HOME
DETAILS

അറിഞ്ഞുതന്നെയാണ് ഭരണകൂടം അഴിമതി വിഴുപ്പ് ചുമന്നത്

  
backup
October 09 2018 | 18:10 PM

%e0%b4%85%e0%b4%b1%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86%e0%b4%af%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%ad%e0%b4%b0%e0%b4%a3%e0%b4%95%e0%b5%82%e0%b4%9f

 

ഒടുവില്‍ സര്‍ക്കാരിനു ബ്രൂവറി-ഡിസ്റ്റിലറി അനുമതി പിന്‍വലിക്കേണ്ടിവന്നു. തീരുമാനം റദ്ദാക്കി മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയില്‍ പറയുന്ന 'നനയാതെ എന്തിന് ഈറന്‍ ചുമക്കണ'മെന്ന വാദം അത്ര നിഷ്‌കളങ്കമല്ല. ന നയുക, ഈറനണിയുക എന്നീ പദപ്രയോഗങ്ങളൊന്നും ഇത്തരമൊരു വമ്പന്‍ അഴിമതിക്കു ചാര്‍ത്തുന്നതു ശരിയല്ല. സര്‍ക്കാര്‍ അറിഞ്ഞുകൊണ്ട് അഴിമതിയുടെ വിഴുപ്പുഭാണ്ഡം ചുമക്കുകയായിരുന്നു.
അനുമതി റദ്ദായെങ്കിലും അനുമതി നല്‍കാനുണ്ടായ സാഹചര്യം പരിശോധിക്കപ്പെടേണ്ടതുണ്ട്. ഇതുസംബന്ധിച്ചു കേസ് ഫയല്‍ ചെയ്യാന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ പി. സദാശിവത്തിന്റെ അനുമതി തേടിയതോടെയാണു ഗവര്‍ണര്‍ നികുതി വകുപ്പിനോടു വിശദാംശം ആരാഞ്ഞത്. പിന്നാലെയാണ് അനുമതി റദ്ദാക്കിയ തീരുമാനം മുഖ്യമന്ത്രി പുറത്തുവിട്ടത്. ന നയാതെ ഈറന്‍ ചുമക്കുന്നതിലുള്ള വിഷമം കൊണ്ടായിരുന്നില്ല.
റാഫേല്‍ യുദ്ധവിമാന ഇടപാടിനു സ്വഭാവത്തില്‍ സമാനമാണു ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയും. മന്ത്രിസഭയോടോ പ്രതിരോധമന്ത്രിയോടോ അഭിപ്രായംപോലും ചോദിക്കാതെ സ്വന്തം ഇഷ്ടപ്രകാരമാണു പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സുമായി റാഫേല്‍ യുദ്ധവിമാന കരാറില്‍ ഒപ്പിട്ടത്. ഇതില്‍ വന്‍ അഴിമതിയാണു നടന്നിട്ടുള്ളത്.
ബ്രൂവറി-ഡിസ്റ്റിലറി പ്ലാന്റുകള്‍ക്കുള്ള അനുമതി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നല്‍കിയതും ഇതേ മാതൃകയിലാണ്. മന്ത്രിസഭയുടെ തീരുമാനമില്ലാതെയും ഘടകകക്ഷികളെ അറിയിക്കാതെയും നയവിരുദ്ധമായ തീരുമാനമെടുക്കുകയായിരുന്നു. അപകടകരവും സ്വന്തം സല്‍പ്പേരിനു കളങ്കം ചാര്‍ത്താനിടയുള്ളതുമായ ഇടപാടിന് അദ്ദേഹം സ്വയം നിന്നുകൊടുക്കുകയായിരുന്നെന്നാണു കരുതേണ്ടത്.
അതിലെ പ്രേരകശക്തിയെയാണു പുറത്തുകൊണ്ടുവരേണ്ടത്. അറിഞ്ഞുകൊണ്ടുതന്നെ എക്‌സൈസ് മന്ത്രി അഴിമതിയുടെ വിഴുപ്പുഭാണ്ഡം ചുമക്കുകയായിരുന്നു. അതിനാല്‍ അദ്ദേഹം നടപടി നേരിട്ടേ പറ്റൂ. അനുമതി റദ്ദാക്കിയതിനാല്‍ അഴിമതി കളങ്കം മാഞ്ഞുപോകുന്നില്ല. കൊക്കകോല കമ്പനി പാലക്കാട് ജില്ലയുടെ കുടിവെള്ളം മുട്ടിച്ച എലപ്പുള്ളിയില്‍ തന്നെ ഇത്തരമൊരു വെള്ളമൂറ്റല്‍ പദ്ധതി കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ മേല്‍ ഏതു ശക്തിയാണ് സമ്മര്‍ദം ചെലുത്തിയത്. പ്രദേശത്തെ സി.പി.എം ഘടകത്തെപോലും അറിയിക്കാതെ ഇങ്ങനെയൊരു പ്ലാന്റ് തുടങ്ങിയത് ആര്‍ക്കുവേണ്ടിയാണ്.
വിശദമായ പഠനത്തിനുശേഷമാണു ബ്രൂവറി-ഡിസ്റ്റിലറി അനുമതി നല്‍കിയതെന്ന എക്‌സൈസ് മന്ത്രിയുടെ വാദവും പൊളിഞ്ഞു. അനുമതി റദ്ദാക്കപ്പെട്ട ശേഷമാണ് സ്ഥലത്തെ ജലലഭ്യത, സ്ഥലലഭ്യത, പരിസ്ഥിതി അനുയോജ്യമാണോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ എക്‌സൈസ് വകുപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കേരളം ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭമായതിനാല്‍ വിവാദത്തിന് ഇടംനല്‍കാതിരിക്കാനാണ് അനുമതി പിന്‍വലിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ വാദം വിശ്വാസയോഗ്യമല്ല. പ്രളയം രൂക്ഷമായിക്കൊണ്ടിരുന്ന വേളയില്‍ തന്നെയാകണം ഫയല്‍ മുഖ്യമന്ത്രിയുടെ മുന്നിലെത്തിയിട്ടുണ്ടാവുക. കടലാസ് കമ്പനികളെക്കുറിച്ച് ഒരന്വേഷണം പോലും നടത്താതെ ലൈസന്‍സ് നല്‍കിയതില്‍ നിന്നു തന്നെ അഴിമതി വ്യക്തം.
മദ്യനിര്‍മാണശാലകള്‍ ഇനി വേണ്ടെന്നു നേരത്തെ എടുത്ത നയപരമായ തീരുമാനം മാറ്റണമെങ്കില്‍ മന്ത്രിസഭയുടെ അംഗീകാരം വേണം. ടി.പി രാമകൃഷ്ണന്‍ അതിനു കാത്ത്‌നിന്നില്ല. സി.പി.എം നേതൃത്വത്തെപ്പോലും അറിയിക്കാതെ അനുമതി നല്‍കിയ ടി.പി രാമകൃഷ്ണന്റെ ചങ്കൂറ്റത്തിനു പിന്നില്‍ ആരോ ഉണ്ട്. സര്‍ക്കാരിന് ഇതൊരു പാഠമായിരിക്കട്ടെയെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞത് അവര്‍ക്ക് ഇതേപറ്റി ഒരു വിവരവും ഇല്ലാത്തതിനാലാണ്.
മദ്യ നിരോധനമല്ല മദ്യ വര്‍ജനമാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നയമെന്നു പറഞ്ഞ് അധികാരത്തില്‍ വന്നവര്‍ തെരുവുകള്‍തോറും ബാറുകള്‍ തുറന്നുകൊടുക്കുന്നതാണു കേരളം കണ്ടത്. അതിനു പുറമെയാണു കമ്പനി രജിസ്‌ട്രേഷന്‍ പോലുമില്ലാത്ത വ്യാജക്കമ്പനികള്‍ക്ക് ഒറ്റയടിക്കു കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലാന്‍ ബ്രൂവറി-ഡിസ്റ്റിലറി പ്ലാന്റുകള്‍ക്ക് അനുമതി നല്‍കിയത്. ശതകോടികളുടെ ഇടപാടായ മദ്യ നിര്‍മാണത്തിന് അനുമതി നല്‍കണമെങ്കില്‍ അതിന് പിന്നില്‍ വമ്പിച്ച അഴിമതിയുണ്ടെന്ന കാര്യം സ്പഷ്ടമാണ്. അതിനാല്‍ അനുമതി റദ്ദാക്കിയെങ്കിലും അഴിമതിക്കറ സര്‍ക്കാരിന്മേല്‍ ഇപ്പോഴും പതിഞ്ഞുകിടപ്പാണ്. അതിന്റെ സത്യാവസ്ത പുറത്തുവരണം. എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രാജിവച്ച് അന്വേഷണത്തെ നേരിടുക തന്നെ വേണം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമലയില്‍ സ്‌പോട്ട് ബുക്കിങ് വേണം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

