സ്‌കൂള്‍ പരിസരത്തു നിന്ന് പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു
കൊട്ടിയം: മുഖത്തല കുന്നുപുറം ജങ്ഷനിലും പരിസരങ്ങളിലും കടകളില്‍ ചാത്തന്നൂര്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിനെ തുടര്‍ന്ന് നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തു. ഒരു കടയുടമയില്‍നിന്ന് പിഴയും ഈടാക്കി. വിദ്യാലയങ്ങള്‍ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കരുത് എന്ന നിയമം പാലിക്കാത്ത കടകളിലാണ് പരിശോധന നടത്തിയത്. എന്നാല്‍ വ്യാപാരികള്‍ എതിര്‍പ്പുമായി രംഗത്തെത്തി.
എക്‌സൈസ് കമ്മീഷണറുടെ പുതിയ ഉത്തരവ് പ്രകാരമാണ് റെയ്ഡ് നടത്തിയതെന്ന് ചാത്തന്നൂര്‍ റെയ്ഞ്ച് എസ്.ഐ സാബു ഫ്രാന്‍സിസ് അറിയിച്ചു. വിദ്യാലയചുറ്റളവില്‍ ഇതുപ്രകാരം ഒരു കിലോമീറ്റര്‍ പരിധിയില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ അനുവദനീയമല്ലെന്നും അദ്ദേഹം പറഞ്ഞു. മുഖത്തല കുന്നുംപുറത്തെ കടയുടെ പരിധിയില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മൂന്നുസ്‌കൂളുകളുണ്ടെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു. വിദ്യാലയ പരിസരത്തുനിന്ന് 100 മീറ്റര്‍ എന്ന കോടതിയുടെ പഴയ ഉത്തരവ് ചൂണ്ടിക്കാണിച്ചാണ് വ്യാപാരികള്‍ പരിശോധനയെ എതിര്‍ക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് തങ്ങള്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്. എക്‌സൈസ് ഉദ്യോഗസ്ഥര്‍ നിരന്തരമായി ചെറുകിട കച്ചവടക്കാര്‍ക്കെതിരെ ഇല്ലാത്ത കേസുകള്‍ ചമയ്ക്കുന്നതായും അവര്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് വ്യാപാരിവ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി നവാസ് പുത്തന്‍ വീട് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."