പരിമളം പരത്തി പാടിക്കുന്നില്‍ അനന്തശയനം പൂവിട്ടു
പനമരം: നടവയല്‍ പാടിക്കുന്നില്‍ അനന്തശയനം പൂവിട്ടു. പള്ളിയമ്പില്‍ വിശ്വംഭരന്റെ വീട്ടുമുറ്റത്തെ അനന്തശയനച്ചെടിയിലാണ് പൂക്കള്‍ വിരിഞ്ഞത്. പാതിരാവില്‍ നറുമണം പരത്തി വിടര്‍ന്ന 75 പൂക്കള്‍ പ്രദേശവാസികള്‍ക്ക് ദൃശ്യവിരുന്നായി. കഴിഞ്ഞരാത്രി ഒന്‍പതോടെയാണ് മൊട്ടുകള്‍ വിടരാന്‍ തുടങ്ങിയത്.
അര്‍ധരാത്രിയോടെ പൂക്കള്‍ പൂര്‍ണമായി വിരിഞ്ഞു. വിശ്വംഭരന്റെ ഭാര്യ വത്സല 15 വര്‍ഷം മുന്‍പ് ബത്തേരിയിലെ ബന്ധുവീട്ടില്‍നിന്നു കൊണ്ടുവന്ന് നട്ട ചെടിയാണ് പുഷ്പിച്ചത്. രാത്രി വിടര്‍ന്ന പൂക്കള്‍ നേരം പുലര്‍ന്നപ്പോഴേക്കും വാടി. സാധാരണ ഏപ്രില്‍, മെയ് മാസത്തിലാണ് അനന്തശയനം പുഷ്പിക്കുന്നത്. തൂവെള്ള നിറത്തിലും സര്‍പ്പാകൃതിയിലുമാണ് പൂക്കള്‍. ഇവയില്‍നിന്നുള്ള പരിമളം പ്രദേശം മുഴുവന്‍ വ്യാപിക്കും. നൂറകണക്കിനാളുകളാണ് പൂവിട്ട അനന്തശയനം കാണുന്നതിനു വിശ്വംഭരന്റെ വീട്ടിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."