ജീവനക്കാര്‍ അവധിയില്‍; മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ അവതാളത്തില്‍
എടപ്പാള്‍: ആരോഗ്യ പ്രവര്‍ത്തകര്‍ അവധിയിലായതോടെ എടപ്പാള്‍ പഞ്ചായത്തിലെ മഴക്കാല പൂര്‍വ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായി.
എടപ്പാള്‍ സി.എച്ച്.സിക്ക് കീഴില്‍ അഞ്ച് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുള്ളതില്‍ മൂന്നുപേര്‍ അവധിയിലാണ്. അവശേഷിക്കുന്ന രണ്ടുപേരുടെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 19 വാര്‍ഡുകളിലേയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ഇതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമായി. മഴക്കാലത്തിന് മുന്നോടിയായി ഓരോ വാര്‍ഡിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതലയും ബോധവല്‍ക്കരണവുമെല്ലാം ഇവരുടെ നേതൃത്വത്തില്‍ നടത്തേണ്ട അവസ്ഥയാണ്. എല്ലാ വാര്‍ഡിലും യഥാസമയം എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ പ്രതിരോധ പ്രവര്‍ത്തനം അവതാളത്തിലായിരിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. മഴക്കാലരോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ സമയങ്ങളില്‍ അത്യാവശ്യ ഘട്ടത്തില്‍ മാത്രമാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഏതാനും ദിവസം അവധി നല്‍കാറുള്ളത്. എല്ലാവര്‍ക്കും ഒരുമിച്ച് അവധി നല്‍കാറുമില്ല. എന്നാല്‍ ഈ നിര്‍ദേശങ്ങളെല്ലാം ലംഘിച്ചുകൊണ്ടാണ് ജീവനക്കാര്‍ കൂട്ടത്തോടെ അവധിയില്‍ പ്രവേശിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണിവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."