മില്‍മാ-കാട്ടുങ്കല്‍ റോഡ് നിര്‍മാണത്തില്‍ അഴിമതി?
അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് 12-ാം വാര്‍ഡ് മില്‍മാ-കാട്ടുങ്കല്‍ റോഡ് കോണ്‍ക്രീറ്റില്‍ അഴിമതിയെന്ന് ആരോപണം. അഴിമതി ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകനെ കരാറുകാരന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
3.5 ലക്ഷം രൂപയ്ക്കാണ് കരാറുകാരന് ഇ-ടെന്ററിലൂടെ പഞ്ചായത്തില്‍നിന്നു കരാര്‍ ഏറ്റെടുത്തത്. എന്നാല്‍ 150 മീറ്ററോളം നീളവും നാലടി മുതല്‍ ആറടി വരെയുള്ള ഇരുവശങ്ങളിലും മതിലിനു മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന റോഡ് കുത്തിപ്പൊളിച്ചു നേരത്തെ ഇട്ടിരുന്ന മെറ്റല്‍ പുറത്തെടുത്ത് മൂന്നു വണ്ടി ക്വാറി വേസ്റ്റ് പാകി കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു.
എന്നാല്‍ കേവലം 5,400 രൂപ വിലയുള്ള ക്വാറി വേസ്റ്റിട്ട് നികത്തിയ റോഡിന്റെ നിര്‍മാണത്തിന് ഒരു ലക്ഷം രൂപ മാത്രം മതിയാകുമെന്നാണു നാട്ടുക്കാര് പറയുന്നത്. ഇതു ചോദിക്കാനെത്തിയ മാധ്യമ പ്രവര്‍ത്തകനെയാണ് ഓവര്‍സിയറും കരാറുകാരനും ചേര്‍ന്നു ഭീഷണിപ്പെടുത്തിയത്.
കാലവര്‍ഷത്തില്‍ റോഡിന്റെ അശാസ്ത്രീയ നിര്‍മാണത്തെ തുടര്‍ന്നു പ്രദേശത്തെ വീടുകള്‍ വെള്ളക്കെട്ടിലായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ നീക്കിവച്ച പണമാണ് പഞ്ചായത്ത് ഇ-ടെന്‍ഡറിലൂടെ കരാറുകാരനു നല്‍കിയത്.
റോഡ് പണിയില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ചു പ്രദേശവാസികള്‍ പഞ്ചായത്ത് സെക്രട്ടറിക്കും വിജിലന്‍സിനും പരാതി നല്കാന് ഒരുങ്ങുകയാണ്.
ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചു മാധ്യമപ്രവര്‍ത്തകനും ശബ്ദരേഖ സഹിതം പരാതി നല്‍കുമെന്ന് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."