കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം: മനുഷ്യാവകാശ കമ്മിഷന്‍ കുടുംബത്തിന്റെ വാദം കേള്‍ക്കും
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റെ നീതി തേടിയുള്ള പോരാട്ടം തുടരുന്നതിനിടെ നേരിയ പ്രതീക്ഷയായി മനുഷ്യാവകാശ കമ്മിഷന്‍ ഇടപെടല്‍. ഈ മാസം 22ന് കല്‍പ്പറ്റയിലും 23ന് കോഴിക്കോട് കലക്ടറേറ്റിലുമായി നടക്കുന്ന കമ്മിഷന്റെ സിറ്റിങില്‍ കുടുംബത്തിന്റെ വാദം കേള്‍ക്കാനാണ് തീരുമാനം.
ഭൂമി പ്രശ്‌നവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളാണ് കമ്മിഷന്‍ മുന്‍പാകെയുള്ളത്. ഒന്ന് മനുഷ്യാവകാശ കമ്മിഷന്‍ സ്വമേതയ എടുത്തതും മറ്റൊന്ന് ഹരിതസേന ചെയര്‍മാന്‍ അഡ്വ. പ്രതീപ് സമര്‍പ്പിച്ച മറ്റൊരു കേസുമാണ് പരിശോധിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ ഡൊമിനിക്കിന്റെ നേതൃത്വത്തിലാണ് സിറ്റിങ് നടക്കുക.
ആദ്യദിവസം സ്വമേധയാ എടുത്ത കേസ് പരിഗണിക്കും.
രണ്ടാം ദിവസം കോഴിക്കോട് കലക്ടറേറ്റില്‍ നടക്കുന്ന സിറ്റിങില്‍ പ്രതീപിന്റെ പരാതിയും പരിഗണിക്കും.
കേസ് മനുഷ്യാവകാശ കമ്മിഷന്‍ പരിഗണിക്കുന്നതില്‍ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് തന്റെ പ്രതീക്ഷയന്നും ജെയിംസ് പറഞ്ഞു. വയനാട് കലക്ടറേറ്റിന് മുന്നില്‍ 1551 ദിവസത്തിലധികമായി നടത്തുന്ന സമരം പുതിയ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.
വനം വകുപ്പ് അനധികൃതമായി പിടിച്ചെടുത്ത കാഞ്ഞിരത്തിനാല്‍ ജോര്‍ജ്ജിന്റെ ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാറിനോട് വിശദീകരണം തേടിയിരുന്നു.
വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് കുടുംബത്തിന്റെ ഭാഗം കേള്‍ക്കാന്‍ സിറ്റിങിലേക്ക് വിളിപ്പിച്ചത്.
42 വര്‍ഷമായി സ്വന്തം ഭൂമിക്ക് വേണ്ടി പോരാടുന്ന ജോര്‍ജ്ജിന്റെ കുടുംബത്തിന് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടല്‍ പുതിയ പ്രതീക്ഷ നല്‍കുകയാണ്.
വനം വകുപ്പ് പിടിച്ചെടുത്ത ഭൂമി തിരികെ നല്‍കി കൊണ്ട് 2007ല്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നെങ്കിലും വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിക്കുകയും ഭൂമി തിരികെ നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിക്കുകയുമായിരുന്നു.
2009ല്‍ വിജിലന്‍സും 2016ല്‍ മാനന്തവാടി സബ് കലക്ടറായിരുന്ന സാംബശിവറാവുവും ജോര്‍ജ്ജിന്റെ ഭൂമി വനഭൂമിയല്ലായെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യാജരേഖയുണ്ടാക്കിയാണ് ഭൂമി പിടിച്ചെടുത്തതെന്നും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
എന്നാല്‍ ഹൈക്കോടതിയില്‍ കേസ് വാദത്തിന് വന്നപ്പോള്‍ സര്‍ക്കാര്‍ ബോധപൂര്‍വം മൗനം പാലിച്ച് സര്‍ക്കാറിനെതിരേ തന്നെ വിധി വാങ്ങിക്കുകയായിരുന്നു. എന്തായാലും മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ പ്രതീക്ഷ അര്‍പ്പിച്ച് കഴിയുകയാണ് കാഞ്ഞിരത്തിനാല്‍ കുടുംബം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."