മുഖ്യമന്ത്രിമാര്‍ക്കെതിരേ വിമത നീക്കം ശക്തം രാജസ്ഥാനിലും ഉത്തരാഖണ്ഡിലും
ന്യൂഡല്‍ഹി: ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡിലും രാജസ്ഥാനിലും മുഖ്യമന്ത്രിമാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മന്ത്രിസഭയിലും പാര്‍ട്ടിക്കുള്ളിലും രൂക്ഷമായ പ്രതിസന്ധിക്ക് ഇടയാക്കുന്നു.
കോണ്‍ഗ്രസിനെ വീഴ്ത്തി അധികാരത്തിലേറിയ ഉത്തരാഖണ്ഡില്‍ മുഖ്യമന്ത്രിയും ടൂറിസം മന്ത്രിയും തമ്മിലുള്ള തര്‍ക്കം ഹെലികോപ്റ്ററിനെ ചൊല്ലിയാണെങ്കില്‍ രാജസ്ഥാനില്‍ മുഖ്യമന്ത്രിക്കെതിരേ അഴിമതി ആരോപണവുമായാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവും എം.എല്‍.എയുമായ ഘനശ്യാം തിവാരി രംഗത്തെത്തിയത്.
ഉത്തരാഖണ്ഡില്‍ ടൂറിസം മന്ത്രി സത്പാല്‍ മഹാരാജയുടെ യാത്രക്കായി വ്യോമയാന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം അനുവദിച്ച ഹെലികോപ്റ്റര്‍ താന്‍ ആവശ്യപ്പെടുന്ന സ്ഥലത്ത് ഇറക്കാന്‍ പൈലറ്റ് തയാറാകാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പൈലറ്റിനെതിരേ നടപടി ആവശ്യപ്പെട്ട് നല്‍കിയ കത്ത് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് നിരസിച്ചതോടെ മന്ത്രി പാര്‍ട്ടിക്കും മന്ത്രിസഭക്കും ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.
വിവിധ പരിപാടികള്‍ക്ക് പോകാനായി മന്ത്രി കയറിയ ഹെലികോപ്റ്റര്‍ അദ്ദേഹം പറഞ്ഞ സ്ഥലത്തിറങ്ങാന്‍ പൈലറ്റ് രണ്ടുതവണ വിസമ്മതിച്ചതോടെയാണ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങിന് പരാതി നല്‍കിയത്. എന്നാല്‍ സാങ്കേതിക കാര്യങ്ങള്‍ മുന്നോട്ടുവച്ചാണ് മന്ത്രി പറയുന്ന സ്ഥലത്ത് ഹെലികോപ്റ്റര്‍ ഇറക്കാത്തതെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, അടുത്ത കാലത്ത് നടന്ന ഹെലികോപ്റ്റര്‍ അപകടങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തു.
തന്റെ ആവശ്യം വ്യോമയാന മന്ത്രാലയം അവഗണിക്കുകയും തന്നെ പരിഹസിക്കുകയും ചെയ്തതായി ടൂറിസം മന്ത്രി സത്പാല്‍ ആരോപിച്ചു. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളോട് കാണിക്കുന്ന നിലപാടല്ല മുഖ്യമന്ത്രി തന്നോട് കാണിക്കുന്നതെന്ന ആരോപണവും സത്പാല്‍ മഹാരാജ് ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തിയവരോട് പ്രത്യേക താല്‍പര്യം പ്രകടിപ്പിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്നും ടൂറിസം മന്ത്രി ആരോപിച്ചു.
സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെട്ട നേതാവായിരുന്നു സത്പാല്‍ മഹാരാജ്. എന്നാല്‍ അദ്ദേഹത്തെ തഴഞ്ഞ് ത്രിവേന്ദ്രയെ തിരഞ്ഞെടുത്തതോടെ ഇടഞ്ഞ സത്പാല്‍ സംസ്ഥാന സര്‍ക്കാരിനും ബി.ജെ.പി നേതൃത്വത്തിനും കടുത്ത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്.
രാജസ്ഥാനിലാകട്ടെ മുഖ്യമന്ത്രി വസുന്ധരെ രാജെക്കു മുന്‍പില്‍ കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ച് ശക്തമായ വെല്ലുവിളിയാണ് മുതിര്‍ന്ന നേതാവും എം.എല്‍.എയുമായ ഘനശ്യാം തിവാരി ഉയര്‍ത്തുന്നത്. മുഖ്യമന്ത്രിക്കെതിരേ തന്റെ അനുഭാവികളെ സംഘടിപ്പിച്ച് രണ്ട് അസംബ്ലി മണ്ഡലങ്ങളില്‍ ക്രാന്തി സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ തിവാരി തീരുമാനിച്ചിട്ടുണ്ട്. ഈ സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ അഴിമതിയാണ് ഉയര്‍ത്തിക്കാണിക്കുകയെന്നാണ് എം.എല്‍.എയുടെ അനുയായികള്‍ പറയുന്നത്. ഈ വര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ സംസ്ഥാന വ്യാപകമായി സമ്മേളനങ്ങള്‍ വിളിച്ചു ചേര്‍ക്കും. അഴിമതിയില്ലാതാക്കാനും രാജസ്ഥാന്റെ മഹത്വം തിരിച്ചുകൊണ്ടുവരാനുമാണ് ക്രാന്തി സമ്മേളനം നടത്തുന്നതെന്ന് തിവാരി പറഞ്ഞു.
അതേസമയം എം.എല്‍.എ ഉയര്‍ത്തുന്ന വെല്ലുവിളിക്കെതിരേ ബി.ജെ.പി ദേശീയ അച്ചടക്ക സമിതി അദ്ദേഹത്തിന് നോട്ടിസ് നല്‍കിയിരുന്നെങ്കിലും മുട്ടുമടക്കില്ലെന്ന നിലപാടുമായി മുന്നോട്ടു നീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."