കാവ്യ കത്തെഴുതി; ബേക്കലില്‍ ശൗചാലയം പണിയാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
കാസര്‍കോട്: ബേക്കല്‍ കോട്ടയില്‍ ശൗചാലയമില്ലാത്തതിനാല്‍ വിഷമിച്ച വിദ്യാര്‍ഥിനിയുടെ കത്തിനെ തുടര്‍ന്ന് ശൗചാലയം പണിയാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം.
തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആര്‍ക്കിയോളജിക്കല്‍ വകുപ്പിനോട് ഒരു മാസത്തിനകം ശൗചാലയം പണിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആര്‍ക്കിയോളജിക്കല്‍ വകുപ്പ് രേഖാമൂലം ഇക്കാര്യം വിദ്യാര്‍ഥിനിയെ അറിയിച്ചു.
ബോവിക്കാനം ബി.എ.ആര് എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാര്‍ഥിനിയും മുളിയാര്‍ സ്വദേശിനിയുമായ എം. കാവ്യാ ഉണ്ണി നല്കിയ പരാതിയിലാണ് പ്രധാനമന്ത്രി അടിയന്തര നിര്‍ദേശം നല്‍കിയത്. മധ്യവേനലവധിയായതിനാല് ഇക്കഴിഞ്ഞ ഏപ്രില്‍ 30നാണ് കാവ്യ കുടുംബത്തോടൊപ്പം ബേക്കല്‍ കോട്ടയിലെത്തിയത്. ശൗചാലയം അന്വേഷിച്ച് ജീവനക്കാരെ സമീപിച്ചപ്പോള്‍ അവര്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയായിരുന്നു. ബേക്കല്‍ കോട്ടയില്‍ പ്രവേശിക്കുന്നതിന് 15 രൂപയാണ് ഒരാളില്‍ നിന്ന് ഈടാക്കുന്നത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങളൊന്നും ഇവിടെയില്ല.
വീട്ടിലെത്തിയ വിദ്യാര്‍ഥിനി നരേന്ദ്ര മോദി എന്ന ആപ്ലിക്കേഷനിലൂടെ പരാതി നല്‍കുകയായിരുന്നു. ഇക്കഴിഞ്ഞ പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് കാവ്യ വിജയിച്ചത്.
ബോവിക്കാനത്തെ ലോറി ഡ്രൈവറായ ഉണ്ണികൃഷ്ണന്, ജയശ്രീ ദമ്പതികളുടെ മകളാണ്. സഹോദരന്: രാഹുല്‍ ഉണ്ണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."