വീട്ടമ്മയെ പീഡിപ്പിച്ചതായി പരാതി; സി.ഐ.ടി.യു നേതാവിനെ പുറത്താക്കി
ചേര്‍ത്തല: വിവാഹ വാഗ്ദാനംനല്‍കി സി.ഐ.ടി.യു നേതാവ് പീഡിപ്പിച്ചതായി ആരോപിച്ച് കണിച്ചുകുളങ്ങര സ്വദേശിയായ വീട്ടമ്മ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസില്‍ കുത്തിയിരുന്നതിനെ തുടര്‍ന്ന് നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. വഴിയോര കച്ചവട തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ചേര്‍ത്തല ഏരിയാ ഭാരവാഹി തന്നെ പീഡിപ്പിച്ചെന്നാരോപിച്ചാണ് വീട്ടമ്മ കരുവ എല്‍.സി ഓഫിസില്‍ കുത്തിയിരുന്നത്.
നേതാവുമായുള്ള ബന്ധത്തെ തുടര്‍ന്ന് വീട്ടമ്മയെ ഭര്‍ത്താവ് വീട്ടില്‍നിന്നു പുറത്താക്കിയതായും തുടര്‍ന്ന് നേതാവിനെ സമീപച്ചപ്പോള്‍ സംരക്ഷിക്കുവാന്‍ തയാറാവുന്നില്ലെന്നുമായിരുന്നു പരാതി. തുടര്‍ന്ന് ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ പ്രശ്നത്തില്‍ ഇടപെടുകയും ചര്‍ച്ച നടത്തുകയും ചെയ്തു. ഭാര്യയും മക്കളുമുള്ള നേതാവ് ഇവരെ തല്കാലം വാടകവീട്ടില്‍ താമസിപ്പിക്കാമെന്ന് ധാരണയായെന്നാണ് വിവരം.
സംഭവം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയത്. അതേസമയം താലൂക്കില്‍ പാര്‍ട്ടി നേതാക്കള്‍ക്ക് എതിരെയുള്ള പീഡന പരാതികള്‍ കൂടിയതോടെ കര്‍ശന നടപടികള്‍ക്ക് സി.പി.എം ഏരിയ നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. എക്സ്റേ ലോക്കല്‍ കമ്മിറ്റിയിലെ പുരുഷ-വനിതാ നേതാക്കള്‍ ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിനോദസഞ്ചാരകേന്ദ്രത്തില്‍ ചുറ്റിയതും ചേര്‍ത്തല ടൗണ്‍ ഈസ്റ്റ് കമ്മിറ്റികളിലെ പ്രവര്‍ത്തകര്‍ക്ക് എതിരെയുള്ള സമാന പരാതികളും പാര്‍ട്ടിക്ക് നാണക്കേടും തീരാകളങ്കവുമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."