വിമാനത്താവളം: വന്‍കിട കമ്പനികളെ ആകര്‍ഷിക്കാന്‍ കോവര്‍ക്‌സ്
വിതുല്‍ കൃഷ്ണന്‍
കണ്ണൂര്‍: സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് കണ്ണൂരില്‍ ശക്തമായ അടിത്തറയും മേഖലയില്‍ വിപ്ലവകരമായ മാറ്റവും കൊണ്ടുവന്ന കണ്ണൂരിലെ ടെക്‌നോലോഡ്ജ് പുതിയ സംരംഭവുമായി മുന്നോട്ട്. കണ്ണൂരിലേക്ക് വന്‍കിട കമ്പനികളെ ആകര്‍ഷിക്കാനായി അന്താരാഷ്ട്ര നിലവാരത്തില്‍ ചുരുങ്ങിയ ചെലവില്‍ വര്‍ക്ക് സ്‌പേസും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നല്‍കിയാണ് ടെക്‌നോലോഡ്ജിന്റെ പുതിയ സംരംഭമായ കെ.ടി.എല്‍ കോവര്‍ക്‌സ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ബിസിനസ് സാധ്യതകളും നിക്ഷേപസൗഹൃദ അന്തരീക്ഷവും രാജ്യാന്തര കമ്പനികള്‍ക്ക് പരിചയപ്പെടുത്തുകയും ടെക്‌നോലോഡ്ജിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് കമ്പനികളുടെ പിന്തുണയും സഹായവും ഉറപ്പുവരുത്തുകയുമാണ് കോവര്‍ക്‌സിലൂടെ ലക്ഷ്യമിടുന്നത്. നേരത്തെ എയര്‍പോര്‍ട്ട് പോലുള്ള യാത്രാസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ കണ്ണൂരിലേക്ക് വരാന്‍ മടിച്ചിരുന്ന അന്താരാഷ്ട്ര കമ്പനികള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വരുന്നതോടെ ജില്ലയിലെ ബിസിനസ് സാധ്യതകള്‍ പഠിക്കാന്‍ ആരംഭിച്ചതാണ് ടെക്‌നോലോഡ്ജ് ടീമിനെ പുതിയ സംരംഭത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്.
പൂര്‍ണമായും ഫര്‍ണിഷ് ചെയ്ത ഓഫിസ്, തടസമില്ലാത്ത വൈദ്യുതി, ഹൈസ്പീഡ് ഇന്റര്‍നെറ്റ്, സെന്‍ട്രലൈസ്ഡ് എ.സി സംവിധാനം, ഡിസ്‌കഷന്‍ ഏരിയ, കഫ്റ്റീരിയ, ടേബിള്‍ ടെന്നിസ് അടക്കമുള്ള പ്ലേ ഏരിയ തുടങ്ങിയവയാണ് കണ്ണൂരിലെത്തുന്ന വന്‍കിട കമ്പനികള്‍ക്ക് കെ.ടി.എല്‍ കോവര്‍ക്‌സ് ലഭ്യമാക്കുന്ന സൗകര്യങ്ങള്‍. ഇതിനായി കെ.ടി.എല്‍ ഈടാക്കുന്നത് നിശ്ചിതവാടക മാത്രമാണ്. കണ്ണൂര്‍ ടെക്‌നോലോഡ്ജ് എന്നതിന്റെ ചുരുക്കപ്പേരാണ് കെ.ടി.എല്‍. ബംഗളൂരുവിലും മറ്റു ഇതരസംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളിലും ബിസിനസ് മീറ്റുകള്‍ നടത്തിയ കെ.ടി.എല്‍ കോവര്‍ക്‌സ് കണ്ണൂരിലേക്ക് ആദ്യം ക്ഷണിച്ചത് ബൈജൂസ് ലേണിങ് ആപ്പിനെയായിരുന്നു. ഈ ഓഫര്‍ കമ്പനി സ്വീകരിച്ചതോടെ സെപ്റ്റംബര്‍ മുതല്‍ ബെജൂസ് ആപ്പിന്റെ 52 പേര്‍ക്ക് വര്‍ക്ക് ചെയ്യാവുന്ന ഓഫിസ് താണ റോയല്‍ ഓക്കില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. കൂടാതെ കണ്ണൂരില്‍ സ്റ്റാര്‍ട്ട് അപ്പായി തുടങ്ങി പിന്നീട് ഷെയര്‍ മാര്‍ക്കറ്റ് മേഖലയില്‍ സുപ്രധാന സാന്നിധ്യമായിമാറിയ കാപ്‌സ് ഗെയിന്‍ എന്ന കമ്പനിയും ഇവിടെ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ഇനിയും നിരവധി വന്‍കിട കമ്പനികള്‍ കെ.ടി.എല്ലിന്റെ ഓഫിസ് സ്‌പേസ് സൗകര്യം ഉപയോഗിക്കാനായി സാധ്യതകള്‍ ആരായുന്നുണ്ടെന്നും ഇതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കെ.ടി.