ബ്രൂവറി വിവാദം: രാജിയാവശ്യത്തില്‍ ഉറച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കള്ളത്തരങ്ങള്‍ പുറത്തുവരുമെന്ന് ഉറപ്പായതോടെയാണ് ബ്രൂവറി ലൈസന്‍സിനായുള്ള അനുമതി സര്‍ക്കാര്‍ റദ്ദാക്കിയതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കടലാസ് കമ്പനികളുടെ പേരില്‍ ബ്രൂവറികള്‍ ആരംഭിക്കാന്‍ നീക്കം നടത്തിയതിനു പിന്നിലുള്ള ബിനാമിയെ പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മോഷണ മുതല്‍ തിരിച്ചുകൊടുത്താല്‍ കളവ് കളവല്ലാതാകില്ല. ബ്രൂവറികളുടെ അനുമതി റദ്ദാക്കിയതുകൊണ്ടു മാത്രമായില്ല, അഴിമതി നടത്തിയ എല്ലാവരെയും പിടികൂടണം. പ്രളയത്തിന്റെ മറവിലാണ് ഈ അഴിമതി നടന്നത്. എക്‌സൈസ് മന്ത്രി രാജിവച്ചേ മതിയാകൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കഴിഞ്ഞ 22 ദിവസംകൊണ്ട് എക്‌സൈസ് വകുപ്പിനെ സര്‍ക്കാര്‍ കറവപ്പശുവായി മാറ്റി. ബ്രൂവറി ആരംഭിക്കുന്നതു സംബന്ധിച്ച് അഴിമതിയാരോപണം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും ആരോപണത്തെ നിസാരവല്‍ക്കരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ കൂടുതല്‍ രേഖകളുടെ സഹായത്തോടെ മാധ്യമങ്ങളും പൊതുസമൂഹവും വാര്‍ത്തകള്‍ പുറത്തുകൊണ്ടുവന്നതോടെ ബ്രൂവറി അനുമതി റദ്ദാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
19 വര്‍ഷത്തിനുള്ളില്‍ നടന്ന ഏറ്റവും വലിയ അഴിമതിയാണിത്. ഇഷ്ടക്കാരെ വിളിച്ചുവരുത്തി വെള്ളക്കടലാസില്‍ എഴുതിവാങ്ങി ലൈസന്‍സ് നല്‍കുകയാണ് ചെയ്തത്. വ്യക്തമായ അഴിമതിയും സ്വജനപക്ഷപാതവും നടന്നു. ഡിസ്റ്റിലറി അനുവദിക്കപ്പെട്ട ശ്രീചക്രയുടെ പിന്നില്‍ ആരാണെന്നു വ്യക്തമാക്കണം. ഇവര്‍ക്കു ഡിസ്റ്റിലറി അനുവദിക്കണമെന്ന് ആര്‍ക്കായിരുന്നു നിര്‍ബന്ധമെന്നു വ്യക്തമാക്കണം. സംസ്ഥാനത്തെ റെസ്റ്റോറന്റുകളിലും ബിയര്‍ പബ്ബുകള്‍ അനുവദിക്കാനുള്ള ഫയലും മന്ത്രിയുടെ ഓഫിസില്‍ ഉറങ്ങുന്നുണ്ട്. ഇതുസംബന്ധിച്ച് ബംഗളൂരുവില്‍ പോയി എക്‌സൈസ് കമ്മിഷണര്‍ തയാറാക്കിയ റിപ്പോര്‍ട്ട് എക്‌സൈസ് മന്ത്രി പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല 22 മാസത്തിനുള്ളില്‍ ഇടതു സര്‍ക്കാര്‍ 96 ബാറുകള്‍ തുറന്നെന്നും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."