ആര്‍.എസ്.എസിനെ സഹായിക്കാനാണ് കോണ്‍ഗ്രസ് തെരുവിലിറങ്ങുന്നത്: യെച്ചൂരി
ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ആര്‍.എസ്.എസിനെ സഹായിക്കാനാണ് കോണ്‍ഗ്രസ് തെരുവിലിറങ്ങുന്നതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഡല്‍ഹിയില്‍ കേന്ദ്രകമ്മിറ്റി യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും സി.പി.എം സംസ്ഥാന ഘടകത്തിനും കേന്ദ്ര കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ബി.ജെ.പി പറയുന്നതാണ് ശരിയെങ്കില്‍ കോടതിവിധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എന്തുകൊണ്ട് നിയമനിര്‍മാണം നടത്തുന്നില്ലെന്ന് യെച്ചൂരി ചോദിച്ചു. റാഫേല്‍ യുദ്ധവിമാന ഇടപാടിലെ ആഴിമതി ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയോഗിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഇതിനായി 28ന് ഡല്‍ഹിയില്‍ അഭിഭാഷകരെയും സാമൂഹ്യ സാംസ്‌ക്കാരിക നേതാക്കളെയും പങ്കെടുപ്പിച്ച് പ്രചാരണ പ്രവര്‍ത്തനത്തിന് തുടക്കംകുറിക്കാനും തീരുമാനമായി.
ഈമാസം 28 മുതല്‍ 30 വരെ നടക്കുന്ന കിസാന്‍ ലോങ് മാര്‍ച്ചിന് പിന്തുണ നല്‍കും. നവംബര്‍ മൂന്നിന് തൊഴിലില്ലായ്മക്കെതിരേ യുവാക്കളുടെ പ്രതിഷേധം സംഘടിപ്പിക്കും. അടുത്തവര്‍ഷം ജനുവരി എട്ട്, ഒന്‍പത് തിയതികളില്‍ ട്രേഡ് യൂനിയനുകളുടെ സമരം നടക്കും. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികദിനമായ അടുത്തമാസം എട്ടിന് ഇടതു പാര്‍ട്ടികള്‍ സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യെച്ചൂരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."