ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകളും നാളെ മുതല്‍ ചെയിന്‍ സര്‍വിസുകളാകും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ സൂപ്പര്‍ ഫാസ്റ്റ് ബസുകള്‍ ചെയിന്‍ സര്വിസുകളാക്കിയതിനു പിന്നാലെ ഫാസ്റ്റ് പാസഞ്ചര്‍ ബസുകളും ചെയിന്‍ സര്‍വിസുകളാക്കുന്നു.
നാളെ മുതല്‍ ഈ സംവിധാനം നിലവില്‍വരും. രാവിലെ അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെയുള്ള സമയത്ത് 10 മിനിട്ട് ഇടവേളകളില്‍ ഓരോ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തിരുവനന്തപുരം- കൊല്ലം, കൊല്ലം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, തിരുവനന്തപുരം- കൊട്ടാരക്കര, കൊട്ടാരക്കര- കോട്ടയം റൂട്ടില്‍ ഇരുഭാഗത്തേക്കും സര്‍വിസ് നടത്തുന്നതാണ് പരിഷ്കരണം. കൂടാതെ തിരുവനന്തപുരം- കായംകുളം, കായംകുളം- എറണാകുളം, തിരുവനന്തപുരം- കോട്ടയം റൂട്ടുകളില്‍ ഓരോ അര മണിക്കൂറില്‍ ഒരു ബസ് എന്ന രീതിയില്‍ രണ്ടുഭാഗത്തേക്കും ഫാസ്റ്റ് പാസഞ്ചര്‍ സര്‍വിസുകള്‍ രാവിലെ ആറുമുതല്‍ വൈകിട്ട് ഏഴുവരെ ചെയിന്‍ സര്‍വിസായും ഉണ്ടാകും.
തിരക്ക് കൂടുതലുള്ള സമയങ്ങളില്‍ അഞ്ച് മിനിട്ട് ഇടവേളകളില്‍ ഓരോ ഫാസ്റ്റ് പാസഞ്ചര്‍ ബസ് തിരുവനന്തപുരം- കൊല്ലം, കൊല്ലം- ആലപ്പുഴ, ആലപ്പുഴ- എറണാകുളം, തിരുവനന്തപുരം- കൊട്ടാരക്കര, കൊട്ടാരക്കര- കോട്ടയം റൂട്ടുകളില്‍ ഇരുഭാഗത്തേക്കും ലഭ്യമാകും വിധവും ക്രമീകരണം നടത്തിയിട്ടുണ്ട്. നിലവിലുള്ള ബൈറൂട്ട് സര്‍വിസുകള്‍ക്ക് യാതൊരു മാറ്റവും ഉണ്ടാകില്ല.
നിലവില്‍ 15 മിനിട്ട് ഇടവേളകളില്‍ ക്രമീകരിച്ചിരിക്കുന്ന സൂപ്പര്‍ഫാസ്റ്റ് സര്‍വിസുകള്‍ക്കൊപ്പം എന്‍.എച്ച്, എം.സി റോഡുകളിലൂടെയുള്ള ഫാസ്റ്റ് പാസഞ്ചര്‍ ചെയിന്‍ സര്‍വിസുകളും ഇത്തരത്തില്‍ ക്രമീകരിക്കുന്നതോടെ ബസ് സ്റ്റേഷനുകളിലെ തിരക്ക് കുറയ്ക്കാനാകുമെന്നാണ് കെ.എസ്.ആര്.ടി.സി പ്രതീക്ഷിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ എന്‍.എച്ചില് തിരുവനന്തപുരം മുതല്‍ എറണാകുളം വരെയും എം.സി റോഡില്‍ തിരുവനന്തപുരം മുതല്‍ കോട്ടയം വരെയുമാണ് ഫാസ്റ്റ് പാസഞ്ചര്‍ ചെയിന്‍ സര്‍വിസുകള്‍ നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."