പാകിസ്താന്റെ എഫ്-16 യുദ്ധവിമാനങ്ങള്‍ക്ക് യു.എസിന്റെ പൂര്‍ണ സാങ്കേതിക സഹായം
യു.എസ് അനുമതി നല്‍കിയത് 125 ദശലക്ഷം ഡോളറിന്റെ സഹായം
വാഷിങ്ടണ്‍: പാകിസ്താന്റെ എഫ്. 16 യുദ്ധവിമാനങ്ങള്‍ക്കുള്ള സമ്പൂര്‍ണ സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് അമേരിക്ക. ഇതിനായി 125 ദശലക്ഷം ഡോളറിന്റെ സാങ്കേതിക സഹായമാണ് പാകിസ്താന് അമേരിക്ക നല്‍കുക.
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. നേരത്തെ ഇന്ത്യയുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് പാകിസ്താനുമായി ഒപ്പുവച്ച 50,000 തോക്കുകള്‍ക്കുള്ള കരാറില്‍ നിന്ന് റഷ്യ പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന് സാങ്കേതിക സഹായം നല്‍കാന്‍ അമേരിക്ക തീരുമാനിച്ചത്.
പാകിസ്താന്റെ എഫ്. 16 യുദ്ധ വിമാനങ്ങള്‍ക്ക് മുഴുവന്‍ സമയവും സാങ്കേതിക സുരക്ഷയും നിരീക്ഷണവും ഒരുക്കുന്നതിന് അനുമതി നല്‍കുന്നതായി അമേരിക്കന്‍ പ്രതിരോധകേന്ദ്രമായ പെന്റഗണ്‍ യു.എസ് കോണ്‍ഗ്രസിനെ അറിയിച്ചു. പുതിയ കരാറോടെ എഫ്. 16 വിമാനങ്ങള്‍ക്ക് മുഴുസമയവും ഉപയോഗത്തിനും നിരീക്ഷണത്തിനുമുള്ള സഹായമാവും പാകിസ്താന് ലഭിക്കുക. 60 കരാറുകാരുടെ സംഘത്തെ ഇതിനായി നിയോഗിക്കാനാണ് പെന്റഗണ്‍ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരം പാകിസ്താന് നല്‍കിയിരുന്ന സുരക്ഷാ സഹായങ്ങള്‍ മരവിപ്പിച്ചിരുന്നു.
എന്നാല്‍ സുരക്ഷാ സഹായം മരവിപ്പിച്ച നടപടിയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പുതിയ തീരുമാന പ്രകാരം എഫ്.16 വിമാനങ്ങള്‍ക്ക് 24 മണിക്കൂറും ഉപയോഗത്തിനും നിരീക്ഷണത്തിനുമുള്ള സഹായം ലഭ്യമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും പെന്റഗണ്‍ വൃത്തങ്ങള്‍ വിശദീകരിച്ചു. പാകിസ്താനുമായുള്ള ബന്ധം ഊഷ്മളമാക്കുകയെന്ന ലക്ഷ്യത്തില്‍ ചില സുരക്ഷാ സഹായങ്ങങ്ങള്‍ പുനഃസ്ഥാപിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അമേരിക്കന്‍ വിദേശകാര്യ വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.
1980കളില്‍ ജനറല്‍ സിയാവുല്‍ ഹഖ് പാക് പട്ടാളഭരണാധികാരിയായ കാലത്താണ് എഫ്.16 യുദ്ധവിമാനങ്ങള്‍ പാകിസ്താന് ലഭ്യമാക്കിയത്. തിങ്കളാഴ്ചയാണ് ട്രംപും ഇമ്രാന്‍ഖാനും കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെ കൂടിക്കാഴ്ച വന്‍ വിജയമായിരുന്നുവെന്ന് ഇരുരാഷ്ട്ര നേതാക്കളും അവകാശപ്പെടുകയും ചെയ്യുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."