ആപ് ഒളിംപിക്‌സ് പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ; ജേതാക്കൾക്ക് 550,000 ദിർഹമിന്റെ സമ്മാനങ്ങളും 6 മാസത്തെ പരിശീലനവും

uae
  •  2 months ago
No Image

അബ്ദുറഹീംകേസ്, കോടതി സിറ്റിംഗ് ഒക്ടോബർ 21 ലേക്ക് മാറ്റി; നാളെ റിയാദിൽ സഹായസമിതി പൊതുയോഗം

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-14-10-2024

PSC/UPSC
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; നാളെ പുലര്‍ച്ച മുതല്‍ കേരളാ തീരത്ത് റെഡ് അലര്‍ട്ട്

Kerala
  •  2 months ago
No Image

ദുബൈ; നാല് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശനനിരക്ക് വർധിപ്പിച്ചു

uae
  •  2 months ago
No Image

സര്‍ക്കാര്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ പൂട്ടും; വിദ്യാഭ്യാസ മന്ത്രി 

Kerala
  •  2 months ago
No Image

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ വെട്ടിക്കുറച്ച് ഗള്‍ഫ് എയര്‍

bahrain
  •  2 months ago
No Image

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദേശം 

Kerala
  •  2 months ago
No Image

ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ

uae
  •  2 months ago