കസ്റ്റഡി മരണം ഒഴിവാക്കാന്‍ പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത പരിശീലനം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ആവര്‍ത്തിച്ചുള്ള കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തില്‍ ആളുകളുമായി ഇടപഴകുന്നതിന് പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കാന്‍ തീരുമാനം. ഇതിനായി പൊലിസിന്റെ പരിശീലന പാഠ്യ പദ്ധതി പരിഷ്‌കരിക്കും.
കസ്റ്റഡിയില്‍ എടുക്കുന്നവരെ ഉപദ്രവിക്കാതെ, തന്ത്രപരമായി കൈകാര്യം ചെയ്യാന്‍ പൊലിസ് ഉദ്യോഗസ്ഥരെ സജ്ജമാക്കുകയാണ് ലക്ഷ്യം. പ്രതികള്‍, ഇരകള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, മയക്കുമരുന്നിന് അടിമകള്‍, ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെടുന്നവര്‍ തുടങ്ങി വിവിധ തരത്തിലുള്ള ആളുകളുമായി ഇടപെടുമ്പോള്‍ ഏത് രീതിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും പരിശീലനം നല്‍കും. 'സബ്ജക്റ്റ് കണ്‍ട്രോള്‍ ടാക്റ്റിക്‌സ് ' എന്ന പാഠ്യ പദ്ധതി കണ്ണൂര്‍ ഡി.ഐ.ജി കെ. സേതുരാമനാണ് തയാറാക്കിയിരിക്കുന്നത്. ഈ പാഠ്യ പദ്ധതി പരിശോധിച്ച് നടപ്പിലാക്കുന്നതിനായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എ.ഡി.ജി.പി (പരിശീലനം) ബി.സന്ധ്യയുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചു.
അതിനിടെ പൊലിസിന്റെയും പ്രോസിക്യൂഷന്റെയും ഏകോപനമില്ലായ്മ അടക്കമുള്ള വീഴ്ചകള്‍ കാരണം കൊടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവര്‍ പോലും ശിക്ഷിക്കപ്പെടാതെ പോകുകയാണെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ.
മേല്‍നോട്ടം ശക്തമാക്കിയും വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയും അന്വേഷണം നേരെയാക്കാന്‍ ജില്ലാ പൊലിസ് മേധാവികളോട് ഡി.ജി.പി നിര്‍ദേശിച്ചു. മലമ്പുഴ പൊലിസ് 2008ല്‍ രജിസ്റ്റര്‍ ചെയ്ത കൊലപാതക കേസുമായി ബന്ധപ്പെട്ടുണ്ടായ ഹൈക്കോടതി വിധിയില്‍ പറയുന്ന കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബെഹ്‌റ ജില്ലാ പൊലിസ് മേധാവികള്‍ക്ക് കത്തയച്ചത്.
കേസ് അന്വേഷണത്തിലും തുടര്‍ നടപടികളിലുമുള്ള ഗൗരവകരമായ പാളിച്ചകള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് ഡി.ജി.പി പറയുന്നു. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചശേഷവും അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്ന് തുടര്‍ നടപടികളുണ്ടാകുന്നുവെന്ന് ജില്ലാ പൊലിസ് മേധാവിമാര്‍ ഉറപ്പാക്കണം. എല്ലാ പ്രധാന കേസുകളിലും വിചാരണ സമയത്ത് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ നിരീക്ഷണം നടത്താനും പൊലിസ് മേധാവി നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."