ശബരിമല: കോടതി വിധിക്കൊപ്പം ആചാരങ്ങളെയും ബഹുമാനിക്കണം: ആനന്ദ് ശര്‍മ്മ
കൊച്ചി: ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധിക്കൊപ്പം ആചാരങ്ങളെയും ബഹുമാനിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ ആനന്ദ് ശര്‍മ്മ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശബരിമല വിവാദം ആരോഗ്യകരമായി അവസാനിപ്പിക്കണം. രാജ്യമൊട്ടാകെ ഇത് ഉറ്റുനോക്കുകയാണ്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നല്‍കിയ വാഗ്ദാനങ്ങളൊന്നും മോദി പാലിച്ചിട്ടില്ല. വരുമെന്നു പറഞ്ഞ അച്ഛേ ദിന്‍ രാജ്യത്തെ കര്‍ഷകര്‍ക്കോ യുവാക്കള്‍ക്കോ സ്ത്രീകള്‍ക്കോ കാണാനായിട്ടില്ല. തിന്നുകയുമില്ല, തീറ്റിക്കുകയുമില്ല എന്നതാണ് സര്‍ക്കാരിന്റെ നയം. റാഫേല്‍ അഴിമതി ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ അഴിമതിയാണ്. ഇതിന് ഉത്തരം പറയേണ്ട പ്രധാനമന്ത്രി മൗനവ്രതത്തിലാണ്. ജനത്തിന്റെ കോടതിയില്‍ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ടിവരും.
2019ലെ പൊതുതെരഞ്ഞെടുപ്പ് പ്രത്യയശാസ്ത്ര പോരാട്ടം കൂടിയാണ്. ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കുകയെന്നത് രാജ്യത്തിനുവേണ്ടി ചെയ്യാവുന്ന ഏറ്റവും നല്ല കാര്യമാണ്. തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിന് സഖ്യകക്ഷികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."