ബ്രറ്റ് കവനോവ് യു.എസ് സുപ്രിംകോടതി ജഡ്ജി
വാഷിങ്ടണ്‍: ലൈംഗിക ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമൊടുവില്‍ ബ്രറ്റ് കവനോവ് യു.എസിലെ 114ാം സുപ്രിംകോടതി ജഡ്ജിയായി ചുമതലയേറ്റു. സുപ്രിംകോടതിയില്‍ സ്വകാര്യമായി നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്ട്‌സ് നേതൃത്വം നല്‍കി.
സുപ്രിംകോടതി ജഡ്ജിയായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നിര്‍ദേശിച്ച കവനോവിനെ 50 സെനറ്റര്‍ പിന്തുണച്ചപ്പോള്‍ 48 പേര്‍ എതിര്‍ത്തു. റിപബ്ലിക്കന്‍ പാര്‍ട്ടിയില്‍ തന്നെ കവനോവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ എതിര്‍പ്പുയര്‍ന്നിരുന്നു. എന്നാല്‍ വോട്ടെടുപ്പില്‍ വിജയിച്ചത് നവംബറില്‍ നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിലെ ട്രംപിന്റെ രാഷ്ട്രീയ വിജയം കൂടിയാണ്. വോട്ടെടുപ്പിന്റെ മുന്‍പ് കവനോവിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ വാഷിങ്ടണിലെ കാപിറ്റോളില്‍ പ്രതിഷേധവുമായി നൂറുകണക്കിന് പേര്‍ എത്തിയിരുന്നു.
കവനോവിനെതിരേ ലൈംഗിക ആരോപണവുമായി രണ്ട് പേര്‍ രംഗത്തെത്തിയിരുന്നു. പാലോ ഓള്‍ട്ടോ സര്‍വകലാശാല അധ്യാപികയായ ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡ് ആണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഹൈസ്‌കൂള്‍ കാലത്ത് ഒരു പാര്‍ട്ടിയ്ക്കിടയില്‍ കവനോവ് ഇവരെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. എന്നാല്‍ കവനോവ് ഈ ആരോപണം തള്ളിയിരുന്നു.
ഹൈസ്‌കൂള്‍ ക്ലാസില്‍ പഠിക്കുമ്പോഴോ അതിനു ശേഷമോ താന്‍ ആരെയും ലൈംഗികമായി പീഡിപ്പിച്ചിട്ടില്ല. കൗമാര കാലത്ത് ഫോര്‍ഡുമായി താന്‍ കണ്ടുമുട്ടിയിട്ടുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കളായിരുന്നില്ല. മാത്രമല്ല, തങ്ങള്‍ ഒരുമിച്ച് ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തിട്ടുമില്ല എന്നാണ് കവനോവ് ഇതിന് മറുപടി നല്‍കിയിരിക്കുന്നത്.
1983ല്‍ യേല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് പാര്‍ട്ടിക്കിടെ കവനോവ് ലൈംഗിക അവയവം പ്രദര്‍ശിപ്പിച്ചെന്ന് ഡെബോറോ റാമിരസെന്ന സ്ത്രീയും ആരോപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യവും കവനോവ് നിഷേധിച്ചിരുന്നു. അത്തരമൊരു കാര്യം താന്‍ ഒരിക്കലും ചെയ്തിട്ടില്ല. അങ്ങനെയൊരു സംഭവം ഉണ്ടായിരുന്നെങ്കില്‍ അന്നത് വലിയ സംസാരവിഷയമാകുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
1881 ല്‍ സ്റ്റാന്‍ലി മാത്യൂസ് 23 നെതിരേ 24 വോട്ടുകള്‍ക്ക് ജയിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയും കുറവ് വോട്ട് വ്യത്യാസത്തില്‍ ഒരാള്‍ ജഡ്ജി സ്ഥാനത്തേക്ക് എത്തുന്നത്. വോട്ടിങ്ങിന് ശേഷവും പ്രതിഷേധവുമായി ആയിരക്കണക്കിന് പേര്‍ വാഷിങ്ടണില്‍ തെരുവിലിറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."