സ്‌കൂള്‍ ഓഫിസില്‍നിന്ന് അഞ്ചുലക്ഷം മോഷണം പോയി
അരിമ്പൂര്‍: എറവ് സെന്റ് തെരേസാസ് അക്കാദമി സ്‌കൂള്‍ ഓഫീസില്‍ സുക്ഷിച്ചിരുന്ന അഞ്ച് ലക്ഷത്തി ഇരുപത്തിയെണ്ണായിരം രൂപ മോഷണം പോയി. സ്‌കൂള്‍ ഫീസായും യൂണിഫോം ചാര്‍ജ് ആയും ലഭിച്ചതെന്ന് പറയുന്ന തുകയാണ് മോഷണം പോയത്. സ്‌കൂളിന്റെ ഓഫീസ് തകര്‍ത്താണ് മോഷണം നടത്തിയിട്ടുള്ളത്. ഓഫീസ് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്. അകത്ത് കടന്ന മോഷ്ടാവ് ഓഫീസ് മുറിയിലെയും അനുബന്ധ മുറികളിലെയും അലമാരകളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. മുറിയിലുണ്ടായിരുന്ന ലാപ്‌ടോപിന്റെ കവര്‍ കാണാനില്ല. മോഷ്ടിച്ച തുക ഈ കവറിലാക്കി കടന്നതാകാം. സ്ഥലത്തെത്തിയ പൊലിസ് നായ ഓഫീസ് വാതില്‍ മണം പിടിച്ച് വിദ്യാലയത്തിന്റെ അരികിലൂടെ ഓടി സ്‌കൂള്‍ മതില്‍ വരെ എത്തി മടങ്ങി. മോഷണം നടത്താനെത്തിയവര്‍ പ്രധാന ഗെയ്റ്റ് ഒഴിവാക്കി മതില്‍ ചാടി കടന്നാകാം അകത്ത് കടന്നതും തിരിച്ച് പോയതുമെന്ന സംശയവും ബലപെട്ടു. തൃശൂരില്‍ നിന്ന് ഫോറന്‍സിക്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി സൂക്ഷ്മ പരിശോധന നടത്തി. ചേര്‍പ്പ് സി.ഐ പി.കെ മനോജ് കുമാര്‍, അന്തിക്കാട് എസ്.ഐ സനീഷ് രവീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു. ലക്ഷ കണക്കിന് രൂപ ഏതാനും ദിവസം കൊണ്ട് ശേഖരിച്ച് ആ തുക ഓഫീസ് റൂമില്‍ സൂക്ഷിച്ചതില്‍ പരക്കെ ആക്ഷേപമുണ്ട്. ബാങ്കിംഗ് സൗകര്യങ്ങളം അനുബന്ധ സൗകര്യങ്ങളും സുലഭമായി ലഭ്യമാകുന്ന പ്രദേശത്താണ് വിദ്യാലയം പ്രവര്‍ത്തിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സ്‌കൂള്‍ കോമ്പൗണ്ടില്‍ താമസിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളായ ഒരു സംഘം ഇവിടെയുണ്ട്. ഇന്നും ഇവര്‍ എല്ലാവരും തൊഴിലിടത്തില്‍ പണി ചെയ്യുന്നതായി പൊലിസ് കണ്ടെത്തി. സ്‌കൂളിലെ ഡ്രൈവര്‍മാരുടെ വിശദവിവരങ്ങളും പൊലിസ് ശേഖരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."