സാക്കിര്‍ നായികിനെ ഇന്ത്യക്ക് ഉടനെ കിട്ടില്ല
ക്വാലാലംപൂര്‍: ഇസ്ലാമിക പ്രഭാഷകന്‍ ഡോ. സാക്കിര്‍ നായികിനെ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിക്കുന്നത് വൈകും. നായികിനെതിരേ റെഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ഇന്റര്‍പോള്‍ തള്ളി. ഇതേ ആവശ്യം ഇത് മൂന്നാംതവണയാണ് രാജ്യാന്തര കുറ്റാന്വേഷണ പൊലിസായ ഇന്റര്‍പോള്‍ തള്ളുന്നത്.
നിലവില്‍ മലേഷ്യയുടെ പൗരത്വം സ്വന്തമാക്കി അവിടെ കഴിയുകയാണ് സാക്കിര്‍ നായിക്. മലേഷ്യയില്‍നിന്ന് വിട്ടുകിട്ടണമെന്നും അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള ഏജന്‍സികള്‍ അപേക്ഷ നല്‍കിയത്. ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുകയാണെങ്കില്‍ അംഗരാജ്യങ്ങളെല്ലാം കുറ്റവാളികളെ കൈമാറണമെന്നാണു നിയമം. എന്നാല്‍ നായികിനെതിരേ ഇന്ത്യന്‍ ഏജന്‍സികള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ തെളിവില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ആവശ്യം ഇന്റര്‍പോള്‍ തള്ളിയത്.
അനധികൃത പണമിടപാട് നടത്തിയെന്നാരോപിച്ച് സാകിര്‍ നായികിനെതിരേ ഇ.ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. നായിക്ക് വിദേശത്തും സ്വദേശത്തുമായി 193 കോടിയുടെ അനധികൃത ഇടപാട് നടത്തിയെന്നാണ് ആരോപണം. നായികിന്റെ 50 കോടിവിലവരുന്ന സ്വത്തുക്കളും ഇ.ഡി കണ്ടുകെട്ടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."