മഴയില്‍ മരം കടപുഴകി വീണു വീടും വൈദ്യുതിപോസ്റ്റുകളും തകര്‍ന്നു
ശാസ്താംകോട്ട: രണ്ടു ദിവസമായി തകര്‍ത്തു പെയ്യുന്ന മഴയില്‍ കുന്നത്തൂര്‍ താലൂക്കില്‍ വ്യാപകനാശം. പലയിടത്തും മരച്ചില്ലകള്‍ ഒടിഞ്ഞുവീണ് ഗതാഗതവും മണിക്കൂറുകളോളം വൈദ്യുതിയും നിലച്ചു. കൃഷിനാശവും വ്യാപകമാണ്. ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ വാഴ ഉള്‍പ്പെടെയുള്ള കൃഷികള്‍ കാറ്റിലും മഴയിലും തകര്‍ന്നടിഞ്ഞു. ഏലാകളില്‍ മഴവെള്ളം നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാല്‍ കാര്‍ഷികവിളകള്‍ വെള്ളത്തിനടിയിലായി. ഇതിനാല്‍ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായിരിക്കുന്നത്.
പോരുവഴി വെളുത്തേടത്ത് വീട്ടില്‍ ചന്ദ്രന്റെ വീടിനു മുകളിലേക്ക് റബ്ബര്‍മരം പിഴുതുവീണ് വീടിന് നാശനഷ്ടം സംഭവിച്ചു. ഓടിട്ട വീടിന്റെ മുകളിലേക്ക് കഴിഞ്ഞ രാത്രി രണ്ടോടെയാണ് നാലോളം റബ്ബര്‍ മരങ്ങള്‍ പിഴുതു വീണത്. രണ്ട് മുറിയും മേല്‍ക്കൂരയും പൂര്‍ണമായും തകര്‍ന്നു. കുന്നത്തൂര്‍ പാലത്തിന് സമീപം വീട്ടുമുറ്റത്ത് നിന്ന ആഞ്ഞിലിമരം കടപുഴകി വീണ് മൂന്ന് വൈദ്യുത പോസ്റ്റുകളും വൈദ്യുതി ലൈനും തകര്‍ന്നു. കുന്നത്തൂര്‍ പാലത്തിനുതാഴെ കടവിലേക്ക് ആറ്റുകടവ് ജങ്ഷനില്‍ നിന്നും പോകുന്ന റോഡരികിലുള്ള മരമാണ് കഴിഞ്ഞ ദിവസം രാത്രി ഒന്നോടെ പിഴുതുവീണത്.
മരം വൈദ്യുതി ലൈനിന്റെ മുകളിലേക്ക് വീണതിനാല്‍ കൊട്ടാരക്കര പ്രധാനപാതയിലെ പോസ്റ്റുകള്‍ നിലംപതിക്കുകയായിരുന്നു. മരം വീഴുന്നതിന് തൊട്ടുമുമ്പ് കടവ് റോഡിലൂടെ പോയ ശാസ്താംകോട്ട പൊലിസും വഴിയില്‍ കുടുങ്ങി. തുടര്‍ന്ന് ശാസ്താംകോട്ട ഫയര്‍ഫോഴ്‌സ് യൂണിറ്റെത്തി മരം മുറിച്ച് നീക്കുകയുമായിരുന്നു. ഇതോടെ കുന്നത്തൂര്‍ മേഖലയില്‍ നിലച്ച വൈദ്യുതി ബന്ധം പുന:സ്ഥാപിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."