റോഷിയെ പരസ്യ സംവാദത്തിന് ക്ഷണിച്ച് എം.പിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജ് വിഷയത്തില്‍ സ്ഥലം എം എല്‍ എ റോഷി അഗസ്റ്റിനെ പരസ്യ സംവാദത്തിന് ക്ഷണിച്ച് ജോയ്‌സ് ജോര്‍ജ്ജ് എം പി യുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വസ്തുതകളുടെയും രേഖകളുടേയും അടിസ്ഥാനത്തില്‍ തുറന്ന സംവാദം നടത്തി ജനങ്ങളെ യാഥാര്‍ത്ഥ്യം ബോധ്യപ്പെടുത്താന്‍ ഇതിലൂടെ കഴിയുമെന്നും എം.പി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പാര്‍ലമെന്റ് അംഗം എന്ന നിലയിലല്ല, ഒരു ഇടുക്കിക്കാരനെന്ന നിലയിലാണ് പരസ്യ സംവാദത്തിന് എം എല്‍ എ യെ ക്ഷണിക്കുന്നതെന്നും അദ്ദേഹം വ്യക്തിമാക്കി. വസ്തുതകള്‍ മനസ്സിലാക്കാതെയും, പാതി മനസ്സിലാക്കിയത് മറച്ചു വച്ചും ദുഷ്പ്രചരണം നടത്തി മുന്നോട്ടു പോകുന്നത് ചതിയാണ്. അത്തരം ചതികള്‍ തിരിച്ചറിയാന്‍ സംവാദത്തിലൂടെ ജനങ്ങള്‍ക്ക് അവസരമുണ്ടാകും. പ്രഖ്യാപിച്ചും, വാഗ്ദാനം നടത്തിയും ആരുടെയെങ്കിലും മേല്‍ കുറ്റം ചാര്‍ത്തിയും കൊണ്ടാടേണ്ട രാഷ്ട്രീയ നാടകമല്ല മെഡിക്കല്‍ കോളജ് എന്ന് എം പി പറയുന്നു.
വാദിച്ച് ജയിക്കുവാനോ, തോല്‍ക്കുവാനോ അല്ല സംവാദം നടത്തുന്നത്. യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ട് കൂട്ടായ പരിശ്രമത്തോടെ മെഡിക്കല്‍ കോളജ് ഉണ്ടാക്കുവാനാണ്.
കാരണം അസത്യപ്രചരണത്തില്‍ നിന്ന് രൂപപ്പെടുത്തുന്ന ഇരുട്ടില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള ദൂരം കൂടുതലാണ്. നമുക്കാവശ്യം സത്യം പകരുന്ന വെളിച്ചത്തിന്റെ കരുത്തില്‍ മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുക എന്നതാണ്. മെഡിക്കല്‍ കോളജ് ഒരു സ്വപ്നമല്ലെന്നും ഇടുക്കിക്കാരന്റെ മുന്നോട്ടുള്ള പ്രയാണത്തിലേയ്ക്കുള്ള അനിവാര്യതയാണെന്നും ഇവിടെ വിലാപങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും പോസ്റ്റില്‍ പറയുന്നു.
എല്ലാ സൗകര്യങ്ങളോടും കൂടിയ മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി മുന്നിലുണ്ടാകുമെന്ന് വ്യക്തമാക്കിയാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളുടേയും പകര്‍പ്പുകളും കുറിപ്പിനോടൊപ്പം ഫെയ്‌സ് ബുക്കില്‍ ചേര്‍ത്തിട്ടുണ്ട്. അതേസമയം റോഷി അഗസ്റ്റിനാകട്ടെ എം പി യുടെ സംവാദത്തിലേയ്ക്കുള്ള ക്ഷണത്തോട് പ്രതികരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."