സുന്നി പള്ളികളിലെ കാര്യം കോടിയേരി തീരുമാനിക്കേണ്ടെന്ന് ചെന്നിത്തല
കൊച്ചി: സുന്നിപള്ളികളില്‍ സ്ത്രീകളെ കയറ്റണമോ വേണ്ടയോ എന്നകാര്യം തിരുമാനിക്കേണ്ടത് കോടിയേരിയോ താനോ അല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി ബെഹനാന് എറണാകുളം ടൗണ്‍ഹാളില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചെന്നിത്തല. പള്ളികളിലെ പ്രവേശനത്തെ കുറിച്ച് തീരുമാനമെടുക്കുന്നതിന് ഉത്തരവാദിത്വപ്പെട്ടവരുണ്ട്. വിശ്വാസികളുടെ കാര്യത്തില്‍ ഇടപെടാന്‍ മറ്റുള്ളവര്‍ക്ക് അധികാരമില്ല. അന്ധവിശ്വാസത്തെയാണ് എതിര്‍ക്കേണ്ടത്. വിശ്വാസവും അന്ധവിശ്വാസവും രണ്ടാണ്. എല്ലാ മതങ്ങള്‍ക്കും അവരവരുടേതായ ആചാരങ്ങളും വിശ്വാസങ്ങളുമുണ്ട്. വിശ്വാസികള്‍ക്കൊപ്പമാണ് യു.ഡി.എഫ്. വിശ്വാസം സംരക്ഷിക്കുന്നതിനായി ഏതറ്റംവരെയും പോകും. എന്നാല്‍ കലാപത്തിന് ഒരിക്കലും യു.ഡി.എഫ് തയാറാകില്ലെന്നും ചെന്നിത്തല പറഞ്ഞു.
മദ്യ നിര്‍മാണശാലയുടെ കാര്യത്തില്‍ സംസ്ഥാനത്തെ അഞ്ച് മുഖ്യമന്ത്രിമാര്‍ ചെയ്യാന്‍ മടിച്ച കാര്യമാണ് പ്രളയ ദുരന്തത്തിന്റെ മറവില്‍ പിണറായി വിജയന്‍ ചെയ്തതെന്ന് ചെന്നിത്തല പറഞ്ഞു. വിവാദത്തിലായ നാല് കമ്പനികള്‍ക്ക് വീണ്ടും അനുമതി കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കമെങ്കില്‍ കേരളം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നല്‍കുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. എറണാകുളം ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് അധ്യക്ഷനായി.
പ്രൊഫ.കെ.വി തോമസ് എം.പി, എം.എല്‍.എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, നേതാക്കളായ ടി.എച്ച് മുസ്തഫ, കെ. ബാബു, അജയ് തറയില്‍, എന്‍. വേണുഗോപാല്‍, ജോസഫ് വാഴക്കന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."