പിടിവിട്ടു പോകുന്ന കശ്മിര്‍
കേന്ദ്രസര്‍ക്കാരിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നയ വൈകല്യങ്ങളാല്‍ കശ്മിര്‍ പ്രശ്‌നം കൈവിട്ടു പോകുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രക്ഷോഭം തുടങ്ങിയ കശ്മിരില്‍ ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായിരുന്ന സബ്‌സര്‍ ഭട്ടിന്റെ വധത്തോടെ കശ്മിര്‍ എരിയുകയാണ്. കഴിഞ്ഞ ശനിയാഴ്ച താഴ്‌വരയില്‍ ഉണ്ടായ സൈനികനടപടിയില്‍ പത്തു ഭീകരരെ സൈന്യം വധിച്ചുവെങ്കിലും തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ നിയന്ത്രണാധീതമായിരിക്കുകയാണ്.
പ്രക്ഷോഭകര്‍ക്കെതിരേ സൈന്യം നടത്തിയ ബലപ്രയോഗത്തില്‍ പ്രതിഷേധിച്ച് കശ്മിരില്‍ കഴിഞ്ഞ രണ്ടു ദിവസം ഹര്‍ത്താല്‍ ആചരിക്കുകയുണ്ടായി. തലസ്ഥാനമായ ശ്രീനഗറിലെ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിശാനിയമം പ്രഖ്യാപിച്ചിരിക്കുകയാണിപ്പോള്‍. കശ്മിരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പറഞ്ഞത് കശ്മിര്‍ കൈവിട്ടുപോകുന്നതിന്റെ സൂചനയായി വേണം കാണാന്‍. ആരും ഇഷ്ടപ്പെടുന്നതല്ലല്ലോ രാഷ്ട്രപതി ഭരണം. ഫാറൂഖ് അബ്ദുല്ലയുടെ നാഷണല്‍ കോണ്‍ഫറന്‍സോ മെഹബൂബ മുഫ്തിയുടെ പി.ഡി.പിയോ കശ്മിര്‍ പ്രശ്‌നം രമ്യമായി തീരണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നില്ല എന്നതാണ് വസ്തുത. രണ്ടു പാര്‍ട്ടികളും സംഘര്‍ഷങ്ങള്‍ അതേപടി നിലനിര്‍ത്തി അതില്‍നിന്നു രാഷ്ട്രീയ ലാഭം നേടാനാണ് ശ്രമിക്കുന്നത്. സൈന്യത്തിന് നേരെ കല്ലെറിയുന്ന യുവാക്കളെ പിന്തിരിപ്പിക്കാന്‍ ഇവര്‍ക്കാകുന്നില്ല. ഇതിന്റെ ഫലമായി നിരായുധരായ ജനതക്ക് നേരെ സൈന്യം പ്ലെല്ലറ്റുകള്‍ നിരന്തരം പ്രയോഗിച്ചുകൊണ്ടിരിക്കുന്നു. ഈയക്കട്ടകള്‍ അടങ്ങിയ പ്ലെല്ലറ്റ് പ്രയോഗത്തില്‍ നിരവധി യുവാക്കള്‍ക്കാണ് കാഴ്ച നഷ്ടപ്പെട്ടത്. നൂറുകണക്കിന് യുവാക്കള്‍ അംഗഭംഗം വന്നവരാണ്.
കേന്ദ്രസര്‍ക്കാര്‍ ആകട്ടെ ആര്‍.എസ്.എസിന്റെ നിലപാടിനനുസൃതമായാണ് കശ്മിര്‍ പ്രശ്‌നം കൈയാളുന്നത്. ചര്‍ച്ചകളുടെ വാതിലുകളെല്ലാം കൊട്ടിയടച്ചത് ഇതിന്റെ ഫലമായിട്ടാണ്. ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രക്ഷുബ്ധമായ കശ്മിരിനെ സമാധാനത്തിലേക്ക് കൊണ്ടുവരുന്നതിനു പകരം ബുര്‍ഹാന്‍ വാനിയുടെ പിന്‍ഗാമിയായി പ്രവര്‍ത്തിച്ചുവന്ന സബ്‌സര്‍ ഭട്ടിനെ വധിച്ചുകൊണ്ട് കശ്മിരിനെ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് സര്‍ക്കാര്‍ വലിച്ചെറിഞ്ഞിരിക്കുന്നത്. വിഘടനവാദികളുമായും പ്രക്ഷോഭകരുമായും ചര്‍ച്ച ചെയ്യണം. അതിനുള്ള അവസരമാണ് കേന്ദ്രസര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനുള്ള വലിയൊരു അവസരം ഇതുവഴി നഷ്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. യുവാക്കളുടെ പ്രക്ഷോഭത്തെ സൈന്യത്തെകൊണ്ട് ചെറുത്തുതോല്‍പ്പിക്കാനാവുമെന്ന് കരുതുന്നത് മൗഡ്യമാണ്.
