ഇന്തോനേഷ്യ: മരണം 1944 ആയി
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവൈസിയ ദ്വീപില്‍ ഭൂകമ്പത്തിലും സുനാമിയിലുമായി മരിച്ചവുരടെ എണ്ണം 1944 ആയി. 2549 ഇപ്പോഴു ആശുപത്രികളില്‍ ചികിത്സയിലാണെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് പറഞ്ഞു. 5000 പേരെ കാണാതായെന്ന് അധികൃതര്‍ ഇന്നലെ അറിയിച്ചു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകട വിവരങ്ങള്‍ പരിശോധിച്ചുവരുകയാണെന്നും മണ്ണിനും കെട്ടിടങ്ങള്‍ക്കുമിടയില്‍ കുടുങ്ങിയവരെ തിട്ടപ്പെടുത്താന്‍ സാധിച്ചിട്ടില്ലെന്നും ദുരന്ത നിവാരണ ഏജന്‍സി വക്താവ് സുടോപോ പര്‍വോ നഗ്രഹോ പറഞ്ഞു. ഒക്ടോബര്‍ 11വരെ തിരച്ചില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്താനാകാത്ത മേഖലകള്‍ കൂട്ടക്കുഴിമാടങ്ങളായി പ്രഖ്യാപിക്കാന്‍ നീക്കം നടക്കുന്നുണ്ട്. സൈന്യം, പൊലിസ്, സന്നദ്ധ സംഘങ്ങള്‍ ഉള്‍പ്പെടെ 82,000ത്തിലേറെ പേരുടെ നേതൃത്വത്തിലാണു രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. ദുരന്തത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനു പുറമെ ഭക്ഷണ, കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന മേഖലകളിലേക്ക് അവ എത്തിക്കുകയും ചെയ്യുന്നുണ്ട് രക്ഷാപ്രവര്‍ത്തകര്‍.
പാലു നഗരത്തില്‍ രക്ഷാപ്രവര്‍ത്തനം ഏറെക്കുറെ സമാപിച്ച സ്ഥിതിയിലാണെങ്കിലും പാലുവിലെ വിദൂരദിക്കുകളില്‍ പലയിടത്തും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇനിയും എത്തിച്ചേരാനായിട്ടില്ല.
മണ്ണിടിച്ചിലിലും മറ്റും ഗതാഗതമാര്‍ഗങ്ങള്‍ തകര്‍ന്നതാണ് ഇവിടങ്ങളിലെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചത്. ഈ മേഖലയില്‍ മരിച്ചവരുടെ കൃത്യമായ വിവരം ഇനിയും ലഭ്യമായിട്ടില്ല.
പല പ്രദേശങ്ങളെയും ചെളി മൂടി ശ്മശാന തുല്യമാക്കിയിരിക്കുന്നു. പെട്ടോബോ, ബലാറോവ എന്നീ പ്രദേശങ്ങള്‍ പൂര്‍ണമായും ഇന്തൊനീഷ്യന്‍ ഭൂപടത്തില്‍ നിന്നു തന്നെ ഇല്ലാതായ അവസ്ഥയിലാണ്. ജീവന്റെ തുടിപ്പു തേടിയിറങ്ങിയ ഫ്രഞ്ച് രക്ഷാസംഘം കണ്ടെത്തിയത് ചെളിയില്‍ നിന്നു മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന കൈകളും കാലുകളും മറ്റു ശരീരഭാഗങ്ങളും.
സെപ്റ്റംബര്‍ 28ന് 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ പലുവിന്റെ തെക്കന്‍ പ്രദേശങ്ങളില്‍ മറ്റൊരു പ്രതിഭാസം രൂപപ്പെട്ടു. മണ്ണ് കുഴമ്പു പരുവത്തിലാകുന്നതായിരുന്നു അത്. മണ്ണിലെ ജലത്തിന്റെ സാന്നിധ്യം അസാധാരണമായി കൂടിയതായിരുന്നു പ്രശ്‌നം. എന്നാല്‍ ഇതെങ്ങനെ സംഭവിച്ചു എന്നതില്‍ ഇപ്പോഴും വിശദീകരണമായിട്ടില്ല.
നിന്ന നില്‍പില്‍ 1700ഓളം വീടുകളാണ് ഭൂമിക്കടിയിലേക്ക് വലിച്ചെടുക്കപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. പല സ്ഥലങ്ങളിലും വീടുകളും മറ്റു കെട്ടിടങ്ങളും രണ്ടായി പിളര്‍ന്നു. ഈ വീടുകള്‍ക്കൊപ്പം നൂറുകണക്കിനു പേരും മണ്ണിനടിയിലായെന്നാണു നിഗമനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."