ബലിതര്‍പ്പണത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
വര്‍ക്കല: ബലിതര്‍പ്പണത്തിനു പാപനാശത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ ചക്രതീര്ഥക്കുളത്തിന്റെ നവീകരണം പൂര്‍ത്തിയാകാത്തത് ബലിതര്പ്പണത്തിനെത്തുന്നവരെ നിരാശപ്പെടുത്തും.
കുളത്തിന്റെ നവീകരണം അവസാനഘട്ടത്തിലാണ്.ബലിതര്‍പ്പണം നടത്തിയ ശേഷം ചക്രതീര്‍ഥക്കുളത്തില്‍ കുളിച്ച് ജനാര്‍ദന സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തിയായിരുന്നു മുന്‍വര്‍ഷങ്ങളില്‍ ഭക്തര്‍ മടങ്ങിയിരുന്നത്. ഈ വര്‍ഷം തൊട്ടടുത്തുള്ള പാത്രക്കുളം അധികൃതര്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്. കുളത്തിന് സമീപത്ത് തകര്‍ന്നു കിടന്ന റോഡ് താല്‍ക്കാലികമായി പുനര്‍നിര്‍മിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. ബലിതര്‍പ്പണത്തിന് കാര്‍മിക ത്വം വഹിക്കുന്ന തന്ത്രികള്‍ക്ക് നഗരസഭ പ്രത്യേക പാസുകള്‍ വിതരണം ചെയ്തു. ദേവസ്വംബലി മണ്ഡപത്തിനു പുറമേ തീരത്തും നൂറുകണക്കിന് തന്ത്രിമാര്‍ കാര്‍മികത്വം വഹിക്കാനുണ്ടാകും. സുരക്ഷക്കായി ആയിരത്തോളം പൊലിസുകാരെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. ലൈഫ് ഗാര്‍ഡുകളുടെ സേവനവും ലഭ്യമാകും. വൈദ്യുതി,കുടിവെള്ള വിതരണം സുഗമമാക്കാനുള്ള നടപടികളും പൂര്‍ത്തിയായി. സന്നദ്ധ സംഘടനകള്‍ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ഇന്നു വൈകിട്ടു മുതല്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തും. നാളെ പുലര്‍ച്ചെ മൂന്നു മുതല്‍ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.
കോവളം: തിരുവല്ലം പരുശുരാമസ്വാമിക്ഷേത്രത്തില് ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഒരേ സമയം 3500 പേര്‍ക്ക് ബലിതര്‍പ്പണം നടത്തുന്നതിനു സൗകര്യമുണ്ടാകും.ഒമ്പത് ബലി മണ്ഡപങ്ങളും നാല് ഹോമകുണ്ഡങ്ങളും ഒരുക്കിയിട്ടുണ്ട്.
കാര്‍മികത്വം വഹിക്കുന്നതിനായി 30 പുരോഹിതന്മാരെയും 27 പരികര്‍മികളെയും 200 ക്ഷേത്രജീവനക്കാരെയും 400 ദിവസവേതനക്കാരെയും നിയോഗിച്ചിട്ടുണ്ട്. സുരക്ഷയുറപ്പാക്കാന്‍ ഫോര്‍ട്ട് അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ 800 പൊലിസുകാരെ വിന്യസിക്കും. കരമനയാറ്റില്‍ ബലിതര്‍പ്പണത്തിനു ശേഷം മുങ്ങിക്കുളിക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ക്ഷേത്രത്തില്‍ നിന്നും ഇവിടേക്ക് എത്തുന്നതിനായി രണ്ട് താല്‍ക്കാലിക പാലങ്ങളും സജ്ജമാക്കിയിട്ടുണ്ട്. നാളെ പുലര്‍ച്ചെ 2.30 മുതല്‍ ഉച്ചകഴിഞ്ഞ് 2.30 വരെയാണ് ബലിതര്‍പ്പണം നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."