കൊച്ചി മെട്രോ ഒന്നാംഘട്ടം പൂര്‍ണതയിലേക്ക്; തൈക്കൂടം വരെ പരീക്ഷണ ഓട്ടം നടത്തി
സ്വന്തം ലേഖിക
കൊച്ചി: മെട്രോയുടെ ആദ്യഘട്ടം പൂര്‍ണതയിലേക്ക്. മഹാരാജാസ് സ്റ്റേഷനില്‍നിന്ന് സൗത്ത്, കടവന്ത്ര, എളംകുളം, വൈറ്റില സ്റ്റേഷനുകള്‍ താണ്ടി തൈക്കൂടത്തേക്ക് മെട്രോ ഓടി എത്തി. മണിക്കൂറില്‍ അഞ്ചു കി.മീ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. 900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണല്‍ ചാക്കുകള്‍ ട്രെയിനില്‍ നിറച്ചായിരുന്നു യാത്ര.
ഇന്നലെ രാവിലെ 6.55ന് മാഹാരാജാസ് സ്റ്റേഷനില്‍നിന്ന് യാത്ര തുടങ്ങിയ പരീക്ഷണ ട്രെയിന്‍ 8.21ന് തൈക്കൂടം സ്റ്റേഷനിലെത്തി. 8.45ന് മടക്ക യാത്ര തുടങ്ങി.മാഹാരാജാസില്‍ 9.25ന് ആദ്യപരീക്ഷണ ഓട്ടം അവസാനിച്ചു.
ഇതോടെ കൊച്ചിമെട്രോയുടെ ആദ്യഘട്ടത്തിലെ ആലുവ മുതല്‍ തൈക്കൂടം വരെയുള്ള 23.75 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള യാത്ര യാഥാര്‍ഥ്യമായി.
ആദ്യഘട്ടത്തില്‍ നീട്ടിനല്‍കിയ തൈക്കൂടത്തുനിന്നു എസ്.എന്‍ ജങ്ഷന്‍വരെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
ഇന്നലെ 5.75 കി.മീ ദൂരമുള്ള പാതയില്‍ പുതിയ ട്രെയിനുകള്‍ ഉപയോഗിച്ചാണ് പരീക്ഷ ഓട്ടം നടത്തിയത്. എളംകുളം സ്റ്റേഷനില്‍ നിന്നായിരുന്നു രണ്ടാമത്തെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം. രാവിലെ 11.46ന് ഓട്ടം തുടങ്ങി ഉച്ചക്ക് 12.40ന് തൈക്കൂടത്തെത്തി.
1.30ന് മഹാരാജാസ് സ്റ്റേഷനിലാണ് മടക്ക ട്രെയിന്‍ ട്രയല്‍ റണ്‍ അവസാനിപ്പിച്ചത്. ഓണത്തോടെ പുതിയ പാതയിലൂടെ യാത്രക്കാരെയും വഹിച്ചുകൊണ്ട് മെട്രോ യാത്ര ആരംഭിക്കും.
ജൂലൈയില്‍ പുതിയ പാതയിലൂടെ സര്‍വിസ് നടത്താനായിരുന്നു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് തീരുമാനിച്ചിരുന്നതെങ്കിലും കനത്തമഴയെ തുടര്‍ന്ന് അവസാനഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയായിരുന്നു.
ഇതേതുടര്‍ന്ന് പരീക്ഷണ ഓട്ടവും വൈകി. കഴിഞ്ഞ 20നാണ് മെട്രോ പുതിയ പാതയിലൂടെയുള്ള പരീക്ഷണ ഓട്ടം തുടങ്ങിയത്. റെയില്‍വേ പാതയുടെ മുകളിലൂടെ പോകുന്ന കാന്‍ഡി ലിവര്‍ പാലം വരെയുള്ള 1.3 കിലോമീറ്ററിലായിരുന്നു ആദ്യ പരീക്ഷണ ഓട്ടം. കര്‍വ് രൂപത്തില്‍ ഇന്ത്യയില്‍ ആദ്യമായി നിര്‍മിച്ച പാലം കൂടിയാണിത്.
മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായാലുടന്‍ ജവഹര്‍ലാല്‍നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് വരെയുള്ള രണ്ടാംഘട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമാകുമെന്നാണ് സൂചന.
കൊച്ചി മെട്രോയുടെ അനുബന്ധ സര്‍വിസായ വാട്ടര്‍മെട്രോയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."