എല്‍ കോവര്‍ക്ക്‌സിന്റെ സംരംഭകരായ ദീപക് നമ്പ്യാര്‍, നിതിന്‍ മാധവന്‍ എന്നിവര്‍ സുപ്രഭാതത്തോടു പറഞ്ഞു. മൂന്നു വര്‍ഷം മുന്‍പാണ് ഇരുവരും ചേര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ ടെക്‌നോലോഡ്ജ് കണ്ണൂര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ ആരംഭിച്ചത്. ടെക്‌നോലോഡ്ജിലെ ചെറുകിട സ്റ്റാര്‍ട്ട് അപ്പ് കമ്പനികള്‍ക്ക് കെ.ടി.എല്‍ കോവര്‍ക്ക്‌സിലെ ബൈജൂസ് ലേണിങ് ആപ്പ് പോലുള്ള വന്‍കിട കമ്പനികള്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കുന്നുണ്ടെന്നും കോവര്‍ക്‌സ് ആരംഭിച്ചതിന്റെ പ്രധാന ഉദ്ദേശവും ഈ പരസ്പര സഹകരണം തന്നെയാണെന്നും ദീപകും നിതിനും വ്യക്തമാക്കി. താല്‍പര്യപ്പെട്ട് മുന്നോട്ടുവരുന്ന കമ്പനികളുടെ ആവശ്യത്തിനനുസരിച്ചും ഇവിടെ ഓഫിസ് സ്‌പേസ് ക്രമീകരിച്ചു നല്‍കും. നിലവില്‍ ഏഴുപേര്‍ക്ക് ജോലി ചെയ്യാവുന്ന ഏഴ് കാബിനറ്റുകള്‍ ഇവിടെ നിര്‍മാണം പൂര്‍ത്തിയായികഴിഞ്ഞു. ഇതേരീതിയില്‍ നാലു കാബിനറ്റുകളുടെ നിര്‍മാണം കൂടി ഇവിടെ പുരോഗമിക്കുകയാണ്.
കാര്‍ഗോ കോംപ്ലക്‌സ് ഒരുവര്‍ഷത്തിനകം
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്‌സ് ഒരുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്ന് കിയാല്‍ എം.ഡി വി. തുളസീദാസ്. വിമാനക്കമ്പനി പ്രതിനിധകളുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഗോ കോംപ്ലക്‌സ് നിര്‍മാണത്തിന് കരാര്‍ നല്‍കിക്കഴിഞ്ഞു. താല്‍ക്കാലിക കാര്‍ഗോ സംവിധാനത്തിന് എയര്‍ ഇന്ത്യയുടെ കാര്‍ഗോ ഹാന്‍ഡ്‌ലിങ് ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇതിനായി സ്ഥലവും കണ്ടെത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ അഞ്ചു നക്ഷത്ര, നാലു നക്ഷത്ര ഹോട്ടലുകള്‍ ആരംഭിക്കാന്‍ സംരംഭകര്‍ക്കു കിയാല്‍ സ്ഥലം അനുവദിക്കും. ഒന്നില്‍ കൂടുതല്‍ ബജറ്റ് ഹോട്ടലുകളും നിര്‍മിക്കും. വിമാനത്താവളവുമായി ബന്ധപ്പെട്ട് മട്ടന്നൂരിലും സമീപ നഗരങ്ങളായ കണ്ണൂര്‍, തലശ്ശേരി, ഇരിട്ടി എന്നിവിടങ്ങളിലും ആവശ്യമായ ഹോട്ടലുകള്‍ വേണ്ടി വരും.
യാത്രക്കാര്‍ക്ക് ബാഗേജ് സ്വയം ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിങ് പാസ് നല്‍കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇതിനായി ഫ്രഞ്ച് കമ്പനിയായ വാന്‍ഡര്‍ ലാന്‍ഡുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. രാജ്യത്തെ വിമാനത്താവളത്തില്‍ ആദ്യമായാണ് ഇത്തരം സംവിധാനം. വിമാനത്താവളത്തില്‍ വിമാനക്കമ്പനികളുടെ സര്‍വിസ് ഒരുക്കുന്ന ഏജന്‍സിയായ സിത പ്രതിനിധകളുമായും കിയാല്‍ അധികൃതര്‍ ചര്‍ച്ച നടത്തി.
വിമാനത്താവളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് ഇന്ന് തിരുവനന്തപുരത്ത് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രനുമായി കിയാല്‍ അധികൃതര്‍ ചര്‍ച്ച നടത്തും. ഇതിന് താല്‍പര്യമുണ്ടെങ്കിലും വിമാനത്താവളങ്ങളില്‍ ഉപയോഗിക്കുന്ന പല വാഹനങ്ങളും ഇലക്ട്രിക് സംവിധാനത്തിലേക്കു മാറിയിട്ടില്ല. എന്നാല്‍ ചെറിയ വാഹനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും തുളസീദാസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."