശോധനക്ക് അയച്ചിട്ടുണ്ട്. 16ാം ലോക്‌സഭ വെറും 26 ശതമാനം ബില്ലുകള്‍ മാത്രമാണ് പരിശോധനക്ക് വിട്ടത്. 17ാം ലോക്‌സഭയില്‍ 14 ബില്ലുകള്‍ നടപ്പു സമ്മേളനത്തില്‍ പാസാക്കി. ഇതിലൊന്ന് പോലും പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിയുടെയോ സെലക്ട് കമ്മിറ്റിയുടെയോ പരിശോധനക്കായി സമര്‍പ്പിച്ചില്ല. നിയമനിര്‍മാണം ഫലപ്രദമാക്കുന്നതിന് ബില്ലുകള്‍ പൊതുജനങ്ങളുമായും ബന്ധപ്പെട്ട കമ്മിറ്റികളുമായും ചര്‍ച്ച ചെയ്യുന്നത് ദീര്‍ഘകാലമായി രാജ്യം തുടര്‍ന്നുവരുന്നതാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."