സുല്‍ത്താന്‍ ബത്തേരി നഗരത്തെയും ഇനി കാമറകള്‍ നിരീക്ഷിക്കും
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരി ടൗണിന്റെ സുരക്ഷ മുന്‍നിര്‍ത്തി നഗരസഭ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുമെന്ന് ചെയര്മാന് ടി.എല്‍ സാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നഗരസഭ പരിധിയിലെ ദൊട്ടപ്പന്‍കുളം മുതല്‍ കെ.എസ്.ആര്.ടി.സി ഗ്യാരേജ് വരെയും ചീരാല്‍ റോഡില്‍ പുതിയ ബസ് സ്റ്റന്‍ഡ് വരെയും ചുള്ളിയോട് റോഡില്‍ ഗ്യാസ് പമ്പ് വരെയും വണ്‍വേ റോഡ് കവര്‍ ചെയ്യുന്ന വിധത്തിലുമാണ് കാമറകള്‍ സ്ഥാപിക്കുന്നത്.
21 സ്ഥലങ്ങളിലായി 57 അത്യാധുനിക വയര്‍ലെസ് നിരീക്ഷണ കാമറകളാണ് സ്ഥാപിക്കുന്നത്. കാമറകള്‍ സ്ഥാപിക്കുന്ന സ്ഥലം നഗരസഭയും പൊലിസും ചേര്‍ന്ന് പരിശോധന നടത്തി. നിരീക്ഷണ കാമറകളുടെ കണ്ട്രോള് റൂം സുല്‍ത്താന്‍ ബത്തേരി പൊലിസ് സ്റ്റേഷനിലും മോണിട്ടറിങ് സംവിധാനം നഗരസഭ ഓഫിസിലുമാണ് ക്രമീകരിച്ചിട്ടുള്ളത്.
കാമറകള്‍ വരുന്നതോടുകൂടി ടൗണിലെ ട്രാഫിക് പ്രശ്നങ്ങള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഒരു പരിധിവരെ പരിഹാരമുണ്ടാക്കാന്‍ കഴിയും. രണ്ടാം ഘട്ടത്തില്‍ നഗരത്തില്‍ സൗജന്യ വൈഫൈ സംവിധാനവും ഒരുക്കും.
നഗരസഭയുടെ അനുമതിയോടെ സുല്‍ത്താന്‍ ബത്തേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വി.ബി.എസ്.ടെക് മീഡിയ എന്ന കമ്പനിയാണ് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നത്.
ഇതുസംബന്ധിച്ച് കരാര്‍ നഗരസഭ സെക്രട്ടറി അലി അസ്ഹറും കമ്പനി പ്രതിനിധി ഷിംജിത്ത് ദാമുവും ചേര്‍ന്ന് ഒപ്പുവെച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷ ഷാജി, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളായ എല്‍.സി പൗലോസ്, പി.കെ സുമതി, വത്സ ജോസ്, നഗരസഭ സെക്രട്ടറി അലി അസ്ഹര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."