പാലൂര്‍: വിടവാങ്ങിയത് ഗര്‍ജിക്കുന്നവരുടെ ലോകത്ത് സൗമ്യശീലം പുലര്‍ത്തിയ കവി
കോഴിക്കോട്: ഭാഷകൊണ്ടും ദര്‍ശന ദീപ്തി കൊണ്ടും മലയാളത്തിന് ഒളിമങ്ങാത്ത അനേകം കവിതകള്‍ സമ്മാനിച്ചാണ് കവി എം.എന്‍ പാലൂര്‍ വിടവാങ്ങിയത്. ആധുനിക കവികളില്‍ ശ്രദ്ധേയനായിരുന്ന അദ്ദേഹം വാക്കുകളിലും നോക്കിലും സൗമ്യത കാത്തുസൂക്ഷിച്ചു. ഗര്‍ജിക്കുന്നവരുടെ ലോകത്തു സൗമ്യശീലം പുലര്‍ത്തി. വേറിട്ടൊരു രചനാരീതി അവലംബിച്ചു.
സ്വാതന്ത്ര്യ സമരം കൊടുമ്പിരികൊണ്ട കാലമായിരുന്നുവെങ്കിലും മനയ്ക്കല്‍ അതിന്റെ യാതൊരു ലക്ഷണവും കണ്ടിരുന്നില്ല. അത്തരം കാര്യങ്ങളില്‍ ഇടപെടാനുള്ള സ്വാതന്ത്ര്യവുമുണ്ടായിരുന്നില്ല തറവാട്ടില്‍. വി.ടി ഭട്ടതിരിപ്പാടാണ് തന്നെപോലുള്ള നമ്പൂതിരിമാരെ ജീവിക്കാന്‍ പഠിപ്പിച്ചതെന്ന് പാലൂര്‍ നേരത്തെ പറഞ്ഞിരുന്നു. ഒന്‍പത് മക്കളായിരുന്നു അച്ഛനമ്മമാര്‍ക്ക്. കടുത്ത ദാരിദ്രം നിറഞ്ഞ ബാല്യകാലം. കഞ്ഞിക്കലത്തിന് ചുറ്റും കൂടിയിരിക്കുന്ന മക്കള്‍ക്ക് കണ്ണീരു കോരി കൊടുക്കേണ്ട ഗതികേടിലായിരുന്നു അമ്മയെന്നും കവി അനുസ്മരിച്ചിട്ടുണ്ട്.
എന്‍.വി കൃഷ്ണവാരിയറാണ് പാലൂരിലെ കവിയെ കണ്ടെടുത്തത്. എഴുത്തുവഴിയിലെ ഗുരുവായതും അദ്ദേഹം തന്നെ. പാലൂര്‍ കവിതകളില്‍ ഏറ്റവും ശ്രദ്ധേയമായത് ഉഷസാണ്. പുതു തലമുറയോട് ജീവിതം എന്തെന്നറിഞ്ഞ ഒരു മനുഷ്യന്‍ നല്‍കുന്ന സന്ദേശമാണ് ഉഷസ്. ഭാഷയുടെയും ജീവിതത്തിന്റെയും വിചാരങ്ങളുടേയും ചൈതന്യം ആവാഹിച്ചു അദ്ദേഹം ഓരോ കവിതയിലും. ഔപചാരിക വിദ്യാഭ്യാസം നേടാനായില്ലെങ്കിലും കെ.പി നാരായണ പിഷാരടിയുടെ കീഴില്‍ സംസ്‌കൃതം പഠിക്കുകയും കലാമണ്ഡലത്തില്‍ പട്ടിക്കാംതൊടി രാവുണ്ണി മേനോനില്‍നിന്ന് കഥകളി അഭ്യസിക്കുകയും ചെയ്ത ഈ കവി തനിക്ക് പഠിക്കാനാവാത്തതിന്റെ നഷ്ടം നികത്തിയത് ഭാര്യയെ എം.എവരെ പഠിപ്പിച്ചായിരുന്നു. കലികാലം, തീര്‍ഥയാത്ര, സംഗമ സംഗീതം, കവിത ഭംഗിയും അഭംഗിയും, പച്ചമാങ്ങ, സര്‍ഗധാര എന്നിവയാണ് മറ്റ് പ്രധാന കൃതികള്‍. 2009ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും 2004ല്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്‌കാരവും പാലൂരിനെ തേടിയെത്തി.
ആകര്‍ഷകമായ നര്‍മബോധത്തിന്റെ മിന്നല്‍ ചിരി ഇദ്ദേഹത്തിന്റെ ചില കവിതകളില്‍ കാണാനാകുമെന്ന് പ്രൊഫ. എം. ലീലാവതി അഭിപ്രായപ്പെട്ടിട്ടുണ്ട്. കഥയില്ലാത്തവനാണെന്ന് സ്വയം വിശേഷിപ്പിച്ച് സംഭവബഹുലമായ കഥയുള്ളവനാണ് താനെന്നു തെളിയിച്ച കവിയായിരുന്നു അദ്ദേഹമെന്ന് കവി പി.കെ ഗോപി അനുസ്മരിച്ചു. അതിനു തെളിവായിരുന്നു അദ്ദേഹത്തിന്റെ കവിതകളെന്നും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."