വിവിധയിടങ്ങളിലാണ് ഒരേസമയം യുവാക്കള്‍ സൈന്യത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങുന്നത്. കശ്മിരിനെ സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള അവസരം കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം ഒഴിവാക്കുകയാണോ എന്നും കരുതേണ്ടിയിരിക്കുന്നു. വിദ്യാലയങ്ങള്‍ അടഞ്ഞുകിടപ്പാണ്. അധ്യാപകര്‍ പണിമുടക്കിലും. കച്ചവടസ്ഥാപനങ്ങള്‍ തുറക്കുന്നില്ല. കശ്മിരില്‍ ഒരു ഭരണകൂടം തന്നെ ഇല്ലാത്ത പ്രതീതിയാണിപ്പോഴുള്ളത്. കശ്മിര്‍ പ്രശ്‌നത്തില്‍ പാര്‍ലമെന്റില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ തുടര്‍ന്ന് താഴ്‌വര സന്ദര്‍ശിക്കുവാനും പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും സര്‍ക്കാര്‍ സര്‍വകക്ഷിസംഘത്തെ നിയോഗിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വകക്ഷി പ്രതിനിധികള്‍ കശ്മിര്‍ സന്ദര്‍ശിച്ചു. എല്ലാ വിഭാഗം ജനങ്ങളുമായും സര്‍ക്കാര്‍ ആശയവിനിമയം നടത്തി ജനങ്ങളുടെ വിശ്വാസം നേടിയെടുക്കണമെന്ന് സര്‍വകക്ഷി സംഘത്തിന്റെ ശുപാര്‍ശ പക്ഷേ, കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞു. ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ വസ്തുതാന്വേഷണ സംഘം കശ്മിര്‍ സന്ദര്‍ശിക്കുകയും സമാധാനം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ എല്ലാവരുമായും ചര്‍ച്ച നടത്തണമെന്ന റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ ശുപാര്‍ശയും ബി.ജെ.പി സര്‍ക്കാര്‍ അവഗണിച്ചു.
സൈനിക നടപടികള്‍ കൊണ്ട് കശ്മിര്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇതിന്റെ പ്രചോദന കേന്ദ്രം ആര്‍.എസ്.എസുമാണ്. കേന്ദ്രസര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട് കൊണ്ട് കശ്മിരില്‍ ഒരിക്കലും ശാന്തി ഉണ്ടാവുകയില്ല. കൂടുതല്‍ സങ്കീര്‍ണമാവുകയേയുള്ളൂ. ഇതില്‍ നിന്നു പാകിസ്താന്‍ മുതലെടുത്തുകൊണ്ടിരിക്കുകയും ചെയ്യും. ബി.ജെ.പിയുമായി ഇപ്പോഴും സഖ്യം തുടരുന്ന മെഹബൂബ മുഫ്തി ജനവിശ്വാസം പൂര്‍ണമായും നഷ്ടപ്പെടുത്തിയ അവസ്ഥയിലാണ്. അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവയ്പുകള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരവസരത്തില്‍ കശ്മിരിനെ വിശ്വാസത്തിലെടുക്കാതെ സൈനികമായി അടിച്ചമര്‍ത്താമെന്ന് കരുതുന്ന കേന്ദ്രസര്‍ക്കാര്‍ പിടിപ്പുകേടാണ് പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."