HOME
DETAILS
MAL
പുകഞ്ഞകൊള്ളി പുറത്തുതന്നെ, ജേക്കബ് തോമസിനെ ഉടനെ തിരിച്ചെടുക്കില്ല, സര്‍ക്കാര്‍ സുപ്രിം കോടതിയിലേക്ക്
backup
July 30 2019 | 05:07 AM
കോഴിക്കോട്: ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്ന വിഷയത്തില്‍ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ് ഉടന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കില്ല. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. എന്തുനിലപാട് സ്വീകരിക്കണമെന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചേക്കുമെന്നുതന്നെയാണ് വ്യക്തമാകുന്നത്.
ട്രൈബ്യൂണല്‍ വിധിക്കുശേഷവും ജേക്കബ് തോമസ് സര്‍ക്കാരിനെതിരേ ശക്തമായ നിലപാടുകളും ആരോപണങ്ങളുമാണ് ഉന്നയിക്കുന്നത്.
സസ്‌പെന്‍ഷനിലുള്ള ജേക്കബ് തോമസിനെ അടിയന്തരമായി സര്‍വിസില്‍ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കാന്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച ശേഷമാവും തുടര്‍നടപടി. ഇതിനായി അഡ്വക്കേറ്റ് ജനറലിനെയും നിയമ സെക്രട്ടറിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വിധി പരിശോധിച്ചശേഷം അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാകും നടപടി. ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പെട്ടെന്ന് പുനര്‍നിയമനം നല്‍കേണ്ടെന്ന നിലപാടുതന്നെയാണ് സര്‍ക്കാരിനുള്ളത്.
32 വര്‍ഷം സര്‍വിസുള്ള തന്നെ സര്‍ക്കാര്‍ അടിച്ചുപുറത്താക്കുകയായിരുന്നുവെന്നും തനിക്കു പറയാനുള്ളതുപോലും കേള്‍ക്കാന്‍ നില്‍ക്കാതെ സാമാന്യനീതി നിഷേധിച്ചുവെന്നും സര്‍ക്കാര്‍ അന്യായം കാണിച്ചതുകൊണ്ടാണ് തനിക്ക് ന്യായംതേടി ട്രിബ്യൂണലിനെ സമീപിക്കേണ്ടിവന്നതെന്നുമടക്കം കടുത്ത വിമര്‍ശനങ്ങളാണ് അദ്ദേഹം ഉയര്‍ത്തുന്നത്. അഴിമതിക്കെതിരേയുള്ള ശബ്ദം കേരളത്തില്‍ നിലച്ചിട്ടില്ല എന്നു തെളിയിക്കുന്നതാണ് ട്രിബ്യൂണല്‍ ഉത്തരവ്. ഇത്തരത്തില്‍ സര്‍ക്കാരിനെതിരേയും മറ്റും നിലക്കാതെ ശബ്ദമുയര്‍ത്തുന്ന ഒരാളെ ഏതറ്റംവരേയും പോയി നിയമനവും നീതിയും വൈകിപ്പിക്കുക എന്നതുതന്നെയാണ് ഇതിലൂടെ സംസ്ഥാന സര്‍ക്കാരും ഉദ്ദേശിക്കുന്നത്.
അതുകൊണ്ടാണ് വീണ്ടും സുപ്രിം കോടതിയെ സമീപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.
മാത്രവുമല്ല, അദ്ദേഹത്തെ നിയമിക്കുകയാണെങ്കില്‍ സീനിയോറിറ്റി അനുസരിച്ച് സംസ്ഥാന പൊലിസ് മേധാവിയായി നിയമിക്കേണ്ടിവരും. ആര്‍.എസ്.എസിന്റെ കുഴലൂത്തുകാരനായി മാറിയ അദ്ദേഹത്തെപോലൊരാളെ ആ പദവിയില്‍ നിയമിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും തയാറാകില്ലെന്നും ഉറപ്പാണ്. ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നീതി നടപ്പാക്കുമെന്ന പ്രതീക്ഷ ഇപ്പോഴും തോമസ് ജേക്കബിനില്ലെന്നുതന്നെയാണ് കരുതുന്നത്. ഇനിയും നീതിനിഷേധം തുടര്‍ന്നാല്‍ നിയമനാധികാരിയും അപ്പീല്‍ അധികാരിയുമായ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടാകും നിര്‍ണായകമാകുക. എന്നും അദ്ദേഹം തന്നെ സൂചന നല്‍കുന്നുമുണ്ട്. എങ്കിലും നിയമനം പരമാവധി വൈകിപ്പിക്കാനും അതിനുള്ള പഴുതുകളും തന്നെയാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. അതിന്റെ ഭാഗമായാണ് സുപ്രിം കോടതിയെ സമീപ്പിക്കാനൊരുങ്ങുന്നതെന്നുമാണ് ലഭിക്കുന്ന വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."