സ്‌കോളര്‍ഷിപ്പ് അക്കൗണ്ടിന് മിനിമം ബാലന്‍സ് പതിനായിരം രൂപ; കോളജ് അധികൃതരെ വട്ടംകറക്കി എസ്.ബി.ഐ
നിലമ്പൂര്‍: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കോളര്‍ഷിപ്പ് തുക എത്തുന്ന അക്കൗണ്ടുകള്‍ സേവിങ്‌സില്‍നിന്ന് കറന്റ് അക്കൗണ്ടാക്കണമെന്നും മിനിമം ബാലന്‍സ് പതിനായിരം രൂപ നിര്‍ത്തണമെന്നുമുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയായി. എസ്.ബി.ടിയുമായുള്ള ലയനത്തെ തുടര്‍ന്നാണ് പുതിയ നടപടിക്ക് എസ്.ബി.ഐ തയാറായത്. നേരത്തെ സ്‌കോളര്‍ഷിപ്പിന് വേണ്ടി മാത്രം എസ്.ബി.ടി ശാഖകളില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയത്.
സ്‌കോളര്‍ഷിപ്പുകള്‍ കോളജ് അക്കൗണ്ടിലേക്കാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇത് പിന്നീട് വിദ്യാര്‍ഥികള്‍ക്ക് കോളജ് അധികൃതര്‍ വിതരണം ചെയ്യുകയായിരുന്നു പതിവ്. 2013 മുതല്‍ സ്‌കോളര്‍ഷിപ്പ് തുക അര്‍ഹരായ വിദ്യാര്‍ഥികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടാണ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍, അന്ധ, ബധിര, മറ്റു ശാരീരിക വൈകല്യമുള്ള വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പും ഫീസുകളും ഇപ്പോഴും കോളജുകളുടെ സ്‌കോളര്‍ഷിപ്പ് അക്കൗണ്ടിലേക്ക് തന്നെയാണ് എത്തുന്നത്. തുക പിന്‍വലിക്കാനെത്തുമ്പോഴാണ് മിനിമം ബാലന്‍സ് പതിനായിരം രൂപ നിലനിര്‍ത്തണമെന്ന് ബാങ്ക് അധികൃതര്‍ അറിയിക്കുന്നത്. അതേസമയം സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിനു മാത്രമുള്ള അക്കൗണ്ടായതിനാല്‍ കോളജ് അധികൃതര്‍ ഈ തുക നിക്ഷേപിക്കാനും തയാറല്ല. എസ്.ബി.ഐയുടെ പുതിയ നിലപാടിനെതിരേ സര്‍ക്കാരിന് നിവേദനം നല്‍കാനുള്ള ഒരുക്കത്തിലാണ് സ്ഥാപന മേധാവികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."