പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ അനുമതി നിര്‍ബന്ധം
കല്‍പ്പറ്റ: സംസ്ഥാനത്ത് പൊതുയിടങ്ങളില്‍ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ അനുമതി വാങ്ങണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം. അനുമതിയില്ലാതെ സ്ഥാപിച്ച മുഴുവന്‍ ബോര്‍ഡുകളും 15ന് മുന്‍പായി നീക്കം ചെയ്ത് 30ന് മുന്‍പായി പഞ്ചായത്ത് ഡയരക്ടര്‍ മുഖേന സര്‍ക്കാരില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്കുള്‍പ്പടെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
പാതയോരങ്ങളില്‍ കാല്‍നടയാത്രക്കും വാഹന ഗതാഗതത്തിനും തടസവുമാകുന്ന തരത്തില്‍ സ്ഥാപിച്ച വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ മാര്‍ച്ച് ഏഴിന് തദ്ദേശസ്വയം ഭരണ വകുപ്പ് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പാകാത്തതിനെ തുടര്‍ന്ന് ഭരണിക്കാവ് പഞ്ചായത്തിലെ ദേവാലയ അധികൃതര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ഉത്തരവിട്ടത്. ഈ ഉത്തരവ് പ്രകാരമാണ് തദ്ദേശ വകുപ്പ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
റോഡുകളിലെ വളവുകളിലും പാലങ്ങളിലും വാഹനമോടിക്കുന്നവര്‍ക്ക് കാഴ്ച നഷ്ടപ്പെടുത്തുന്ന വിധത്തിലും മറ്റും സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ തല്‍സ്ഥാനത്ത് നിന്നും മാറ്റുകയും സ്ഥാപിച്ചവര്‍ക്കെതിരേ നടപടിയെടുക്കുകയും വേണം. ഫ്‌ളക്‌സുകള്‍, ബാനറുകള്‍, കൂറ്റന്‍ പരസ്യ ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കുന്നതിന് മുന്‍പായി അതാത് തദ്ദേശ സ്ഥാപനങ്ങളില്‍ പരസ്യ മാതൃക ഹാജരാക്കി അനുമതി വാങ്ങിക്കണം. അനുമതിയോടെ സ്ഥാപിക്കുന്ന ബോര്‍ഡുകള്‍ കാലാവധി കഴിഞ്ഞിട്ടും മാറ്റിയില്ലെങ്കില്‍ സെക്രട്ടറിമാര്‍ മുന്‍കൈയെടുത്ത് മാറ്റുകയും സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കേണ്ടതുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."