പുളിക്കകടവ് - കൊരട്ടി റോഡ് പുനര്‍നിര്‍മാണത്തിന് തുടക്കം
അന്നമനട: പ്രളയാനന്തരം പാടെതകര്ന്ന് യാത്ര ദുഷ്കരമായ പുളിക്കകടവ് കൊരട്ടി പൊതുമരാമത്ത് റോഡിന്റെ പുനര്‍നിര്‍മാണത്തിന് തുടക്കമായി. കഴിഞ്ഞ ബജറ്റില്‍ അനുവദിച്ച മൂന്നുകോടി രൂപ ഉപയോഗിച്ചാണ് അഞ്ചുകിലോമീറ്ററോളം ദൂരത്തില്‍ റോഡ് പുനര്‍നിര്‍മിക്കുന്നത്.
ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിനായി കാനകളുടെ പുനര്‍നിര്‍മാണവും നടത്തുന്നുണ്ട്. കാനകളുടെ അശാസ്ത്രീയ നിര്‍മാണം കാരണം റോഡിലെ വെള്ളകെട്ട് രൂക്ഷമായത് റോഡിന്റെ തകര്‍ച്ചക്ക് കാരണമായിരുന്നു. ഈ പ്രശ്നത്തിന് ശാശ്വതപരിഹാരം കാണുന്നതിനായി പുളിക്കടവില്നിന്ന് 300 മീറ്റര്‍ ദൂരത്തില്‍ വാളൂര്വരെ ടൈല്‍ വിരിക്കുന്ന ജോലികളാണ് ഇപ്പോള്‍ തുടങ്ങിയിരിക്കുന്നത്.
അന്നമനടയില്‍നിന്ന് ചാലക്കുടിയിലേക്കുള്ള പ്രധാന റോഡാണിത്. ബസുകള്‍ ഉള്‍പ്പടെ ദിവസേന നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന കൊരട്ടി പുളിക്കകടവ് പൊതുമരാമത്ത് റോഡ് ഏറെക്കാലമായി തകര്‍ന്ന നിലയിലാണ്. ഇരുചക്ര വാഹനങ്ങളില്‍ ഉള്‍പ്പടെ യാത്രക്കാര്‍ ഒട്ടേറെ ദുരിതം സഹിച്ചാണ് ഇതുവഴി യാത്ര ചെയ്തിരുന്നത്. നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിയ്ക്കൊടുവിലാണ് കഴിഞ്ഞ ബജറ്റില്‍ കൊരട്ടി പുളിക്കകടവ് പൊതുമരാമത്ത് റോഡ് പുനര്‍നിര്‍മാണത്തിനായി ഫണ്ട് അനുവദിച്ചത്. റോഡ് പണി ആരംഭിച്ചതോടെ ഇത് വഴിയുള്ള വാഹനങ്ങള്‍ മാമ്പ്ര വഴി തിരിച്ചുവിട്ടിരിക്കുകയാണ്. കൊരട്ടി പള്ളി തിരുന്നാള്‍ പ്രമാണിച്ച് ദ്രുതഗതിയിലാണ് റോഡ് പണി പുരോഗമിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."