മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തോന്നും പോലെ ചെലവഴിക്കുന്നു: കെ.എം ഷാജി
കാഞ്ഞങ്ങാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തോന്നും പോലെ ചെലവഴിക്കുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ലീഗ് കമ്മിറ്റി മാന്തോപ്പ് മൈതാനിയില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന് പ്രത്യേക ഫണ്ട് ഉണ്ടാക്കണമെന്നു പറഞ്ഞപ്പോള്‍ നിയമമില്ലന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. നിയമസഭയിലെ 140 എം.എല്‍.എമാരും ഇരിക്കുന്നത് നിയമം നിര്‍മിച്ചു നല്‍കാനാണെന്ന ബോധം സര്‍ക്കാറിനുവേണം. കറന്‍സിയുടെ മൂല്യം കുറയുന്നതിനുസരിച്ച് രാജ്യത്തിന്റെ സമ്പദ് ഘടന തകരുകയാണ്. വൈകാരികത കൊണ്ട് ഒരു രാജ്യത്തെ ഭരിക്കാന്‍ കഴിയുകയില്ലായെന്നതാണ് മോദി സര്‍ക്കാര്‍ നല്‍കുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.
ഏതുവിശ്വാസത്തെയും സംരക്ഷിക്കാന്‍ മുസ്‌ലിം ലീഗ് എല്ലാകാലത്തും വിശ്വാസികളുടെ കൂടെയുണ്ടാവുമെന്നും കെ.എം ഷാജി പറഞ്ഞു. കോടതികള്‍ മത വിശ്വാസത്തിനുമുകളില്‍ ഇടിച്ചു കയറാന്‍ ശ്രമിക്കുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കണം എന്ന് സുപ്രിം കോടതി പറയുമ്പോള്‍ അതാണ് സംഭവിക്കുന്നത്. ഇത്തരം വിധികള്‍ ഏക സിവില്‍ കോഡിലേക്കുള്ള പ്രയാണമാണെന്നും സംശയിക്കേണ്ടിയിരിക്കുന്നു. മുസ്‌ലിം സ്ത്രീകള്‍ പള്ളിയില്‍ പോകണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞ സമയത്ത് സി.പി.എമ്മിനുവേണ്ടി പ്രവര്‍ത്തിച്ച മുസ്‌ലിം സംഘടനകള്‍ക്ക് നാക്കിറങ്ങി പോയോയെന്നും ഷാജി ചോദിച്ചു.
സമ്മേളനം ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍.എ ഖാലിദ് അധ്യക്ഷനായി. എം. ഇബ്രാഹിം, കെ. മുഹമ്മദ് കുഞ്ഞി, എം.പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുറഹിമാന്‍, എ. ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."