പടിഞ്ഞാറത്തറയില്‍ സായുധരായ നാലംഗ മാവോവാദികള്‍ എത്തി
പടിഞ്ഞാറത്തറ(വയനാട്): പടിഞ്ഞാറത്തറ ബപ്പനംമല അംബേദ്കര്‍ കോളനിയില്‍ സായുധരായ നാലംഗ മാവോവാദികള്‍ എത്തി. തിങ്കളാഴ്ച രാത്രി എട്ടോടെയാണ് വനത്തിനോട് ചേര്‍ന്നു കിടക്കുന്ന മുതിര അമ്മദ്, ബാലന്‍ എന്നിവരുടെ വീടുകളില്‍ മാവോവാദികളെത്തിയത്.
ആദ്യം മുതിര അമ്മദിന്റെ വീട്ടിലും തുടര്‍ന്ന് സംഘം ബാലന്റെ വീട്ടിലുമായി മണിക്കൂറുകളോളം ചെലവഴിച്ചതിന് ശേഷം കാട്ടിലേക്ക് മടങ്ങുകയായിരുന്നു. പട്ടാള യൂനിഫോം ധരിച്ച തോക്കുധാരികളായ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും അടങ്ങിയ മാവോയിസ്റ്റ് സംഘമാണ് കോളനിയില്‍ എത്തിയത്.
അമ്മദിന്റെ വീട്ടില്‍ മാത്രം ഇവര്‍ മൂന്ന് മണിക്കൂറോളം ചെലവഴിച്ചു. അമ്മദിന്റെ വീട്ടിലെത്തിയ ശേഷം ഒരാളെ പുറത്ത് നിര്‍ത്തി ബാക്കി മൂന്ന് പേര്‍ വീട്ടുകാരുമായി സംസാരിക്കുകയും ചെയ്തു.
വീട്ടുകാരോട് പ്രദേശത്തെ ചില കച്ചവടക്കാരെക്കുറിച്ച് അന്വേഷിക്കുകയും തൊട്ടടുത്ത കടയില്‍ നിന്നു പലചരക്ക് സാധനങ്ങള്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന അഞ്ച് കിലോയോളം അരിയും മറ്റ് സാധനങ്ങളും ഭക്ഷണവും ഇവര്‍ പൊതിഞ്ഞെടുത്തു കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് സംഘം ബാലന്റെ വീട്ടിലെത്തി. ഇവിടെ നിന്ന് ഒരു മണിക്കൂറോളം ടെലിവഷന്‍ കണ്ട ശേഷമാണ് അരി, പയര്‍, മുതിര, പഞ്ചസാര, ചായപ്പൊടി തുടങ്ങിയ സാധനങ്ങളുമെടുത്ത സംഘം മറഞ്ഞത്.
തങ്ങളെത്തിയ വിവരം രാത്രിയില്‍ പുറത്തറിയിക്കരുതെന്നും രാവിലെ അറിയിച്ചാല്‍ മതിയെന്നും സംഘം വീട്ടുകാരോട് പറഞ്ഞിരുന്നു. കൂടാതെ മാവോ അനുകൂല ലഘുലേഖകള്‍ ബാലന്റെ വീട്ടില്‍ നല്‍കുകയും ചെയ്തു.
പടിഞ്ഞാറത്തറ പൊലിസ് സ്‌റ്റേഷനിലെ ഫോണ്‍ തകരാറിലായതിനാല്‍ രാവിലെ സ്റ്റേഷനിലെ ഒരു പൊലിസുകരാന്റെ മൊബൈല്‍ ഫോണില്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലിസെത്തിയത്.
കല്‍പ്പറ്റ ഡിവൈ.എസ്.പി പ്രിന്‍സ് അബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വിവരങ്ങള്‍ ശേഖരിച്ച് പരിശോധന നടത്തി. ഈ പ്രദേശത്ത് കഴിഞ്ഞ ആഴ്ചയും മാവോയിസ്റ്റ് സംഘം എത്തിയിരുന്നു. കൂടാതെ മൂന്ന് ദിവസംമുമ്പ് പടിഞ്ഞാറത്തറ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ തരിയോട് കരിങ്കണ്ണി എസ്റ്റേറ്റിലും മാവോ സംഘമെത്തിയിരുന്നു. പൊലിസ് യു.എ.പി.എ പ്രകാരം കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."