ജനല്‍ വഴി മോഷണം: വഴിക്കടവില്‍ യുവാവ് പിടിയില്‍
നിലമ്പൂര്‍: സ്വര്‍ണമാല മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയിലായി. വഴിക്കടവ് നാരോകാവ് ഒന്നാംപടിയിലെ കൊളോറമ്മല്‍ മുബഷിറാണ്(അണ്ണന്‍ 25) എടക്കര സി.ഐ സുനില്‍ പുളിക്കല്‍,എസ്.ഐ സജിത് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘത്തിന്റെ പിടിയിലായത്. കെട്ടിട നിര്‍മാണ തൊഴിലാളിയാണ്.
മോഷണം പോയ സ്വര്‍ണമാല പ്രതിയില്‍നിന്നു കണ്ടെടുത്തു. കഴിഞ്ഞ 24നാണ് കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ പാലേമാട് സൊസൈറ്റിപ്പടിയിലുള്ള ഇരുനില വീടിന്റെ മുകള്‍ നിലയിലേക്ക് പുറത്തെ ശുചിമുറിയുടെ മുകളിലുടെ കയറിയ പ്രതി, കിടപ്പ് മുറിയുടെ ജനല്‍ പാളി തുറന്ന് കര്‍ട്ടന്‍ നീക്കി ഒളിഞ്ഞ് നോക്കാന്‍ ശ്രമിച്ചതോടെ ജനലിനോട് ചേര്‍ന്ന് ഊരിവച്ച നിലയില്‍ മൂന്ന് പവന്‍ സ്വര്‍ണ മാല കാണുകയായിരുന്നു. മാലയുമായി പ്രതി കടന്നുകളഞ്ഞു. രാവിലെ മാല കാണാതായതും ജനല്‍ പാളി തുറന്ന് കിടക്കുന്നതും ശ്രദ്ധയില്‍പെട്ട വീട്ടുകാര്‍ പുറത്ത് ഓട് പൊട്ടിയതായും ടെറസില്‍ ചവിട്ടിന്റെ പാടും കണ്ടു. തുടര്‍ന്ന് പൊലിസില്‍ പരാതിപ്പെടുകയായിരുന്നു.
ജ്വല്ലറികളില്‍ വിവരം നല്‍കിയത് പ്രകാരം രണ്ട് ദിവസം കഴിഞ്ഞ് ഒരു യുവതി മാല വില്‍ക്കാനായി ജ്വല്ലറിയല്‍വന്ന് പോയതായി വിവരം ലഭിച്ചു. പിന്‍തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന കിട്ടിയത്. പ്രതി മദ്യം, മയക്ക് മരുന്നിന് അടിമയും പതിവായി വീടുകളില്‍ ഒളിഞ്ഞ് നോട്ടം നടത്തുന്നയാളുമാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പൊലിസ് പറഞ്ഞു. പരാതിക്കാരന്റെ പേരുള്ള മഹര്‍ മാലയുടെ ലോക്കറ്റ് പ്രതിയുടെ കിടപ്പ് മുറിയില്‍ ഒളിപ്പിച്ച് വച്ച നിലയില്‍ കണ്ടെടുത്തു. മോഷ്ടിച്ച മാല പ്രതിയും സുഹൃത്തുക്കളും നിലമ്പൂരിലെ പല സ്വര്‍ണമിടപാട് സ്ഥാപനങ്ങളിലും കടകളിലും വില്‍പന നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ മറ്റൊരു സുഹൃത്ത് മുഖേന എടക്കരയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചു. എന്നാല്‍ പിടി വീഴുമെന്ന് കണ്ട് ഇത് തിരിച്ചെടുത്ത് കോഴിക്കോട് വില്‍പ്പന നടത്താനായി പദ്ധതിയിട്ടതായിരുന്നു. അതിനിടയിലാണ് പിടിയിലായത്.
മോഷണമുതല്‍ വിറ്റ് കിട്ടിയ പണം മദ്യപിച്ച് ധൂര്‍ത്തടിക്കാനാണ് ഉപയോഗിക്കുന്നതെന്ന് മൊഴി നല്‍കിയിട്ടുണ്ട്. സ്‌പെഷ്യല്‍ സ്‌ക്വാഡ് എ.എസ്.ഐ എം. അസൈനാര്‍, എസ്.സി.പി.ഒ സതീഷ് കുമാര്‍, സിപി.ഒമാരായ എന്‍.പി സുനി, ഇ.ജി പ്രദീപ്, സജീഷ്, എം.നജീബ്, വനിതാ സിപിഒ സുനിത എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."